മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ - സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ ശക്തമാകുകയാണ് . പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണം നിയന്ത്രിക്കുന്ന കേരളം, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് മുറുകുന്നത്. സംസ്ഥാനങ്ങളിലെ സുപ്രധാനമായ നിയമനിര്‍മ്മാണങ്ങളെ പോലും ഏറ്റുമുട്ടലുകള്‍ ബാധിച്ചിരിക്കുകയാണ്.
കേരളത്തില്‍ സര്‍ക്കാരിനെതിരെ നിരന്തരം രംഗത്ത് എത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാരും പരസ്യ പോർവിളി തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ നിന്നും വ്യത്യസ്തമാണ് തമിഴ്‌നാട്ടിലെ അവസ്ഥ. ഗവര്‍ണര്‍ ആര്‍ എന്‍ രവിയുമായുള്ള ഡിഎംകെ സര്‍ക്കാറിന്റെ ഭിന്നത പല വിഷയങ്ങളിലും രൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് തെലങ്കാനയില്‍ ഗവര്‍ണറും തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷയുമായ തമിഴിസൈ സൗന്ദരരാജന്റെ ഇടപെടലുകള്‍.
തമിഴ്‌നാട്
നിയമസഭ പാസാക്കിയ 20 ബില്ലുകളാണ് തമിഴ്‌നാട്ടില്‍ ഗവര്‍ണറുടെ അനുമതി കാത്ത് കിടക്കുന്നത്. സംസ്ഥാന നിയമസഭയില്‍ രണ്ടുതവണ പാസായിട്ടും നീറ്റ് പരീക്ഷയ്‌ക്കെതിരെ നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിക്ക് അയ്ക്കാത്തതുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നു. ഈ വിഷയത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ തന്നെ ഡിഎംകെ നേതാക്കള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ രംഗത്ത് എത്തിയിരുന്നു. ഗവര്‍ണറുടെ പ്രവര്‍ത്തികള്‍ പദവിക്ക് നിരക്കാത്തതാണ് എന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. ബില്ലുകളില്‍ ഒപ്പുവയ്ക്കാത്തത് ഉള്‍പ്പെടെ ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ആര്‍എന്‍ രവിയെ നീക്കം ചെയ്യണമെന്ന ആവശ്യത്തിന് പിന്തുണ തേടി ഡിഎംകെ ഈ മാസം ആദ്യം എല്ലാ എംപിമാര്‍ക്കും കത്തുകളും ആയച്ചിരുന്നു.
ഈ സാഹചര്യം നിലനില്‍ക്കെയാണ് തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്റെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ പുതിയ സാഹചര്യങ്ങള്‍ക്ക് തുടക്കമിടുന്നത്. തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെ നയിക്കുന്ന കുടുംബത്തിന് തെലുങ്ക് വേരുകളാണ് ഉള്ളതെന്ന സൗന്ദരരാജന്റെ പരാമര്‍ശങ്ങളാണ് വിവാദത്തിന് അടിസ്ഥാനം. മുഖപത്രമായ 'മുരസൊലി'യിലൂടെയാണ് വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഡിഎംകെ വ്യക്തമാക്കുന്നത്. തെലങ്കാന ഗവര്‍ണര്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയം കാണിക്കരുത്, ജോലി അവസാനിപ്പിച്ച് രാഷട്രീയത്തില്‍ ഇറങ്ങണം. നിലവിലെ പരാമര്‍ശങ്ങള്‍ പരിധി വിട്ടതും, ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതുമാണ് - 'മുരസൊലി' ആരോപിക്കുന്നു. ഗവര്‍ണര്‍ സൗന്ദരരാജന്‍ രാഷ്ട്രീയവും നിയമപരവുമായ കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ പരിഗണിക്കണമെന്നും 'മുരസൊലി'യില്‍ ആവശ്യപ്പെടുന്നു.
തെലങ്കാന
സര്‍വകലാശാല വിഷയം തന്നെയാണ് തെലങ്കാനയിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന് അടിസ്ഥാനം. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നിയമങ്ങള്‍ക്കനുസൃതമായി എല്ലാ 15 സംസ്ഥാന സര്‍വകലാശാലകള്‍ക്കും ഒരു പൊതു റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്നതാണ് പ്രധാന തര്‍ക്കവിഷയം. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരവധി തവണ ഓര്‍മ്മിപ്പിച്ചിട്ടും സര്‍വകലാശാലകളിലെ ഒഴിവുകള്‍ നികത്താത്തതും തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനെ ചൊടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡിയെ വിളിപ്പിക്കുന്നതിലേക്ക് ഉള്‍പ്പെടെ വിഷയം തിരിഞ്ഞു.
മെഡിക്കല്‍ സര്‍വകലാശാല ഒഴികെയുള്ള സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക തസ്തികകളിലേക്ക് നേരിട്ടുളള റിക്രൂട്ട്മെന്റ് അനുവദിക്കുന്ന ബില്ലാണ് ഗവര്‍ണറുടെ പരിഗണനയിലുള്ള എട്ട് നിയമ നിര്‍മാണങ്ങളില്‍ ഒന്ന്. ബില്ലില്‍ ഒപ്പിടാതെ വൈകിപ്പിക്കുകയാണ് ഗവര്‍ണര്‍ എന്ന ആരോപണം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഉള്‍പ്പെടെ വഴി വെച്ചുകഴിഞ്ഞു. ഈ വിഷയത്തില്‍ ബുധനാഴ്ച രാജ്ഭവനിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ മര്യാദ പാലിക്കുന്നില്ലെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ അനുവദിച്ചില്ലെന്നും, സംസ്ഥാന നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനുള്ള അവസരം നിഷേധിച്ചു എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ടിആര്‍എസ് നേതാവ് കൗശിക് റെഡ്ഡിയെ ഗവര്‍ണര്‍ ക്വാട്ടയില്‍ എംഎല്‍സിയായി നിയമിച്ചുകൊണ്ടുള്ള മന്ത്രിസഭാ പ്രമേയത്തില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചെന്നാണ് സംസ്ഥാനത്തിന്റെ മറ്റൊരു ആരോപണം.
കേരളം
സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികളുമായാണ് കേരളം മുന്നോട്ട് പോവുന്നത്. ഇതിനായി നിയമസഭ വിളിച്ച് ചേര്‍ത്ത് ബില്‍ അവതരിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
ഗവര്‍ണറെ രാഷ്ട്രീയമായും നിയമ വഴിയിലൂടെയും നേരിടാനാണ് കേരളം കോപ്പുകൂട്ടുന്നത്. ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും കേരളം പദ്ധതിയിടുന്നുണ്ട്. ഇതിന് മുന്നോടിയാണ് ഗവര്‍ണറുടെ നിയമോപദേശകന്‍ ഉള്‍പ്പെടെ രാജിവെച്ച സംഭവത്തെ വിലയിരുത്തുന്നത്. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് ഗവര്‍ണറുടെ നിയമോപദേശകനായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ ജയ്ജി ബാബു, കേരള സര്‍വകലാശാലയിലെ ചാന്‍സലറുടെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. വിജയ ലക്ഷ്മി എന്നിവര്‍ രാജിവെച്ചത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രണ്ട് മാധ്യമങ്ങളെ പുറത്താക്കിയതും പ്രശ്നം രൂക്ഷമാക്കി. കാബിനറ്റ് അംഗീകാരം ലഭിച്ചതിന് ശേഷവും ബില്ലുകള്‍ അംഗീകരിക്കാത്തത് ഗുരുതര പ്രശ്നമാണ്. ഈ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഉള്‍പ്പെടെ പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നും സിപിഎം വ്യക്തമാക്കുന്നു. മന്ത്രിസഭയുടെയോ നിയമസഭയുടെയോ തീരുമാനത്തിന്മേല്‍ ഗവര്‍ണര്‍ക്ക് അപ്പീല്‍ അധികാരിയായി ഇരിക്കാന്‍ സാധിക്കില്ലെന്നാണ് സിപിഎം നിലപാട്.