INDIA

'പട്ടികജാതി വിഭാഗങ്ങള്‍ ഏകീകൃത വര്‍ഗമല്ല, ഉപവിഭാഗങ്ങൾക്ക് സംവരണം നൽകാം'; 2005ലെ വിധി തിരുത്തി സുപ്രീംകോടതി

വെബ് ഡെസ്ക്

പട്ടികജാതി വിഭാഗങ്ങളിലെ കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന വര്‍ഗങ്ങള്‍ക്ക് പ്രത്യേക സംവരണത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. കൂടുതല്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നവരിലേക്ക് ആനുകൂല്യങ്ങള്‍ എത്തുന്നതിന് ഉപവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാമെന്നാണ് ചരിത്രവിധിയിലൂടെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നോട്ടുവയ്ക്കുന്നത്.

ഇവി ചിന്നയ്യ കേസില്‍ 2005 സുപ്രീംകോടതി ഉത്തരവിനെ തന്നെ തിരുത്തുന്നതാണ് ഏഴംഗ ഭരണഘടനാ ബെഞ്ച് 6-1 ഭൂരിപക്ഷത്തില്‍ പുറപ്പെടുവിച്ച വിധി. ജസ്റ്റിസ് ബാല ത്രിവേദി മാത്രമാണ് വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. പിന്നാക്ക ഉപവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴായി പുറപ്പെടുവിച്ച ആറ് വിധികള്‍ നിലവിലുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

പട്ടികജാതി വിഭാഗമെന്നത് ഏകീകൃതവര്‍ഗമല്ലെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. ഉപവിഭാഗങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ ഏതു ഉപവിഭാഗത്തെയാണോ തിരഞ്ഞെടുക്കുന്നത് ആ വിഭാഗത്തിന്റെ പ്രാതിനിധ്യം അപര്യാപ്തമാണെന്ന് വസ്തുതാപരമായി സമര്‍ഥിക്കാനും സര്‍ക്കാരിന് സാധിക്കണമെന്നും ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കുന്നു.

പ്രത്യേക സംവരണവുമായി ബന്ധപ്പെട്ട് രണ്ട് വിഷയങ്ങളാണ് ഏഴംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. നിലവിൽ സംവരണം നൽകുന്ന ഒരു ജാതിവിഭാഗത്തിൽ വീണ്ടും ഉപവിഭാഗങ്ങൾ രൂപീകരിച്ച് സംവരണം അനുവദിക്കാൻ സാധിക്കുമോ? 2004ലെ ഇവി ചിന്നയ്യ വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിൽ പട്ടികജാതിയിൽ ഉൾപ്പെടുന്ന എല്ലാ വിഭാഗങ്ങളെയും ഏകീകൃത വിഭാഗമായാണ് കണ്ടത്, ഉപവിഭാഗങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം സംവരണം നൽകരുത് എന്ന അന്നത്തെ കോടതി നിരീക്ഷണം ശരിയാണോ? ഭരണഘടനയുടെ അനുച്ഛേദം 341 ആണ് ഇതിനു കാരണമായി കോടതി അന്ന് ഉയർത്തിക്കാണിച്ചത്.

എന്നാൽ പട്ടികജാതിയെ ഏകീകൃതവർഗമായി കാണാൻ സാധിക്കില്ലെന്നും അതിലെ ഉപവിഭാഗങ്ങൾക്ക് പ്രത്യേക സംവരണം നൽകുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദം വിവക്ഷിക്കുന്ന തുല്യതയ്ക്കെതിരാകില്ലെന്നും അനുച്ഛേദം 341നെയും ലംഘിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വിധിയിൽ പറയുന്നു.

അനുച്ഛേദം 15, 16 എന്നിവ പട്ടികജാതിയിലെ ഉപവിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിന് എതിരല്ലെന്നും ചന്ദ്രചൂഡ് പറയുന്നു. എന്നാൽ ഈ വിധിയിലൂടെ സർക്കാരുകൾക്ക് തങ്ങളുടെ രാഷ്ട്രീയ താത്പര്യമനുസരിച്ച് ഏതെങ്കിലും വിഭാഗത്തിന് സംവരണം നൽകാൻ സാധിക്കില്ലെന്നും ആ വിഭാഗത്തിന്റെ പ്രാതിനിധ്യം അപര്യാപ്തമാണെന്ന് സർക്കാരുകൾ തെളിയിക്കണമെന്നും ഈ പ്രക്രിയകൾ മുഴുവൻ കോടതിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും വിധിന്യായം പറയുന്നു.

കൂടുതൽ പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകുകയെന്നത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് ജസ്റ്റിസ് ബി ആർ ഗവായി തന്റെ വിധിന്യായത്തിൽ പറഞ്ഞത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലുള്ള വളരെ ചെറിയ വിഭാഗം ആളുകൾക്ക് മാത്രമാണ് സംവരണത്തിന്റെ ആനുകൂല്യങ്ങൾ ഇപ്പോൾ ലഭിക്കുന്നതെന്നും നൂറ്റാണ്ടുകളായി അടിച്ചമർത്തലനുഭവിക്കുന്ന വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിധിന്യായത്തിൽ പറയുന്നു.

ഇ വി ചിന്നയ്യ കേസിലെ വിധിയിൽ സംവരണത്തിന്റെ അടിസ്ഥാനം അനുച്ഛേദം 341 മാത്രമാണെന്ന് കരുതിയതിയിടത്താണ് പിഴവ് സംഭവിച്ചതെന്നും സംവരണം നൽകേണ്ടുന്ന ജാതിവിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് മാത്രമാണ് അനുച്ഛേദം 341 പറയുന്നതെന്നും അദ്ദേഹം വിധിന്യായത്തിൽ പറയുന്നു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ മേൽത്തട്ടിനെ തിരിച്ചറിയാൻ സർക്കാർ പ്രത്യേകനയം രൂപീകരിക്കണമെന്നും അതിലൂടെ മാത്രമേ കൂടുതൽ അടിച്ചമർത്തൽ അനുഭവിക്കുന്ന വിഭാഗങ്ങളെ കണ്ടെത്താൻ സാധിക്കൂയെന്നും അദ്ദേഹം വിധിന്യായത്തിൽ കൂട്ടിച്ചേർക്കുന്നു.

ഇവി ചിന്നയ്യ കേസിൽ ഉയർന്ന ന്യായം തന്നെയാണ് വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ത്രിവേദിയും ഉയർത്തിയത്. അനുച്ഛേദനം 341ൽ ഉൾപ്പെടുത്തിയിട്ടുള്ള പട്ടികയിൽ ഉൾപ്പെടുത്താത്ത വിഭാഗങ്ങൾക്ക് സംവരണം നൽകണമെങ്കിൽ അത് പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ മാത്രമേ സാധിക്കൂയെന്നാണ് ജസ്റ്റിസ് ത്രിവേദിയുടെ പക്ഷം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്