കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയും മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക്, അജയ് മാക്കൻ, സൽമാൻ ഖുർഷിദ്, കെസി വേണുഗോപാൽ എന്നിവർ പങ്കെടുത്ത പാർട്ടി നേതാക്കളുടെ ഉന്നതതല യോഗത്തിന് ശേഷമാണ് സോണിയ ഗാന്ധി രാജ്യ സഭയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
നാമനിർദേശ പട്ടിക സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കുമെന്നതിനാൽ ഇന്ന് തന്നെ സ്ഥിരീകരണം ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതിനായി സോണിയ ഗാന്ധി ഇന്ന് ജയ്പൂരിൽ എത്തും.
1998 നും 2022 നും ഇടയിൽ ഏകദേശം 22 വർഷം കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി അഞ്ച് തവണ ലോക്‌സഭാ എംപിയായിട്ടുണ്ട്. സോണിയ ഗാന്ധിയുടെ ഉത്തർപ്രദേശിലെ റായ്ബറേലി ലോക്‌സഭാ സീറ്റ് മകളും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാദ്രക്ക് നൽകുമെന്നാണ് കരുതുന്നത്. എന്നാൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം സംബന്ധിച്ച് നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൻമോഹൻ സിങ് ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 56 രാജ്യസഭാംഗങ്ങൾ ഏപ്രിലിൽ വിരമിക്കാനിരിക്കുകയാണ്. രാജ്യസഭയിലേക്കുള്ള സോണിയ ഗാന്ധിയുടെ പ്രവേശനം ഇത് ആദ്യമാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1964 ഓഗസ്റ്റ് മുതൽ 1967 ഫെബ്രുവരി വരെ രാജ്യസഭയിൽ അംഗമായിരുന്നു.
തൻ്റെ മണ്ഡലത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്താൻ കഴിയാത്തതിനാൽ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് രാജ്യസഭയിലേക്ക് മാറാനുള്ള സോണിയാ ഗാന്ധിയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യസഭാ സീറ്റിനായുള്ള കോൺഗ്രസിന്റെ പട്ടികയിൽ മറ്റാരൊക്കെയുണ്ട് എന്നത് വ്യക്തമല്ല. മുൻ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥും പട്ടികയിൽ ഉണ്ടെന്നാണ് വിവരം. 56 രാജ്യസഭാ സീറ്റുകളിൽ മധ്യപ്രദേശിൽ നിന്നുള്ള ഒന്ന് ഉൾപ്പെടെ ഒമ്പത് സീറ്റുകളെങ്കിലും കോൺഗ്രസ് നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1999-ൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നും കർണാടകയിലെ ബെല്ലാരിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി അമേഠി നിലനിർത്തിയിരുന്നു. 2004ൽ സോണിയാ ഗാന്ധി റായ്ബറേലിയിൽ നിന്ന് മത്സരിച്ച് രാഹുൽ ഗാന്ധിക്ക് വേണ്ടി അമേഠി ഒഴിഞ്ഞു.