INDIA

മണിപ്പൂർ: 'രാജി നാടകം' ജനപിന്തുണ ബോധ്യപ്പെടുത്താന്‍, ബിജെപിയിലും അതൃപ്തി

നടന്നത് എല്ലാവരും അറിഞ്ഞുകൊണ്ടുള്ള നാടകമാണെന്ന് കോണ്‍ഗ്രസ്

വെബ് ഡെസ്ക്

കലാപം പടര്‍ന്നു പിടിച്ച മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും എന്‍ ബിരേന്‍ സിങ് രാജി വച്ചേയ്ക്കുമെന്ന സൂചന നല്‍കി ഇംഫാലില്‍ അരങ്ങേറിയത് വ്യക്തമായ പദ്ധതികളോടെ നടന്ന നാടകമെന്ന് ആക്ഷേപം. തനിക്ക് ഇപ്പോഴും ജന പിന്തുണയുണ്ടെന്ന് ബോധ്യപ്പെടുത്താനയിരുന്നു ഇന്നലെ നടന്ന സംഭവങ്ങളെന്നാണ് പ്രധാന വിമര്‍ശനം. ബിരേന്‍ സിങ് രാജി വയ്ക്കാന്‍ പദ്ധതിയില്ലായിരുന്നു എന്ന് ബിജെപി കേന്ദ്ര നേതൃത്വം തന്നെ ചൂണ്ടിക്കാട്ടുന്നു. സംഭവ വികാസങ്ങളില്‍ ബിജെപിയ്ക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ടെന്നാണാ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടന്നത് എല്ലാവരും അറിഞ്ഞുകൊണ്ടുള്ള നാടകമാണെന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം.

'ഈ നിര്‍ണായക ഘട്ടത്തില്‍, ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'
എന്‍ ബിരേന്‍ സിങ്

വെള്ളിയാഴ്ച ഉച്ചയോടെ എന്‍ ബിരേന്‍ സിങ് മണിപ്പൂര്‍ ഗവര്‍ണറെ കാണുമെന്ന് അറിയിച്ചതോടെയാണ് രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. സ്ത്രീകളും യുവാക്കളും അടങ്ങുന്ന വലിയ ജനക്കൂട്ടം മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് തടിച്ചു കൂടുകയും ചെയ്തു. രാജിവയ്ക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ജനക്കൂട്ടത്തിന്റെ നിലപാട്. മെയ്തി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു പ്രതിഷേധവുമായി എത്തിയത്.

വൈകീട്ട് നാലോടെ ബിരേന്‍ സിങിന്റെ ട്വീറ്റ് പുറത്തുവരികയും ചെയ്തു. 'ഈ നിര്‍ണായക ഘട്ടത്തില്‍, ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' എന്നായിരുന്നു ട്വീറ്റ്. തൊട്ടുപിറകെ കാബിനറ്റ് മന്ത്രി എല്‍. സുസിന്ദ്രോ മെയ്‌തേയ് മുഖ്യമന്ത്രിയുടെ രണ്ട് വരി രാജിക്കത്ത് അനുഭാവികളുടെ മുന്നില്‍ കീറിയെറിഞ്ഞു. ഇതോടെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയയത്.

മെയ് 3 മുതലാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായത്. മെയ്തികളും (ഹിന്ദുക്കള്‍), കുക്കികളും (ആദിവാസികള്‍, ക്രിസ്ത്യാനികള്‍) തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇതിനകം രണ്ട് സമുദായങ്ങളില്‍പ്പെട്ട 133 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. അക്രമങ്ങളില്‍ ദിനം പ്രതി മരണങ്ങള്‍ വര്‍ധിച്ചതോടെ മെയ്തി സ്ത്രീകളുടെ ഒരു വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് രാഷ്ട്രീയ പ്രതിരോധ നീക്കങ്ങള്‍ ശക്തമായത്.

എന്നാല്‍, വ്യാഴാഴ്ച രാത്രിമുതല്‍ തന്നെ രാജി നടകത്തിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടന്നിരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ രാജി നീക്കങ്ങള്‍ തടയാന്‍ വാര്‍ത്തപുറത്തുവരുന്നതിന് മുന്‍പ് വെള്ളിയാഴ്ച രാവിലെ മുതല്‍ പ്ലക്കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയുമായി ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ഇവരുണ്ടായിരുന്നു. ബിരേന്‍ സിങിന് വലിയ സ്വാധീനമുള്ള തലസ്ഥാന നഗരത്തിലെ ഹെയ്ംഗാന്‍, വാങ്ഖേയ്, സിങ്ജമേയ്, കക്വ, ഖുറൈ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് രാത്രി വൈകി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിഷേധക്കാരെ സംഘടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

'ഈ നാടകം അവതരിപ്പിക്കുന്നതിലൂടെ, തനിക്ക് ഇപ്പോഴും ജനങ്ങളുടെ പിന്തുണയുണ്ടെന്ന സന്ദേശം കേന്ദ്ര നേതൃത്വത്തിന് നല്‍കാന്‍ കുടിയായിരുന്നു ബിരേന്‍ സിങിന്റെ ശ്രമം എന്നാണ് വിലയിരുത്തല്‍. കലാപം അവസാനിപ്പിക്കാന്‍ ഇടപെടാനാകത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിക്കുള്ളില്‍ തന്നെ ആവശ്യം ശക്തമായിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടപ്പെട്ടെന്ന് ബിജെപിയില്‍ നിന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ മെയ്‌തേയ് സമുദായത്തില്‍പ്പെട്ട എട്ട് ബിജെപി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ മണിപ്പൂര്‍ ഗവര്‍ണര്‍ ഡല്‍ഹിയിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ രാജിവയ്ക്കുക, രാഷ്ട്രപതി ഭരണം എന്നിങ്ങനെ രണ്ട് നിര്‍ദേശങ്ങളും ബിജെപി കേന്ദ്ര നേതൃത്വം ബിരേന്‍ സിങ്ങിന് മുന്നില്‍ വച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ