സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് എതിരായ ആദായനികുതി വകുപ്പിന്റെ നടപടിയെ വിമര്‍ശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് സിപിഎം. തിരഞ്ഞെടുപ്പ് കാലത്ത് ആദായ നികുതി വകുപ്പ് തൃശൂരില്‍ നടത്തുന്ന നീക്കത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ചാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടല്‍. നോട്ടീസ് അയച്ച സംഭവത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ യെച്ചൂരി ചൂണ്ടിക്കാട്ടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തിൽ ഒരു കേന്ദ്ര ഏജൻസിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരത്തിലൊരു നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് അസാധാരണമായ സംഭവമാണെന്നും, പാർട്ടിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള എല്ലാ അക്കൗണ്ടുകളുടെയും വിവരങ്ങൾ കമ്മീഷന് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ടെന്നും യെച്ചൂരി കത്തിൽ പറയുന്നു.
റിട്ടേൺ സമർപ്പിച്ചതിനു ശേഷം വിവരങ്ങൾ ആദായനികുതി വകുപ്പും, തിരഞ്ഞെടുപ്പ് കമ്മിഷനും അവരുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണെന്നും. കഴിഞ്ഞ ഒരുവർഷമായി യാതൊരു ക്രമക്കേടുകളും ആരോപിക്കപ്പെടാത്ത കണക്കുകളിന്മേലാണ് ഇപ്പോൾ ആരോപണമുയരുന്നതെന്നും യെച്ചൂരി കത്തിൽ പറയുന്നു. കൃത്യമായി നികുതിനിയമങ്ങൾ പാലിക്കുന്നതിന് നേരത്തെ ആദായനികുതി വകുപ്പ് സിപിഎമ്മിനെ പ്രശംസിച്ചിട്ടുണ്ടെന്നും, ജനങ്ങൾക്കിടയിൽ തങ്ങളുടെ വിശ്വാസ്യതയും അഭിമാനവും നിലനിർത്തുന്നതിനായി പാർട്ടി അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങൾ പാർട്ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും കത്തിൽ പറയുന്നു.
പൊതു തിരഞ്ഞെടുപ്പടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്, സിപിഎം നേതൃത്വം നൽകുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരുമായി കേന്ദ്ര സർക്കാരിനുള്ള രാഷ്ട്രീയ പ്രശ്നങ്ങളാണ് ഈ സംഭവത്തിലേക്ക് നയിച്ചത്, എന്നിങ്ങനെയാണ് കത്തിലെ വിമർശനങ്ങൾ. സമാനമായ മറ്റൊരു സംഭവത്തിൽ ഇനി ഒരു രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് ചെയ്യില്ല എന്ന ഉറപ്പ് സുപ്രീംകോടതിയിൽ നൽകിയതിന് ശേഷമാണ് ഈ നടപടിയിലേക്ക് ആദായനികുതി വകുപ്പ് നീങ്ങിയതെന്ന് കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തെ പരാമർശിച്ചുകൊണ്ട് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്ര ഏജൻസികൾ നടത്തുന്ന ഇത്തരം ഇടപെടലുകൾ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് എന്ന ആശയത്തെ തകർക്കുന്നതാണെന്നും, എല്ലാവർക്കും ഒരേപോലെ മത്സരിക്കാൻ അവസരം ലഭിക്കുന്ന സാഹചര്യം ഇതിലൂടെ അട്ടിമറിക്കപ്പെടുന്നുണ്ടെന്നും തൃശ്ശൂരിൽ ബിജെപി മത്സരിക്കുന്നു എന്ന കാര്യവും ഇതിനോടൊപ്പം വായിക്കണമെന്നും കത്തിൽ യെച്ചൂരി വിമർശിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ വിവേചനാധികാരം ഉപയോഗിച്ച് അക്കൗണ്ട് മരവിപ്പിക്കാനുള്ള ആദായനികുതി വകുപ്പിന്റെ ഈ ഉത്തരവ് മരവിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് സിപിഎം കത്തിൽ ആവശ്യപ്പെടുന്നത്.