INDIA

ജോഷിമഠില്‍ സ്ഥിതി അതീവ ഗുരുതരം; മുഴുവന്‍ പേരെയും ഒഴിപ്പിക്കും, നാല് വാര്‍ഡുകളില്‍ പ്രവേശനം നിരോധിച്ചു

വെബ് ഡെസ്ക്

ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം തുടരുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതി അതീവഗുരുതരമെന്ന് റിപ്പോർട്ട്. എത്രയും വേഗത്തില്‍ പ്രദേശത്തെ മുഴുവന്‍ താമസക്കാരെയും ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍. അതി സങ്കീര്‍ണമായ സാഹചര്യമുള്ള നാല് വാര്‍ഡുകളില്‍ പൂര്‍ണമായും പ്രവേശനം നിരോധിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നീ വാർഡുകളിലാണ് പ്രവേശനം നിരോധിച്ചത്. വിള്ളല്‍ വീണ് വാസയോഗ്യമല്ലാതായ കെട്ടിങ്ങളില്‍ ജില്ലാ ഭരണകൂടം ചുവന്ന മാര്‍ക്ക് രേഖപ്പെടുത്താനാരംഭിച്ചു.

വിദഗ്ധരുടെ താക്കീതുകള്‍ വകവെയ്ക്കാതെ സര്‍ക്കാരുകള്‍ നിസ്സംഗത പാലിച്ചതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

പ്രദേശവാസികള്‍ക്കായി ഹെല്‍ത്ത് ചെക്ക്അപ് സൗകര്യങ്ങളും ചികിത്സാസൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ജോഷിമഠിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദഗ്ധരുടെ താക്കീതുകള്‍ വകവെക്കാതെ സര്‍ക്കാരുകള്‍ നിസ്സംഗത പാലിച്ചതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആരോപിക്കുന്നു.

ദുരന്തത്തെ തുടർന്ന് ജോഷിമഠില്‍ ദീർഘകാല പുനർ നിർമാണ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് കേന്ദ്രനീക്കം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. പ്രദേശത്ത് തുടർച്ചയായി ഭൂകമ്പ നിരീക്ഷണം നടത്താനും തീരുമാനമായിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങള്‍ മേഖലയില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. ജോഷിമഠിലും പരിസരങ്ങളിലുമായി നടക്കുന്ന ജലവൈദ്യുത പദ്ധതികളുടേത് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിനോടും, ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങിനോടും സാറ്റലൈറ്റ് ഇമേജറിയിലൂടെ ജോഷിമഠിനെ കുറിച്ച് പഠനം നടത്തി ഫോട്ടോകൾ സഹിതം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം. ഡിസംബര്‍ 24 മുതലാണ് ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത് പ്രകടമായത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ഇതിനകം അഞ്ഞൂറിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് ഉയരുന്ന ആക്ഷേപം.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും