INDIA

അയോധ്യ രാമക്ഷേത്രം: പ്രതിഷ്ഠാച്ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും

കൂടാതെ, പാർട്ടി വിട്ടുനിന്നാൽ അയോധ്യ രാമക്ഷേത്രം ബിജെപി സ്വന്തം പരിപാടിയായി മാറ്റുമെന്നും അതു തിരിച്ചടിയായി മാറുമെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ.

വെബ് ഡെസ്ക്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് സൂചന. കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർക്കാണ് നിലവിൽ ചടങ്ങിലേക്ക് ക്ഷണമുള്ളത്. നാലു മാസത്തിനുള്ളിൽ പൊതു തിരഞ്ഞെടുപ്പ് വരാനിരിക്കെ കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കുമോ എന്നത് വലിയ ആശയ കുഴപ്പങ്ങൾക്കാണ് വഴി വെച്ചിരുന്നു.

നേരത്തെ ചടങ്ങിൽ സോണിയ ഗാന്ധിയോ പ്രതിനിധിയായി മറ്റാരെങ്കിലുമോ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് വ്യക്തമാക്കിയിരുന്നു. നേരത്തെ സോണിയ ഗാന്ധി ഈ വിഷയത്തിൽ വളരെ പോസിറ്റീവ് ആണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ചടങ്ങിന് നേതൃത്വം വഹിക്കുന്നത്.

മുസ്ലിം ലീഗ് ഉൾപ്പടെയുള്ള ഇന്ത്യൻ പ്രതിപക്ഷ ബ്ലോക്കിലെ സഖ്യ കക്ഷികളുമായി നടത്തിയ വിപുലമായ ചർച്ചകൾക്കൊടുവിലാണ് വിഷയത്തിൽ തീരുമാനം എടുത്തതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആവശ്യമായ തീരുമാനം കൈകൊള്ളുകയാണെന്നാണ് വിഷയത്തിൽ കോൺഗ്രസ് വിശദീകരണം നൽകിയിട്ടുള്ളത്. രാമക്ഷേത്ര പരിപാടിയിൽ പങ്കെടുക്കാതിരുന്നത് കോൺഗ്രസിനെയും ഇന്ത്യ സഖ്യ കക്ഷികളെയും ആക്രമിക്കാനുള്ള ആയുധമായി ബിജെപി ഉപയോഗിക്കുമെന്ന് സോണിയ ഗാന്ധി കരുതുന്നതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, പാർട്ടി വിട്ടുനിന്നാൽ അയോധ്യ രാമക്ഷേത്രം ബിജെപി സ്വന്തം പരിപാടിയായി മാറ്റുമെന്നും അതു തിരിച്ചടിയായി മാറുമെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ.

ബിജെപി ഇതര നേതാക്കൾക്കുള്ള കഷണങ്ങൾ വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചത്. സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി രാജയും അടക്കമുള്ള ഇടതുപക്ഷ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തങ്ങൾ മതവിശ്വാസങ്ങൾക്ക് എതിരല്ലെന്നും, മതവിശ്വാസങ്ങൾ ആളുകളുടെ വ്യക്തിപരമായ വിഷയമാണെന്നും, അതുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കരുതെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസും ക്ഷണം നിരസിച്ച് കൊണ്ട് നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ തീരുമാനം ദിവസങ്ങളായി ചർച്ചയിൽ തുടരുകയായിരുന്നു. 'ഇന്ത്യ' മുന്നണിയിൽ ഒരു പൊതു തീരുമാനമെടുക്കാൻ സാധിക്കാത്ത വിഷയം ആയതിനാൽ പാർട്ടികൾ സ്വതന്ത്രമായാണ് നിലപാട് വ്യക്തമാക്കുന്നത്.

പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കുന്നത് അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനും ഒന്നിലധികം സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കും മുന്നോടിയായി മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് വലിയ തിരിച്ചടിക്ക് കാരണമാകും. എന്നാൽ വിട്ട് നിൽക്കുന്നത് ബിജെപിക്ക് പാർട്ടിയെ ആക്രമിക്കാനുള്ള ആയുധം നൽകുകയും ചെയ്യും. രാമക്ഷേത്ര നിർമ്മാണം തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമാണ്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി