പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കായിക പരിശീലകന് 5 വര്‍ഷം തടവും 10,000 രൂപ പിഴയും. മുംബൈ മുനിസിപ്പൽ സ്‌കൂളിലെ വിദ്യാർത്ഥികളെ സ്പോർട്സ് ടൂർണമെന്റിനെന്ന വ്യാജേന റിസോർട്ടിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്ന കേസിലാണ് വിധി. ലാഗോറി, ഗുസ്തി പരിശീലകനായ 42 കാരനെയാണ് പ്രത്യേക പോക്സോ കോടതി 5 വർഷത്തെ തടവിന് വിധിച്ചത്.
കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) നിയമത്തിലെ സെക്ഷൻ 10 (ഗുരുതരമായ ലൈംഗികാതിക്രമം) പീഡനത്തിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകൾ തുടങ്ങിയ വകുപ്പുകള്‍ ശരിവച്ചാണ് പ്രത്യേക ജഡ്ജി എസ് സി ജാദവ് കോച്ച് ശിക്ഷ വിധിച്ചത്.
ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ കുട്ടികളെ ലാഗോറിയും ഗുസ്തിയും പരിശീലിപ്പിക്കാനാണ് ഇയാളെ സ്കൂള്‍ നിയമിച്ചത്.15 പെൺകുട്ടികളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. 2016 ജൂലൈയിൽ അലിബാഗിൽ നടക്കുന്ന സംസ്ഥാന തല ഗുസ്തി മത്സരത്തിൽ പങ്കെടുക്കണമെന്നും അതിനായി 2000 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു .
മത്സരത്തിനായി 2016 ജൂലൈ 30 ന് വിദ്യാർത്ഥികളോട് വീടിനടുത്ത് എത്താൻ പറഞ്ഞ പ്രതി അവിടെ നിന്ന് അലിബാഗിലേക്കുള്ള യാത്രാ മദ്ധ്യേ ടൂർണമെന്റ് റദ്ദാക്കിയെന്ന് പറയുകയും റായ്‌ഗഡ് ജില്ലയിലെ പെന്നിലുള്ള ഒരു റിസോർട്ടിലേക്ക് 14 വിദ്യാർത്ഥികളെയും സ്കൂളിലെ ഒരു ജീവനക്കാരിയെയും കൊണ്ടുപോകുകയായിരുന്നു.
റിസോർട്ടിലും ബസിലും വെച്ച് ഇയാള്‍ അനാവശ്യമായി സ്പർശിച്ച വിവരം തിരികെ വീട്ടിൽ എത്തിയ പെൺകുട്ടികളിലൊരാൾ രക്ഷിതാക്കളെ അറിയിച്ചു. ഇതേ തുടർന്ന് ഇവർ മുംബൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. 2016 സെപ്റ്റംബറിൽ പോലീസ് അറസ്റ് ചെയ്ത ഇയാള്‍ക്ക് 2017 ജനുവരിയിൽ ജാമ്യം ലഭിച്ചു.
കള്ളക്കേസാണിതെന്നും കുട്ടികളുടെ നിർബന്ധത്തിനു വഴങ്ങിയാണ് റിസോർട്ടിലേക്ക് കൊണ്ടുപോയതെന്നുമാണ് വിചാരണാ വേളയിൽ പരിശീലകൻ മൊഴി നൽകിയത്. പ്രതി രണ്ട് ദിവസം മുൻപേ റിസോർട്ടിൽ മുറി ബുക്ക് ചെയ്തതായുള്ള റിസോർട്ട് മാനേജരുടെ മൊഴിയും, അഞ്ച് വിദ്യാർത്ഥികൾ, പരാതിക്കാരനായ രക്ഷിതാവ്, റിസോർട്ട് മാനേജർ ഉൾപ്പെടെ 10 സാക്ഷി മൊഴികളും എതിരായതോടെയാണ് കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.