നരേന്ദ്രമോദി സര്‍ക്കാര്‍ സ്വന്തം നേട്ടത്തിനായി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുളള പത്ര പരസ്യത്തില്‍ നിന്ന് കര്‍ണാടക സര്‍ക്കാര്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയതിനെത്തുടര്‍ന്നുള്ള വിവാദത്തിന് പിന്നാലെയാണ് ബിജെപിയെ കടന്നാക്രമിച്ച് സോണിയാ ഗാന്ധി രംഗത്തെത്തിയത്. ബിജെപി സര്‍ക്കാര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെ അവഗണിക്കുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങിയ നേതാക്കളെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും 76-ാമത് സ്വാതന്ത്ര്യദിനത്തിൽ നൽകിയ സന്ദേശത്തിൽ സോണിയാ ഗാന്ധി വ്യക്തമാക്കി.
''സുഹൃത്തുക്കളെ, കഴിഞ്ഞ 75 വർഷത്തിനിടയിൽ നമ്മൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു. എന്നാൽ സ്വാർത്ഥതമാത്രം കൈമുതലായുള്ള ഇന്നത്തെ സർക്കാർ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ ത്യാഗങ്ങളെയും രാജ്യത്തിന്റെ മഹത്തായ നേട്ടങ്ങളെയും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തവിധം അതിനെ നിസ്സാരവൽക്കരിക്കുന്ന തിരക്കിലാണ്. ചരിത്രപരമായ വസ്തുതകൾ വ്യാജമാക്കാനും ഗാന്ധി-നെഹ്‌റു-ആസാദ്-പട്ടേലിനെപ്പോലുള്ള നേതാക്കളെ അപകീർത്തിപ്പെടുത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എതിർക്കും'' - സോണിയ പറഞ്ഞു.
ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവര സാങ്കേതിക രംഗം തുടങ്ങിയ മേഖലകളിലെ മഹത് വ്യക്തികളുടെ സംഭാവനയിലൂടെ ഇന്ത്യ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ ദീർഘവീക്ഷണമുള്ള നേതാക്കൾ സ്വതന്ത്രവും നീതിപൂർവവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തിന് അടിത്തറയിട്ടു. ശക്തമായ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള വ്യവസ്ഥകളും അവർ തയ്യാറാക്കി. വൈവിധ്യമാർന്ന സംസ്‌കാരങ്ങളിലൂടെയും ഭാഷകളിലൂടെയും ഇന്ത്യ മഹത്തായ രാഷ്ട്രമെന്ന പ്രതിച്ഛായ ഉറപ്പിച്ചിട്ടുണ്ടെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
പാകിസ്താൻ രൂപീകരിക്കണമെന്ന മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്‌റു വഴങ്ങിക്കൊടുക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം
ഇന്ത്യയുടെ വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജവഹർലാൽ നെഹ്റുവിനെ ലക്ഷ്യമിട്ട് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ബിജെപി വലിയ രീതിയിലുള്ള പ്രചാരണങ്ങൾ നടത്തിയിരുന്നു. 1947ലെ ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള കോൺഗ്രസിന്റെ നിലപാട് വിവരിക്കുന്ന ഏഴ് മിനിറ്റുള്ള വീഡിയോ ആയിരുന്നു പ്രചരിച്ചത്.
പാകിസ്താൻ രൂപീകരിക്കണമെന്ന മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തിന് മുന്നില്‍ ജവഹര്‍ലാല്‍ നെഹ്‌റു വഴങ്ങിക്കൊടുക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. വിഘടന ശക്തികൾക്കെതിരെ പോരാടാൻ ഉത്തരവാദിത്തമുള്ളവർ എവിടെയായിരുന്നു എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ. ഇതിന് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സോണിയാ ഗാന്ധി രംഗത്തെത്തിയത്.
സവർക്കർ ദ്വിരാഷ്ട്ര സിദ്ധാന്തം സൃഷ്ടിച്ചു. ജിന്ന അത് പൂർണമാക്കി എന്നതാണ് സത്യമെന്നും ജയറാം രമേശ്
ബിജെപിയുടെ വീഡിയോ പ്രചാരണത്തിനെതിരെ കോൺഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. വിഭജനത്തിന്റെ ദുരന്തം, വിദ്വേഷവും മുൻവിധിയും വളർത്താൻ ദുരുപയോഗം ചെയ്യാനാവില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.' സവർക്കർ ദ്വിരാഷ്ട്ര സിദ്ധാന്തം സൃഷ്ടിച്ചു, ജിന്ന അത് പൂർണമാക്കി' എന്നതാണ് സത്യമെന്നും ജയറാം രമേശ് പറഞ്ഞു.
ആധുനിക സവർക്കർമാരും ജിന്നമാരും രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഗാന്ധി, നെഹ്‌റു, പട്ടേൽ തുടങ്ങിയവരുടെയും രാഷ്ട്രത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽ പ്രവർത്തിച്ച മറ്റുള്ളവരുടെയും പാരമ്പര്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കും. വെറുപ്പിന്റെ രാഷ്ട്രീയം പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.