തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വസ്തുവകകൾ തമിഴ്‌നാട് സർക്കാരിന് വിട്ടു നൽകാൻ ഉത്തരവിറക്കി ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതി.1996ൽ ജയലളിതയെ ഉൾപ്പടെ പ്രതിചേർത്ത് രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിലെ തൊണ്ടിമുതലായി പിടിച്ചെടുത്തതാണ് ഇവ. കേസിന്റെ വിചാരണ നടന്ന കോടതി ബെംഗളൂരുവിലായിരുന്നതിനാൽ കർണാടക ഹൈക്കോടതിയുടെ ട്രഷറിയിലായിരുന്നു തൊണ്ടിമുതൽ ഇത്രയും കാലം സൂക്ഷിച്ചിരുന്നത്.
ഇത് ലേലത്തിൽ വെക്കണമെന്ന നിർദേശം കോടതിക്ക് മുന്നിൽ വന്നെങ്കിലും തൊണ്ടിമുതൽ തമിഴ്‌നാട് സർക്കാരിന് അവകാശപ്പെട്ടതാണെന്ന തീർപ്പിൽ കോടതി എത്തിച്ചേരുകയായിരുന്നു. സെക്രെട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനെ അയച്ച് സ്വത്തുവകകൾ തമിഴ്‌നാട് സർക്കാർ കൈപറ്റണമെന്നാണ് കോടതി നിർദേശം. കേസിന്റെ നടത്തിപ്പിന് ചെലവായ പണം 5 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി തമിഴ്‌നാട് കർണാടകയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഏഴ് കിലോഗ്രാം തൂക്കമുളള സ്വർണ - വജ്ര ആഭരണങ്ങൾ, 600 കിലോഗ്രാം വെള്ളി ആഭരണങ്ങൾ - പാത്രങ്ങൾ, പതിനായിരം പട്ടു സാരികൾ, 250 ഷോളുകൾ, 750 ജോഡി ചെരുപ്പുകൾ, 12 ഫ്രിഡ്ജുകൾ, 44 എ സി, 91 വാച്ചുകൾ തുടങ്ങിയവയായിരുന്നു ജയലളിതയിൽ നിന്ന് അന്വേഷണ സംഘം അന്ന് പിടിച്ചെടുത്തത്.
രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാതിരിക്കാൻ 21 വർഷങ്ങൾക്ക് മുൻപായിരുന്നു അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയത്. ഇതോടെ കേസിലെ പ്രധാന തെളിവായ തൊണ്ടി മുതലായി പിടിച്ചെടുത്ത വസ്തുക്കൾ റോഡ് മാർഗം ചെന്നൈയിൽ നിന്നും ബെംഗളൂരുവിൽ എത്തിക്കുകയായിരുന്നു. കേസിൽ ജയലളിതക്കും കൂട്ട് പ്രതികളായ ശശികലക്കും ഇളവരശിക്കും വളർത്തു മകൻ സുധാകറിനും ബെംഗളുരുവിലെ പ്രത്യേക കോടതി ജയിൽ - പിഴ ശിക്ഷകൾ വിധിച്ചിരുന്നു.
കോടതി വിധി നടപ്പിലാക്കുന്നതിന് മുൻപ് ജയലളിത മരിക്കുകയും മറ്റ് മൂന്നു പ്രതികൾ നാല് വർഷം പരപ്പന അഗ്രഹാര ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ഒന്നാം പ്രതിയായ ജയലളിതയിൽ നിന്ന് 100 കോടി രൂപ കോടതി പിഴ ഈടാക്കിയിരുന്നു. 4 വർഷത്തെ ജയിൽവാസം കഴിഞ്ഞ് ശശികലയും ഇളവരശിയും സുധാകറും പുറത്തിറങ്ങിയതോടെ 2021ൽ കേസിന്റെ നടപടിക്രമങ്ങൾ അവസാനിക്കുകയും ചെയ്തു. ഇതോടെയായിരുന്നു തൊണ്ടിമുതൽ എന്ത് ചെയ്യുമെന്ന ചോദ്യമുദിച്ചത്. തൊണ്ടിമുതൽ ലേലം ചെയ്യണമെന്ന ആവശ്യവുമായി കോടതിക്ക് മുന്നിലെത്തിയ പൊതു താല്‍പര്യ ഹർജി തീർപ്പാക്കി കൊണ്ടാണ് സ്വത്തു വകകൾ കുറ്റ കൃത്യം നടന്ന സംസ്ഥാനമായ തമിഴ്നാടിനു തന്നെ കൈമാറാൻ തീരുമാനിച്ചത്.
തൊണ്ടി മുതലിന് അവകാശ വാദം ഉന്നയിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപകും കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സർക്കാരോ അന്വേഷണ ഏജൻസികളോ പിടിച്ചെടുക്കുന്ന വസ്തുവകകൾക്കുമേൽ പ്രതിയുടെ അന്തരാവാകാശികൾക്ക് അവകാശമില്ലെന്നു വ്യക്തമാക്കി ഇവരുടെ ഹർജി തള്ളുകയായിരുന്നു. ജയലളിതയുടെ ചെന്നൈയിലെ വേദ നിലയം എന്ന വീടുൾപ്പടെയുള്ള മുഴുവൻ സ്വത്തിന്റെയും അവകാശം അണ്ണാ ഡിഎംകെയിൽ നിന്ന് പിടിച്ചെടുത്ത് നേരത്തെ മദ്രാസ് ഹൈക്കോടതി ഇവർക്ക് വിട്ടു കൊടുത്തിരുന്നു. ഈ ഉത്തരവിന്റെ ചുവടു പിടിച്ചായിരുന്നു ദീപയും ദീപക്കും ബെംഗളൂരുവിലെ പ്രത്യേക കോടതിയെ സമീപിച്ചത്.