INDIA

പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമല്ല; വിവിധ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധി കത്ത് നൽകി

പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് കത്ത്

വെബ് ഡെസ്ക്

പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യാനാഗ്രഹിക്കുന്ന വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോണിയാ ഗാന്ധി കത്ത് നൽകി. ഈ മാസം ചേരാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് കത്തെഴുതിയിരിക്കുന്നത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, മണിപ്പൂര്‍ കലാപം, അദാനിയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ ചർച്ച ചെയ്യണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് പാര്‍ലമെന്ററി നയരൂപീകരണ യോഗത്തിന് ശേഷമാണ് ഏതെല്ലാം കാര്യങ്ങൾ ചൂണ്ടിക്കാട്ടണമെന്നതിൽ ധാരണയായത്. അജണ്ട വ്യക്തമാക്കാതെ സര്‍ക്കാര്‍ ആദ്യമായാണ് ഒരു പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

സെപ്റ്റംബര്‍ 18 മുതല്‍ അഞ്ച് ദിവസത്തേയ്ക്കാണ് സഭ ചേരുന്നത്

ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനോട് പ്രതിപക്ഷനിരയിൽ ഏകാഭിപ്രായം രൂപീകരിച്ചതിന് ശേഷമാണ് കോൺഗ്രസ് നീക്കം. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ 'ഇന്ത്യ' മുന്നണിയിലെ മറ്റ് പാര്‍ട്ടിയിലെ അംഗങ്ങളും കത്തെഴുതുന്നതിനോട് യോജിച്ചു.

സെപ്റ്റംബര്‍ 18 മുതല്‍ അഞ്ച് ദിവസത്തേയ്ക്കാണ് പാർലമെന്റ് ചേരുന്നത്. ഒരു രാജ്യം - ഒരു തിരഞ്ഞെടുപ്പ്, ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റല്‍ എന്നീ വിവാദങ്ങള്‍ ചൂടുപിടിച്ചു നില്‍ക്കുന്ന സമയത്താണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതെന്ന കാര്യം കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ജനാധിപത്യത്തെ മുന്നോട്ട് കൊണ്ട് പോകാനുള്ള വഴി ഇതല്ല
മല്ലികാര്‍ജുന്‍ ഖാര്‍ഗെ

''പ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിക്കാതെയും അറിയിക്കാതെയുമാണ് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നത്. ജനാധിപത്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള വഴി ഇതല്ല. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, മണിപ്പൂര്‍ കലാപം, ചൈന അതിര്‍ത്തി തര്‍ക്കം എന്നീ പ്രധാന പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തി ജനങ്ങളെ വഞ്ചിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് ഇന്ത്യ മുന്നണി പിന്മാറില്ല'' - മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.

പ്രത്യേക സമ്മേളനം വിളിക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷപാർട്ടികൾ ചോദിച്ചിട്ടും സർക്കാർ മറുപടി നൽകിയില്ലെന്ന് കോൺഗ്രസ് പറയുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം