ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഓരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ഉത്തര്‍പ്രദേശില്‍ ഒന്നിലധികം കുറ്റവാളികള്‍ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെടുന്നെന്നാണ് പുതിയ കണക്കുകള്‍. 2017 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പ്രകാരം യുപിയില്‍ 186 ഏറ്റുമുട്ടല്‍ കൊലകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതായത് ഒരോ 15 ദിവസം കൂടുമ്പോഴും ഒരു ഏറ്റുമുട്ടല്‍ സംസ്ഥാനത്ത് നടക്കുന്നു.
കഴിഞ്ഞ ആറ് വര്‍ഷത്തില്‍ പോലീസ് ഏറ്റുമുട്ടലില്‍ പരുക്കേറ്റവരുടെ (പ്രത്യേകിച്ച് കാലില്‍) എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 5046 പേര്‍ക്കാണ് പോലീസ് നടപടിക്കിടെ പരുക്കേറ്റത്. ഈ കണക്ക് പരിശോധിച്ചാല്‍ ഓരോ 15 ദിവസത്തിലും 30ലധികം കുറ്റവാളികള്‍ക്ക് വെടികൊണ്ട് പരിക്കേല്‍ക്കുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 186 പേരില്‍ 96 കുറ്റവാളികളും കൊലകേസ് പ്രതികളാണ്. പീഡനം കൂട്ടബലാത്സംഗം പോക്‌സോ എന്നീ കുറ്റകൃത്യങ്ങളാണ് മറ്റുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇക്കാലയളവില്‍ യുപിയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് വന്നിരിക്കുന്നതെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. മോഷണ കേസുകളില്‍ 82 ശതമാനം ഇടിവും കൊലപാതക കുറ്റകൃത്യങ്ങളില്‍ 37 ശതമാനം കുറഞ്ഞതായും അധികൃതര്‍ അവകാശപ്പെടുന്നു.
ഏറ്റുമുട്ടല്‍ മരണങ്ങളില്‍ ഭൂരിഭാഗവും ഒരു ഘട്ടത്തിലും ചോദ്യം ചെയ്യപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 161 കേസുകള്‍ വളരെ നിസാരമായി ക്ലോസ് ചെയ്യപ്പെട്ടുവെന്നും രേഖകള്‍ വ്യക്തമാക്കുന്നതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഏറ്റുമുട്ടല്‍ കേസുകളില്‍ വിശാലമായ നടപടിക്രമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും ശരിയായി പാലിക്കപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. ഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ പങ്കാളികളായ പോലീസ് ഉദ്യോസ്ഥരുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തണം. എന്നാല്‍ 161 കേസുകളില്‍ 25 കേസുകളും ഇപ്പോഴും മൊഴി രേഖപ്പെടുത്താതെ കെട്ടിക്കിടക്കുന്നു. കൂടാതെ പോലീസ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍ ഒരു ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതാണ് ഓരോ ഏറ്റുമുട്ടലിനുശേഷമുള്ള മറ്റൊരു നടപടിക്രമം. 186 ഏറ്റുമുട്ടലുകളില്‍ 156 എണ്ണത്തിലാണ് പോലീസ് ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ 141 ക്ലോഷര്‍ റിപ്പോര്‍ട്ടുകള്‍ കോടതി സ്വീകരിച്ചു. 15 എണ്ണം ഇപ്പോഴും കെട്ടിക്കിടക്കുന്നു. ബാക്കിവരുന്ന 30 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പോലീസ് ഏറ്റുമുട്ടല്‍ കേസുകളില്‍ മൂന്നിലൊന്നും അതായത് 65 കേസുകളും മീററ്റ് സോണിന് കീഴിലുള്ള ജില്ലകളിലാണ് നടന്നതെന്നാണ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നത്. വാരണാസി ആഗ്ര മേഖലകളില്‍ യഥാക്രമം 20,14 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2017 മാര്‍ച്ചിനും 2023 ഏപ്രിലിനും ഇടയില്‍ ഏറ്റുമുട്ടലില്‍ 5046 കുറ്റവാളികളുടെ കാലുകളില്‍ വെടിയേറ്റെന്നാണ് ഓപ്പറേഷന്‍ ലാങ്ഡയുടെ (അക്രമികളുടെ കാലില്‍ വെടിവച്ചു വീഴ്ത്തുക) രേഖകള്‍ വ്യക്തമാക്കുന്നത്. ഈ കണക്കിലും മീററ്റ് സോണ്‍ ഒന്നാമതാണ്. 1752 കേസുകളാണ് മീററ്റില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
ഇതേ കാലയളവില്‍ 13പോലീസുകാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. വിവിധ ഏറ്റുമുട്ടലുകളിലായി 1443 പോലീസുകാര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട 13 പോലീസുകാരില്‍ ഒരാളും പരുക്കേറ്റ 405 ഉം മീററ്റിലാണ്. യോഗി അധികാരത്തിലേറിയ ആദ്യ വര്‍ഷം 2017 മാര്‍ച്ച് 31 നായിരുന്നു പോലീസ് വെടിവയ്പ്പില്‍ ആദ്യത്തെ കുറ്റവാളി കൊല്ലപ്പെടുന്നത്.