അദാനിയ്ക്ക് എതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി തള്ളിയ ജനുവരി മൂന്നാം തീയതിയിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെയോ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെയോ അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടത്തില്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാൽപര്യ ഹര്‍ജികളിലാണ് ഇപ്പോഴത്തെ വിധി.
കൃത്രിമമായി അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്റ്റോക്ക് വില പെരുപ്പിച്ച് കാണിച്ചുവെന്നതുള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ഉന്നയിച്ചുകൊണ്ട് പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളാണ് നിയമ നടപടികളിലേക്ക് വഴിവെച്ചത്
ജനുവരി മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കാന്‍ ആവശ്യമായ തെറ്റുകള്‍ വിധിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അനാമിക ജയ്സ്വാള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളുന്നതായി വ്യക്തമാക്കിയത്. കൃത്രിമമായി അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്റ്റോക്ക് വില പെരുപ്പിച്ച് കാണിച്ചുവെന്നതുള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ ഉന്നയിച്ചുകൊണ്ട് പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളാണ് നിയമ നടപടികളിലേക്ക് വഴിവെച്ചത്.
ക്രമക്കേട് ആരോപണങ്ങള്‍ സെബി നടത്തുന്ന അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണം എന്ന ആവശ്യം അംഗീകരിക്കാന്‍ വേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരംസിഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ജനുവരി മൂന്നിന് ഹര്‍ജികള്‍ തള്ളിയത്. സെബിയുടെ അധികാര പരിധിയില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
2023 ജനുവരി 24നാണ് അമേരിക്കന്‍ ഷോര്‍ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിക്കെതിരെ വലിയ തോതിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സ്റ്റോക്ക് വില പെരുപ്പിക്കാന്‍ ലക്ഷ്യമിട്ട് വര്‍ഷങ്ങളായി അദാനി ഗ്രൂപ്പ് നിരവധി കൃത്രിമത്വങ്ങളും ദുഷ്പ്രവൃത്തികളും നടത്തി എന്നായിരുന്നു റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഷെയറുകളുടെ മൂല്യം വര്‍ധിപ്പിക്കാന്‍ അദാനി ഗ്രൂപ്പ് കടലാസ് കമ്പനികളെ ഉപയോഗിച്ചു. ഗൗതം അദാനിയുടെ കൂട്ടാളികള്‍തന്നെ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തി. 2013 മുതല്‍ 2018 വരെയുള്ള അദാനി ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ മൗറീഷ്യസില്‍ നിന്നുള്ള കടലാസ് കമ്പനികളാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കുമായിരുന്നു റിപ്പോര്‍ട്ട് തുടക്കമിട്ടത്.