INDIA

അധീർ രഞ്ജൻ ചൗധരിയുടെ സസ്പെന്‍ഷനില്‍ പ്രതിഷേധമുയർത്താന്‍ പ്രതിപക്ഷം; കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ച് സോണിയാ ഗാന്ധി

ലോക്‌സഭയിൽ വിശ്വാസവോട്ടെടുപ്പിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശമാണ് നടപടിയിലേക്ക് നയിച്ചത്

വെബ് ഡെസ്ക്

അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. മൂന്നാഴ്ച നീണ്ടുനിന്ന വർഷകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് കോൺഗ്രസിന്റെ ലോക്സഭാ നേതാവിന്റെ സസ്പെൻഷനെ തുടർന്ന് പ്രക്ഷുബ്ധമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കാന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. രാവിലെ 10.30ന് പാർലമെന്റിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ഓഫീസിൽ വച്ചാണ് ചർച്ച.

ലോക്‌സഭയിൽ വിശ്വാസവോട്ടെടുപ്പിൽ പ്രസംഗിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശമാണ് നടപടിയിലേക്ക് നയിച്ചത്. 'ആവർത്തിച്ചുള്ള മോശം പെരുമാറ്റം' എന്ന കാരണം ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ പ്രിവിലേജസ് കമ്മിറ്റിയാണ് അധിർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്തത്. ബാങ്ക് വായ്പ തട്ടിപ്പുകേസിൽ പ്രതിയായി നിലവിൽ യുകെയിൽ കഴിയുന്ന നീരവ് മോദിയുമായി പ്രധാനമന്ത്രിയെ അധിർ രഞ്ജൻ ചൗധരി ഉപമിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് പ്രമേയം അവതരിപ്പിച്ചത്.

അതേസമയം തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന ഉറച്ച നിലപാടിലാണ് അധിർ രഞ്ജൻ ചൗധരി. സസ്‌പെൻഡ് ചെയ്ത നടപടി ഭൂരിപക്ഷമുള്ളതിന്റെ അഹന്തയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദിയിൽ 'നീരവ്' എന്ന വാക്കിന്റെ അർഥം 'മൗനം' എന്നാണ്. വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുന്നതിൽ തനിക്കൊന്നും ചെയ്യാനില്ലെന്നും ലോക്സഭാ നേതാവ് പറഞ്ഞു.

അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. "അധികാരമുള്ളതിന്റെ അഹങ്കാരവും ദുഷ്ടതയെയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഈ പാരമ്പര്യം ഭരണഘടനയ്ക്കും പാർലമെന്ററി ജനാധിപത്യത്തിനും ഒരുപോലെ അപകടകരമാണ്. സസ്പെൻഷൻ നടപടിയെ ശക്തമായി അപലപിക്കുന്നു, ”ഖാർഗെ പ്രതികരിച്ചു.

രാജ്യസഭയിൽ മണിപ്പൂർ വിഷയത്തെ ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള തർക്കം തുടരുന്നതിനാൽ ഇന്നും സഭ സ്തംഭിക്കാനാണ് സാധ്യത. റൂൾ 267 പ്രകാരം മറ്റെല്ലാ വിഷയങ്ങളും മാറ്റിവച്ച് മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചട്ടം 176 പ്രകാരം ഹ്രസ്വകാല ചർച്ചയ്ക്ക് മാത്രമേ തയ്യാറകുവെന്ന പിടിവാശിയിലാണ് സർക്കാർ.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം