സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച ശിരോമണി അകാലി ദള്‍ എംപി സിമ്രന്‍ജിത് സിങ് മന്നിന് എതിരെ വ്യാപക പ്രതിഷേധം. സംഗ്രൂര്‍ എംപിയുടെ പരാമര്‍ശത്തിന് എതിരെ പ്രതിഷേധവുമായി പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെയും അകാലി ദളിന്റെയും നേതാക്കള്‍ രംഗത്തെത്തി.
സിഖുകാരെ അപമാനിക്കുന്ന പരാമര്‍ശമെന്ന് അകാലിദള്‍ തലവന്‍
സിമ്രന്‍ജിത് സിങ് മന്നിന്റെ പ്രസ്താവന ലോകമെമ്പാടുമുള്ള സിഖുകാരുടെ പ്രതിച്ഛായ ഇടിച്ച് താഴ്ത്തുന്നതാണെന്ന് അകാലിദള്‍ തലവനും എംപിയുമായ സുഖ്ബീര്‍ സിങ് ബാദല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പരാമര്‍ശത്തിന് എതിരെ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഗുര്‍മീത് സിങ് ഹെയറും രംഗത്തെത്തി. എംപി പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ പഞ്ചാബ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പഞ്ചാബ് സര്‍ക്കാര്‍ ഭഗത് സിങിന് രക്തസാക്ഷി പദവി നല്‍കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
സിമ്രന്‍ജിത് സിങ് മന്നിന്‍റെ പരാമർശം ഇങ്ങനെ: “സര്‍ദാര്‍ ഭഗത് സിങ് ഒരു യുവ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയിട്ടുണ്ട്. സിഖ് കോണ്‍സ്റ്റബിളായ ചന്നന്‍ സിംഗിനെ കൊലപ്പെടുത്തി. ദേശീയ അസംബ്ലിയിലേക്ക് ബോംബെറിഞ്ഞു. ഇനി പറയൂ ഭഗത് സിങ് തീവ്രവാദിയാണോ അല്ലയോ."
'പരിഹാസ്യമായ പരാമര്‍ശം എന്നായിരുന്നു അകാലി ദള്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ വിഷയത്തില്‍ നടത്തിയ പ്രതികരണം. ഭഗത് സിങിനെ തീവ്രവാദി എന്ന് വിളിച്ചതിലൂടെ, സിമ്രന്‍ജിത് സിങ് മന്‍ നമ്മുടെ ദേശീയ നായകന്റെ ജീവത്യാഗത്തെ അനാദരിച്ചിരിക്കുന്നു എന്നും അവർ കുറ്റപ്പെടുത്തി.
മൂന്നാഴ്ച മുമ്പായിരുന്നു സംഗ്രൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് സിമ്രന്‍ജിത് സിംഗ് എംപിയായത്. ശിരോമണി അകാലി ദളിന്റെ മുതിര്‍ന്ന നേതാവായ അദ്ദേഹം നിരന്തരം വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന വ്യക്തിയാണ്. തെരഞ്ഞെടുപ്പ് വിജയത്തെ ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍ വാലയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. കശ്മീരിലെ സൈന്യത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും മന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെ വ്യാഴാഴ്ച ഹരിയാനയിലെ കര്‍ണാലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ഭഗത് സിങിനെ പരാമര്‍ശിച്ചുള്ള വിവാദം. ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭഗത് സിങിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''സര്‍ദാര്‍ ഭഗത് സിങ് ഒരു യുവ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയിട്ടുണ്ട്. സിഖ് കോണ്‍സ്റ്റബിളായ ചന്നന്‍ സിംഗിനെ കൊലപ്പെടുത്തി. ദേശീയ അസംബ്ലിയിലേക്ക് ബോംബെറിഞ്ഞു. ഇനി പറയൂ ഭഗത് സിങ് തീവ്രവാദിയാണോ അല്ലയോ'. എന്നായിരുന്നു പരാമര്‍ശം.