സുപ്രീം കോടതി 
INDIA

സ്പെഷ്യൽ മാരേജ് ആക്ട്; വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന ആവശ്യം അംഗീകരിക്കാനാവില്ല, ഹർജി തള്ളി സുപ്രീം കോടതി

നിയമത്തിൽ പൊതുതാത്പര്യ ഹർജി വഴി ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി

വെബ് ഡെസ്ക്

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സ്പെഷ്യൽ മാര്യേജ് ആക്ടിന്റെ വ്യവസ്ഥകളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആക്ട് പ്രകാരം വിവാഹ അപേക്ഷകരുടെ വിവരങ്ങൾ പൊതു ഇടങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിരീക്ഷിച്ചു. നിയമത്തിൽ പൊതുതാത്പര്യ ഹർജി വഴി ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി അറിയിച്ചു.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നവർ അവരുടെ സ്വകാര്യ വിവരങ്ങൾ പൊതുസ്ഥലത്ത് പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയെ ചോദ്യം ചെയ്ത് മലയാളിയും മിശ്രവിവാഹിതയുമായ ആതിര ആർ മേനോനാണ് ഹർജി സമർപ്പിച്ചത്. വിവാഹത്തിൽ എതിർപ്പ് അറിയിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടെ ചോദ്യം ചെയ്തായിരുന്നു ഹർജി.

വ്യവസ്ഥകൾ നേരിട്ട് ബാധിക്കാത്ത വ്യക്തി നൽകുന്ന ഹർജിയെ പൊതുതാത്പര്യ ഹർജിയായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്

വിവാഹിതരാകുന്നവരുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബെലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. സ്പെഷ്യൽ മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം രജിസ്റ്റർ വിവാഹം പരസ്യപ്പെടുത്തുമ്പോൾ മറ്റ് വ്യക്തികൾക്ക് വിവാഹത്തെ എതിർക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ വ്യവസ്ഥകൾ നേരിട്ട് ബാധിക്കാത്ത വ്യക്തി നൽകുന്ന ഹർജിയെ പൊതുതാത്പര്യ ഹർജിയായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവർ വിവാഹം രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് 30 ദിവസം മുൻപെങ്കിലും അപേക്ഷ നൽകണമെന്നാണ് വ്യവസ്ഥ. കക്ഷികളുടെ സ്വകാര്യ വിശദാംശങ്ങൾ കൂടി ഉൾപ്പെടുന്നതാണ് അപേക്ഷ. അപേക്ഷ ഉദ്യോഗസ്ഥർ ഔദ്യോഗികമായി രേഖപ്പെടുത്തിയതിന് ശേഷം ഓഫീസിലെ ചുമരിൽ പതിപ്പിക്കും. നിയമത്തിലെ വ്യവസ്ഥ പ്രകാരം വിവാഹത്തിന് എതിർപ്പുള്ള ആർക്ക് വേണമെങ്കിലും അത് അറിയിക്കാമെന്ന സാഹചര്യമാണുള്ളത്. 1955ലെ ഹിന്ദു വിവാഹ നിയമത്തിലും ഇസ്ലാം മത നിയമങ്ങളിലും വിവാഹത്തിന് മുമ്പ് ഇത്തരം അറിയിപ്പ് ആവശ്യമില്ല.

സ്പെഷ്യൽ മാര്യേജ് ആക്ടിലെ ഈ വ്യവസ്ഥകൾ വിവേചനപരവും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന കക്ഷികളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതും അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഇല്ലാതാക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത ഉൾപ്പെടെയുള്ള വ്യവസ്ഥകൾക്ക് എതിരാണെന്നും അതുകൊണ്ട് വകുപ്പുകൾ റദ്ദാക്കണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ സുപ്രീം കോടതി ആവശ്യം അം​ഗീകരിച്ചില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ