മണിപ്പൂരിൽ വീണ്ടും അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ, ജമ്മു കശ്മീരിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാകേഷ് ബൽവാളിന് സംസ്ഥാനത്തേക്ക് പുനഃനിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മണിപ്പൂരിൽ രണ്ട് വിദ്യാർഥികൾ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. നിലവിലെ ക്രമസമാധാന നില കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ച് ഒരു മാസത്തിന് ശേഷമാണിത്. ഈ സാഹചര്യത്തിൽ, രാകേഷ് ബൽവാളിനെ എജിഎംയുടി കേഡറിൽ നിന്ന് മണിപ്പൂർ കേഡറിലേക്ക് ദ്രുതഗതിയിൽ തിരിച്ചയക്കാനുള്ള നിർദേശത്തിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകിയതായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞു.
ജൂലൈയിൽ കാണാതായ മെയ്തി സമുദായത്തിൽപ്പെട്ട രണ്ട് വിദ്യാർഥികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച മണിപ്പൂരിൽ വീണ്ടും ആക്രമണം ഉണ്ടായിരുന്നു
ശ്രീനഗർ സീനിയർ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന, മണിപ്പൂർ കേഡറിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് രാകേഷ് ബെല്‍വാള്‍. 2021 ലാണ് ശ്രീനഗറിലെ സീനിയർ പോലീസ് സൂപ്രണ്ടായി (എസ്എസ്പി) അദ്ദേഹം ചുമതലയേറ്റത്. 2018 വരെ ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) പോലീസ് സൂപ്രണ്ടായി നാല് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ലെ പുൽവാമ ഭീകരാക്രമണം അന്വേഷിച്ച സംഘത്തിന്റെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ജൂലൈയിൽ കാണാതായ മെയ്തി സമുദായത്തിൽപ്പെട്ട രണ്ട് വിദ്യാർഥികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച മണിപ്പൂരിൽ വീണ്ടും ആക്രമണം ഉണ്ടായിരുന്നു. സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചതിന് തൊട്ടുപിന്നാലെ രണ്ട് വിദ്യാർഥികളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ജൂലൈ 6 ന് ഇരുവരും ഒളിച്ചോടിയതാകാമെന്നും രക്ഷപ്പെടുന്നതിനിടെ കുക്കി സമുദായത്തിന് ആധിപത്യമുള്ള പ്രദേശത്ത് കുടുങ്ങിയതാകാമെന്നും പ്രാഥമിക അന്വേഷണത്തിൽ പോലീസ് അറിയിച്ചു. ഇവിടെനിന്ന് അവരെ തട്ടിക്കൊണ്ട് പോയാണ് കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
പിന്നാലെ, പ്രദേശവാസികളും വിദ്യാർഥികളുമുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച രാത്രി ഉറിപോക്ക്, യൈസ്കുൽ, സഗോൽബന്ദ്, തേര പ്രദേശങ്ങളിൽ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ മുപ്പതോളം പേർക്ക് പരുകേറ്റതായാണ് റിപ്പോർട്ട്. വീണ്ടും അക്രമമുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് വിച്ഛേദിച്ച് സംസ്ഥാന സർക്കാർ വീണ്ടും ഉത്തരവിറക്കി. കേസ് സിബിഐക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.