INDIA

ഇന്ത്യ മുന്നണിയില്‍ വിള്ളല്‍? മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ ഇടഞ്ഞ് അഖിലേഷ് യാദവ്; എസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം

വര്‍ഗീയ വിരുദ്ധവോട്ടുകള്‍ ഭിന്നിക്കപ്പെട്ടാല്‍ മഹാവികാസ് അഘാഡി സഖ്യത്തിലെ പ്രബലരാണ് അതിന് ഉത്തരവാദികള്‍ എന്നും എസ്പി

വെബ് ഡെസ്ക്

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ മുന്നണിയില്‍ തര്‍ക്കവും അഭിപ്രായ വ്യത്യാസവും. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി സഖ്യം കഴിഞ്ഞ ദിവസമാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. ധാരണപ്രകാരം 288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 85 വീതം സീറ്റുകളില്‍ കോണ്‍ഗ്രസ്, എന്‍സിപി(ശരദ് പവാര്‍), ശിവസേന(ഉദ്ധവ്) എന്നീ പാര്‍ട്ടികള്‍ മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ശേഷിച്ച 33 സീറ്റുകള്‍ പ്രതിപക്ഷ സഖ്യത്തിനെ മറ്റു ചെറുകക്ഷികള്‍ക്ക് ഇടയില്‍ വീതം വയ്ക്കാനും തീരുമാനമായിരുന്നു.

പ്രതിപക്ഷ സഖ്യത്തിലെ മൂന്നു പ്രധാന കക്ഷികള്‍ക്കും ഒരേ സീറ്റെണ്ണം എന്ന നിലയില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മുന്നോട്ടുവച്ച ഫോര്‍മുലയോട് കോണ്‍ഗ്രസും ശിവസേനയും യോജിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സീറ്റ് ധാരണ തള്ളി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യ മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ സമാജ്‌വാദി പാര്‍ട്ടി.

സീറ്റ് ധാരണയില്‍ മറ്റു ചെറു കക്ഷികളുടെ ആവശ്യം പരിഗണിക്കാന്‍ കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും തയാറായില്ലെന്നാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ വിമര്‍ശനം. അഞ്ച് സീറ്റുകളാണ് സമാജ്‌വാദി പാര്‍ട്ടി മഹാരാഷ്ട്രയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടില്‍ ൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്നായിരുന്നു കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന പാര്‍ട്ടികളുടെ നിലപാട്.

ഇതോടെയാണ് സമാജ്‌വാദി പാര്‍ട്ടി ഇടഞ്ഞത്. മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് സ്വാധീനം ഇല്ലെന്നു കരുതേണ്ടെന്നു പറഞ്ഞ അഖിലേഷ് സീറ്റ് വിഭജനത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അബു ആസ്മി പ്രഖ്യാപിച്ചു. ഈ മണ്ഡലങ്ങളിലെ വര്‍ഗീയ വിരുദ്ധവോട്ടുകള്‍ ഭിന്നിക്കപ്പെട്ടാല്‍ മഹാവികാസ് അഘാഡി സഖ്യത്തിലെ പ്രബലരാണ് അതിന് ഉത്തരവാദികള്‍ എന്നും ആസ്മി വ്യക്തമാക്കി.

ധൂലെ സിറ്റി, മലേഗാവ് സെന്‍ട്രല്‍, ഭീവന്‍ഡി ഈസ്റ്റ്, ഭീവന്‍ഡി വെസ്റ്റ്, മന്‍ഖുര്‍ദ് ശിവാജി നഗര്‍ എന്നീ അഞ്ച് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു അവര്‍. സമാജ്‌വാദി പാര്‍ട്ടി ദേശയ അധ്യക്ഷന്‍ അഖിലേഷ് യാദവ് നേരിട്ടെത്തിയാണ് ഈ മണ്ഡലങ്ങളിലെസ്ഥാനാര്‍ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കവും കുറിച്ചത്. മറ്റു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ആസ്മി വ്യക്തമാക്കി.

നിര്‍ണായക തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ സഖ്യത്തില്‍ വിള്ളലും അഭിപ്രായഭിന്നതയുമുണ്ടായത് മഹാവികാസ് അഘാഡി സഖ്യത്തിന് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ അഖിലേഷ് യാദവുമായി ശരദ് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റൗഥ് എന്നിവര്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് ലഭിക്കുന്ന സൂചന. അഖിലേഷിനെ അനുനയിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം