INDIA

ഡിഎംകെ കൗൺസിലറുടെ നേതൃത്വത്തിൽ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സൈനികൻ മരിച്ചു; ഒമ്പത് പേർ അറസ്റ്റില്‍

കൊലപാതകം പൊതുടാങ്കിൽ തുണി അലക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്

വെബ് ഡെസ്ക്

തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ കൗൺസിലറുടെ നേതൃത്വത്തിൽ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സൈനികൻ ചികിത്സയിലിരിക്കെ മരിച്ചു. 29 കാരനായ പ്രഭുവാണ് മരിച്ചത്. സംഭവത്തില്‍ കൗൺസിലർ ഉൾപ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃഷ്ണഗിരി ജില്ലയിലെ പോച്ചംപള്ളി വേലംപട്ടിക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പൊതുടാങ്കിൽ തുണി അലക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ഡിഎംകെ കൗൺസിലർ ചിന്നസാമിയും മറ്റ് എട്ട് പേരും ചേർന്ന് പ്രഭുവിനെ മർദിച്ചത്. സംഭവത്തില്‍ ഡിഎംകെ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഡിഎംകെ അധികാരത്തിലിരിക്കുമ്പോഴെല്ലാം ക്രമസമാധാന നില ഗുരുതരമായി തകരുന്നുവെന്നാണ് സൈനികന്റെ കൊലപാതകം കാണിക്കുന്നതെന്ന് എഐഎഡിഎംകെ

കൃഷ്ണഗിരി ജില്ലയിലെ നാഗോജനഹള്ളി ടൗൺ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഡിഎംകെ കൗൺസിലറാണ് ചിന്നസാമി. ഇയാളെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഡിഎംകെയുടെ ഭാഗത്ത് നിന്ന് ക്രമസമാധാനത്തിലുണ്ടായ വിട്ടുവീഴ്ചയെ പ്രതിപക്ഷമായ എഐഎഡിഎംകെ അപലപിച്ചു. ഡിഎംകെ അധികാരത്തിലിരിക്കുമ്പോഴെല്ലാം ക്രമസമാധാന നില ഗുരുതരമായി തകരുന്നുവെന്നാണ് സൈനികന്റെ കൊലപാതകം കാണിക്കുന്നതെന്ന് എഐഎഡിഎംകെ ആരോപിക്കുന്നു. എഐഎഡിഎംകെയ്ക്കും മറ്റ് എതിരാളികൾക്കുമെതിരായ പ്രതികാരത്തിന് മാത്രമായാണ് പോലീസിനെ ഉപയോഗിക്കുന്നതെന്നും എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ പറഞ്ഞു.

കൊല്ലപ്പെട്ട പ്രഭുവിന്റെ സഹോദരനായ പ്രഭാകരന്റെ ഭാര്യയെ പഞ്ചായത്ത് ടാങ്കിലെ വെള്ളം ഉപയോഗിച്ച് അലക്കിയതിന് ചിന്നസാമി അധിക്ഷേപിച്ചിരുന്നു. തുടർന്നാണ് പ്രഭാകരനും സഹോദരൻ പ്രഭുവും ചിന്നസാമിയുമായി തർക്കത്തിലേർപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ പ്രതികാരമായി ചൊവ്വാഴ്ച രാത്രിയോടെ ബന്ധുക്കളോടൊപ്പം ചേർന്ന് സൈനികനായ പ്രഭുവിനെ ചിന്നസാമി ആക്രമിക്കുകയായിരുന്നു. മക്കളായ രാജപാണ്ടി, ഗുരു സൂര്യമൂർത്തി, ബന്ധുക്കളായ മണികണ്ഠൻ, വെടിയപ്പൻ, മാടയ്യൻ, ഗുണനിധി എന്നിവരാണ് ചിന്നസാമിയ്ക്കൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികള്‍. ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രഭു ചൊവ്വാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 (കൊലപാതകശ്രമം) എന്നതിൽ നിന്ന് കൊലപാതകത്തിനുള്ള ഐപിസി സെക്ഷൻ 302 ആയി കേസ് മാറ്റിയതായി പോച്ചമ്പള്ളി പോലീസ് പറഞ്ഞു. പോലീസുകാരനായ ഗുരു സൂര്യമൂർത്തിയും അറസ്റ്റിലായ പ്രതികളിൽ ഉൾപ്പെടുന്നു. ഒരു സൈനികന് പോലും സ്വന്തം നാട്ടിൽ സുരക്ഷിതത്വമില്ലെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഉദാസീനനായ മുഖ്യമന്ത്രിയെ ജനങ്ങൾ നിരീക്ഷിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ