INDIA

ദുര്‍ബലർക്കായി ജീവിച്ചു, ഭരണകൂടം ജയിലിലിട്ടു, നീതികിട്ടാതെ മരിച്ചു; സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വത്തിന് രണ്ടാണ്ട്‌

ഭീമാ കൊറെഗാവ് കേസിൽ തടവിലാക്കി, നീതി കിട്ടാതെ സ്റ്റാൻ സ്വാമി എന്ന പുരോഹിതൻ മരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം

മുഹമ്മദ് റിസ്‌വാൻ

മർദ്ദിതരും നിസ്വരുമായ ജനതയ്ക്കുവേണ്ടിയുള്ള പ്രവർത്തനമാണ് ഏറ്റവും നല്ല ആത്മീയ പ്രവൃത്തിയെന്ന് കരുതി പ്രവർത്തിച്ച് ഒടുവിൽ തടവറയിൽ നീതികിട്ടാതെ ഒരു പുരോഹിതൻ മരിച്ചതിൻ്റെ വാർഷിക ദിനമാണ് ജൂലൈ അഞ്ച്. പാർശ്വവത്കൃതർക്കുവേണ്ടി ജീവിതം സമർപ്പിക്കുകയും അവരുടെ അവകാശങ്ങൾക്കായി രാപകൽ പ്രയത്നിക്കുകയും ചെയ്ത് ഒടുവിൽ തടവറകൾക്കുള്ളിൽ ജീവൻ വെടിയേണ്ടി വന്ന ഫാ. സ്റ്റനിസ്ലാവോസ് ലൂർദ് സ്വാമിയെന്ന ജെസ്യൂട്ട് പുരോഹിതന്റെ ഓർമദിനം.

2020 ഒക്ടോബറിലാണ് ഫാദർ സ്റ്റാൻ സ്വാമി ഭീമാ കോറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. മാവോയിസ്റ്റ് ബന്ധമെന്ന ആരോപണമായിരുന്നു മറ്റു പലർക്കുമെതിരെയെന്ന പോലെ സ്റ്റാൻ സ്വാമിക്കുമെതിരെയും ചുമത്തപ്പെട്ടത്. തുടർന്ന് ഒൻപത് മാസത്തെ ജയിൽ വാസം. ഒടുവിൽ ആശുപത്രി കിടക്കയിൽ മരണം.

ജയിലിൽ കഴിയുന്ന കാലമത്രയും ഒരുപാട് അനീതികളും അവകാശ ധ്വംസനങ്ങൾക്കും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പാർക്കിൻസൺ രോഗിയായ അദ്ദേഹത്തിന് വെള്ളം കുടിക്കാനുള്ള സ്‌ട്രോയ്ക്കും ഭക്ഷണം കഴിക്കാനുള്ള സ്പൂണും ലഭിക്കാൻ കാത്തിരിക്കേണ്ടി വന്നത് മൂന്നാഴ്ചയാണ്.

ആദിവാസി മേഖലകളിൽ കാലങ്ങളായി ചൂഷണം നടക്കുന്ന ഭൂമി, വനം, തൊഴിൽ അവകാശങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു മൂന്ന് പതിററാണ്ടിലേറെ അദ്ദേഹം പ്രവർത്തിച്ചത്

ജനാധിപത്യരാജ്യത്ത് ഒരു മനുഷ്യന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങൾ ആ വയോധികന് നൽകാൻ പലപ്പോഴും നീതിന്യായ സംവിധാനങ്ങൾ വരെ വിമുഖത കാണിച്ചു. തന്റെ പ്രായവും ആരോഗ്യസ്ഥിതിയുമെല്ലാം പല തവണ കോടതികളെയും അധികാരികളെയും ബോധിപ്പിച്ചെങ്കിലും ആരും ചെവികൊണ്ടില്ല. ജാമ്യമാണ്, ജയിലല്ല നീതിയെന്ന ജനാധിപത്യമര്യാദയും പാലിക്കപ്പെട്ടില്ല. തന്റെ സുഹൃത്തുക്കളോടൊപ്പം കഴിയാനുള്ള ഇടക്കാല ജാമ്യം അനുവദിക്കുകയോ അല്ലെങ്കിൽ ജയിലിൽ കിടന്ന് മരിക്കാൻ അനുവദിക്കുകയോെ ചെയ്യണമെന്ന് ആ വന്ധ്യവയോധികൻ ആവശ്യപ്പെട്ടപ്പോഴും കോടതി കനിഞ്ഞില്ല

1975 മുതൽ 11 വർഷം ബംഗളുരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ച ശേഷമാണ് സ്റ്റാൻ സ്വാമി ജാർഖണ്ഡിലെത്തുന്നത്. അവിടെ കണ്ട കാഴ്ചകളും ഉണ്ടായ അനുഭവങ്ങളും സംസ്ഥാനത്തെ ആദിവാസി- ഗോത്ര വിഭാഗങ്ങൾക്കുവേണ്ടി നിലകൊള്ളാൻ മനുഷ്യസ്നേഹിയായ ആ പുരോഹിതനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ആവാസഭൂമിക്കായുള്ള വനമക്കളുടെ പോരാട്ടങ്ങളിൽ ഫാദർ സ്റ്റാൻ സ്വാമി ഭാഗമാകുന്നത്. തുടർന്ന് അവരുടെ പോരാട്ടങ്ങളുടെ മുൻനിരയിൽ സ്റ്റാൻ സ്വാമിയെന്ന ചുണ്ടിൽ എപ്പോഴുമൊരു ചെറുപുഞ്ചിരിയുമായി നടക്കുന്ന ആ വൈദികൻ നിലയുറപ്പിച്ചു

കോവിഡ് ബാധിതനായാണ് സ്റ്റാൻ സ്വാമി മരിച്ചതെങ്കിലും അതിനെ സ്ഥാപനവത്കൃത കൊലപാതകമായിട്ടാണ് മനുഷ്യാവകാശ സംഘടനകൾ കണ്ടത്. ആദിവാസി- ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി തികച്ചും ജനാധിപത്യ രീതിയിൽ പോരാടിയെന്നതായിരുന്നു സ്റ്റാൻ സ്വാമി ചെയ്ത കുറ്റം. തമിഴ്‌നാട് സ്വദേശിയായ അദ്ദേഹം ബംഗളുരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായിയിരുന്നു. 1975 മുതൽ 11 വർഷം അവിടെ പ്രവർത്തിച്ച ശേഷമാണ് ജാർഖണ്ഡിലെത്തുന്നത്. അവിടെ കണ്ട കാഴ്ചകളും ഉണ്ടായ അനുഭവങ്ങളും സംസ്ഥാനത്തെ ആദിവാസി- ഗോത്ര വിഭാഗങ്ങൾക്കുവേണ്ടി നിലകൊള്ളാൻ മനുഷ്യസ്നേഹിയായ ആ പുരോഹിതനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ആവാസഭൂമിക്കായുള്ള വനമക്കളുടെ പോരാട്ടങ്ങളിൽ ഫാദർ സ്റ്റാൻ സ്വാമി ഭാഗമാകുന്നത്. തുടർന്ന് അവരുടെ പോരാട്ടങ്ങളുടെ മുൻനിരയിൽ സ്റ്റാൻ സ്വാമിയെന്ന ചുണ്ടിൽ എപ്പോഴുമൊരു ചെറുപുഞ്ചിരിയുമായി നടക്കുന്ന ആ വൈദികൻ നിലയുറപ്പിച്ചു.

ആദിവാസി മേഖലകളിൽ കാലങ്ങളായി ചൂഷണം നടക്കുന്ന ഭൂമി, വനം, തൊഴിൽ അവകാശങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു മൂന്ന് പതിറ്റാണ്ടിലേറെ അദ്ദേഹം പ്രവർത്തിച്ചത്. അവരുടെ ക്ഷേമത്തിനായി ഭരണഘടനയുടെ അഞ്ചാം പട്ടിക വ്യവസ്ഥ ചെയ്യുന്ന ഗോത്ര ഉപദേശക സമിതിയുടെ രൂപീകരണത്തിനായി അദ്ദേഹം വാദിച്ചു. ചെറുകിട, വൻകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള ജാർഖണ്ഡ് സർക്കാരിന്റെ തീരുമാനങ്ങളെയും സ്റ്റാൻ സ്വാമി എതിർത്തിരുന്നു. തൊണ്ണൂറുകളിൽ അദ്ദേഹം നേതൃത്വം നൽകിയ പല സമരങ്ങളും നൂറുകണക്കിന് ആദിവാസികളുടെ കണ്ണീരാണ് ഒപ്പിയത്. അതായിരുന്നു ആ മനുഷ്യൻ ജീവിതദൗത്യമായി കണ്ടത്. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ സർക്കാർ പിന്തുണയോടെ വനഭൂമി കയ്യേറാനെത്തിയ ഖനി വ്യവസായികൾ ഉൾപ്പെടെയുള്ളവരുടെ കണ്ണിലെ കരടാക്കിയത്.

ബിജെപി സർക്കാർ 2014-ൽ അധികാരമേറ്റതോടെ കാര്യങ്ങൾ കൂടുതൽ കടുത്തു. മൂവായിരത്തോളം ആദിവാസി യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തുറുങ്കിലടയ്ക്കാൻ ഭരണകൂടം ശ്രമിച്ചപ്പോൾ അവിടെയും സ്റ്റാൻ സ്വാമി വിലങ്ങുതടിയാകുകയായിരുന്നു. സന്ധിയില്ലാതെ പോരാട്ടം നടത്തിയിരുന്ന അദ്ദേഹം കേസുമായി ഹൈക്കോടതിയിലെത്തി. ഒടുവിൽ അദ്ദേഹം കുറ്റാരോപിതരിൽ 96 ശതമാനം പേരും നിരപരാധികളാണെന്ന് തെളിയിക്കുകയും ചെയ്തു. ഭരണകൂടത്തെ വെല്ലുവിളിച്ചുനടത്തിയ സാഹസിക പോരാട്ടമാണ് അധികാരസ്ഥാനങ്ങളിലുള്ളവരെ വിളറിപിടിപ്പിച്ചതും അദ്ദേഹത്തിന് ജയിലിലേക്കുള്ള വഴിയൊരുക്കിയതും.

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ 2018 ജനുവരി ഒന്നിന്‌ പുലർച്ചെയുണ്ടായ സംഘർഷത്തിന്റെ പേരിലെടുത്ത 'എൽഗർ പരിഷത്' കേസിൽ ഒടുവിൽ അദ്ദേഹം പ്രതിസ്ഥാനത്തെത്തി. 2020 ഒക്ടോബർ എട്ടിന് ദേശീയ അന്വേഷണ ഏജൻസി അദ്ദേഹത്തെ റാഞ്ചിയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. അവിടെനിന്ന് നേരെ നവിമുംബൈ ജയിലിലേക്ക്. യുഎപിഎയും രാജ്യദ്രോഹക്കുറ്റവുമെല്ലാം അദ്ദേഹത്തിനുമേൽ ചാർത്തപ്പെട്ടു.

2021 മാർച്ചിൽ ജാമ്യാപേക്ഷയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചു. പിന്നീട് അസുഖബാധിതനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ നൽകിയ അപേക്ഷ പരിഗണിച്ച് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വൈകി ലഭിച്ച ചികിത്സക്കിടക്കയിൽ പത്ത് ദിനങ്ങൾക്കപ്പുറം തന്റെ 84-ാം വയസിൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി