INDIA

ഫ്‌ളൈറ്റുകളില്‍ മോശം പെരുമാറ്റം തുടര്‍ക്കഥയാകുന്നു; യാത്രക്കാരനെ പുറത്താക്കി സ്പൈസ് ജെറ്റ്

മുന്‍പ് എയര്‍ ഇന്ത്യയിലും ഇന്‍ഡിഗോയിലും യാത്രക്കാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

വെബ് ഡെസ്ക്

വനിതാ ക്യാബിന്‍ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് യാത്രക്കാരനെ പുറത്താക്കി സ്പൈസ് ജെറ്റ്. തിങ്കളാഴ്ച ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട SG-8133 വിമാനത്തിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.വനിതാ ക്രൂ അംഗത്തോട് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് വിമാന ജീവനക്കാരും യാത്രക്കാരനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഡല്‍ഹിയില്‍ ബോര്‍ഡിംഗ് സമയത്ത്, യാത്രക്കാരന്‍ അപമര്യാദയായി പെരുമാറുകയും ക്യാബിന്‍ ക്രൂവിനെ ശല്യപ്പെടുത്തുകയും ചെയ്തു. ജീവനക്കാര്‍ ഇക്കാര്യം പിഐസിയെയും സെക്യൂരിറ്റി സ്റ്റാഫിനെയും അറിയിച്ചതിനെത്തുടര്‍ന്ന് ഈ യാത്രക്കാരനെയും ഒരു സഹയാത്രികനെയും സുരക്ഷാ സംഘത്തിന് കൈമാറിയെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

യാത്രക്കാരന്‍ തന്റെ ദേഹത്ത് സ്പര്‍ശിച്ചതായി ജീവനക്കാര്‍ ആരോപിച്ചു. എന്നാല്‍ വിമാനത്തിലെ സ്ഥലപരിമിതി കാരണമുണ്ടായ മനഃപൂര്‍വമല്ലാത്ത സംഭവമെന്നായിരുന്നു യാത്രക്കാരുടെ വാദം.യാത്രക്കാരന്‍ പിന്നീട് രേഖാമൂലം ക്ഷമാപണം നടത്തിയെങ്കിലും അദ്ദേഹത്തെ ഇറക്കിവിടുകയായിരുന്നു.

എയര്‍ ഇന്ത്യ വിമാനങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന അനിഷ്ഠസംഭവങ്ങളെത്തുടര്‍ന്ന് ഈ മാസം 9 ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ അക്കൗണ്ടബിള്‍ മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ യാത്രക്കാരന്‍ ടോയ്ലറ്റില്‍ പുകവലിക്കുകയും മദ്യപിക്കുകയും ചെയ്ത സംഭവം കുറച്ചു നാളുകള്‍ക്കുമുന്‍പാണ് നടന്നത്. യാത്രികയായ സ്ത്രീ ശൗചാലയത്തിലേക്ക് പോയപ്പോള്‍ മറ്റൊരു യാത്രക്കാരന്‍ ആ ഒഴിഞ്ഞ സീറ്റില്‍ കിടന്നുറങ്ങിയ സംഭവവും ഉണ്ടായിരുന്നു.

ഇന്‍ഡിഗോ എയര്‍ലൈന്‍സിലും ജനുവരിയില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. വിമാനത്തില്‍ മദ്യപിച്ചെത്തിയ രണ്ട് യാത്രക്കാര്‍ തമ്മില്‍ വിമാനത്തിനുള്ളില്‍ വെച്ച് വാക്കേറ്റം ഉണ്ടാകുകയായിരുന്നു. എന്നാല്‍ അത്തരത്തില്‍ സംഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു എയര്‍ലൈന്‍ അധികൃതരുടെ വാദം. എന്നാല്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ രണ്ട് യാത്രക്കാരെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് എയര്‍ലൈന്‍സ് വിശദീകരണം നല്‍കിയത്.

പ്രതിക്കെതിരെ ഇന്‍ഡിഗോ മാനേജര്‍ രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് പട്ന എയര്‍പോര്‍ട്ട് എസ്എച്ച്ഒ റോബര്‍ട്ട് പീറ്റര്‍ വ്യക്തമാക്കിയിരുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം