INDIA

പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ വീണ്ടും ലൈംഗികാതിക്രമം; ഇത്തവണ ഇരയായത് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരി

ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ അമന്‍ രാജാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്

വെബ് ഡെസ്ക്

രാജ്യത്തെ നടുക്കിയ കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗക്കൊലയ്ക്ക് പിന്നാലെ വീണ്ടും ഞെട്ടിച്ച് പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ ലൈംഗികാതിക്രമം. ഹൗറയിലെ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമമുണ്ടായത്. ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ അമന്‍ രാജാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയ കുട്ടിയെ സിടി സ്‌കാനിന് വിധേയയാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം സ്‌കാന്‍ ചെയ്യാനായാണ് മാതാപിതാക്കള്‍ക്കൊപ്പം കുട്ടി ആശുപത്രി വളപ്പിലെ ലാബില്‍ എത്തിയത്.

സ്‌കാനിങ് റൂമിലേക്ക് കയറ്റിയ കുട്ടി അല്‍പനേരത്തിനു ശേഷം നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. ആ സമയം സ്‌കാനിങ് റൂമിന് പുറത്തുണ്ടായിരുന്നു മറ്റ് രോഗികളു2െ ബന്ധുക്കളുടെ അടുത്തേക്കാണ് സഹായം അഭ്യര്‍ഥിച്ചുകൊണ്ട് കുട്ടി ഓടിയെത്തിയത്. കാര്യമന്വേഷിച്ച അവരോട് ലാബ് ടെക്‌നീഷ്യന്‍ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും കീഴ്‌പ്പെടുത്താന്‍ ബലംപ്രയോഗിച്ചെന്നും കുട്ടി പറഞ്ഞു.

ഇതിനിടെ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ മാതാപിതാക്കളും മറ്റു രോഗികളുടെ ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇയാള്‍ ആശുപത്രിയിലെ കരാര്‍ ജീവനക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. പോലീസിന് കൈമാറിയ ഇയാള്‍ക്കെതിരേ പോക്‌സോ ചുമത്തി ഇന്ന് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.

സംഭവം വലിയ വാര്‍ത്തയായതോടെ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരേ വീണ്ടും ജനരോഷം ഉയരുകയാണ്. സംഭവം നടന്ന ഹൗറയിലെ ആശുപത്രിയിലേക്ക് സിപിഎമ്മിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും മറ്റും നടന്നു. അനിഷ്ട സംഭവങ്ങളും ആക്രമണങ്ങളും ഒഴിവാക്കാന്‍ ആശുപത്രിക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബംഗാളില്‍ ആശുപത്രിയില്‍ രോഗികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും നേരെ ലൈംഗികാതിമ്രം തുടര്‍ക്കഥയാകുകയാണ്. ഇതില്‍ ഒടുവിലത്തേതാണ് ഇത്. ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിന്റെ സെമിനാര്‍ ഹാളില്‍ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ഉണ്ടായിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളു. സംഭവം ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ആശുപത്രികളില്‍ വനിതകള്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരേ സുപ്രീംകോടതി അതിരൂക്ഷ വിമര്‍ശനമാണ് നടത്തിയത്. വനിതാ ഡോക്ടറുടെ മരണത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി മതിയായ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതു നടപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ഇന്നലത്തെ സംഭവവും സൂചിപ്പിക്കുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി