പഞ്ചാബി ഗായകന്‍ സിദ്ധു മൂസെ വാലെയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ഗോള്‍ഡി ബ്രാര്‍ പിടിയിൽ. കാലിഫോര്‍ണിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ലോറന്‍സ് ബിഷ്നോയി സംഘത്തിലെ അംഗമായ ഗോള്‍ഡി ബ്രാറിനെ നവംബര്‍ 20 ന് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇന്ത്യൻ സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. 2017 മുതൽ കാനഡ കേന്ദ്രീകരിച്ച് കഴിഞ്ഞ ഗോള്‍ഡി ബ്രാര്‍ അടുത്ത കാലത്താണ് യുഎസിലേക്ക് മാറിയത്.
ഗോള്‍ ബ്രാര്‍ കാലിഫോര്‍ണിയയിലെ ഫ്രെസ്നോ നഗരത്തിൽ താമസിച്ച് വരികയായിരുന്നുവെന്നും സാക്രമെന്‍റോ, ഫ്രിസോ, സാള്‍ട്ട്ലേക്ക് എന്നീ നഗരങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഗോള്‍ഡി ബ്രാറിനെ അറസ്റ്റ് ചെയ്യാത്തതിൽ മൂസെവാലയുടെ പിതാവ് ബൽക്കൗർ സിങ് നേരത്തെ തന്നെ പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തിയിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 2 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന് അത്രയും വലിയ തുക നല്‍കാനാവില്ലെങ്കില്‍ താന്‍ നല്‍കാമെന്നും അദ്ദേഹം അറിയിച്ചു. പിന്നാലെയാണ് ഗോള്‍ഡി ബ്രാര്‍ കസ്റ്റഡിയിലാകുന്നത്.
പഞ്ചാബിലെ ശ്രീ മുക്ത്സർ സാഹിബ് സ്വദേശിയായ ഗോൾഡി ബ്രാർ 2017ൽ സ്റ്റുഡന്റ് വിസയിലാണ് കാനഡയിലേക്ക് പോയത്. ദേരാ സച്ചാ സൗദ അനുയായിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സൂത്രധാരൻ കൂടിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
സിദ്ധുവും രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ ജവഹര്‍കെ ഗ്രാമത്തിലേക്ക് ജീപ്പില്‍ പോകുമ്പോഴാണ് അക്രമിസംഘം വെടിയുതിര്‍ത്തത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതമായി രക്തം വാര്‍ന്നത് മൂലം മരണം സംഭവിക്കുകയായിരുന്നു. മൂസെവാലെയുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുണ്ടാകുടിപ്പകയാണ് സിദ്ധു മൂസെവാലയുടെ കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നേരത്തെ അറിയിച്ചിരുന്നത്.
കോടിക്കണക്കിന് ആരാധകരുള്ള പഞ്ചാബി സംഗീതജ്ഞനായിരുന്നു സിദ്ധു മൂസെവാല. അദ്ദേഹത്തിന്റെ വിഐപി സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടടുത്ത ദിവസമാണ് സിദ്ധു കൊല്ലപ്പെട്ടത്. 29 വയസ് മാത്രമുണ്ടായിരുന്ന സിദ്ധു ചുരുങ്ങിയ കാലംകൊണ്ട് തന്നെ സംഗീതത്തിലും,അഭിനയത്തിലും രാഷ്ട്രീയത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.