കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നല്‍കിയതിന് പിന്നാലെയായിരുന്നു വിമര്‍ശനം. സംസ്ഥാനത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥത വരുത്തിവക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ഇടക്കാല ആശ്വാസം നേടാന്‍ സാധിക്കില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്തും കെ വി വിശ്വനാഥനും വ്യക്തമാക്കി.
അധിക വായ്പയെടുക്കാന്‍ ഇടക്കാല ആശ്വാസം തേടിയുള്ള ഇത്തരം അപേക്ഷ പരിഗണിച്ചാല്‍ പരിധിയില്‍ കൂടുതല്‍ കടമെടുക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ തരത്തിലുള്ള മോശം മാതൃക സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
''കഴിഞ്ഞ വര്‍ഷത്തെ കടമെടുപ്പിന്റെ അമിത വിനിയോഗം കണക്കിലെടുത്താല്‍ പ്രഥമ ദൃഷ്ട്യാ കേന്ദ്രത്തിന്റെ വാദം അംഗീകരിക്കേണ്ടി വരും. 14ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച അളവിലും കടമെടുപ്പ് കഴിഞ്ഞിരിക്കുന്നു. എന്നാലും ഈ വിഷയത്തില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടതുണ്ട്'', കോടതി പറഞ്ഞു.
10,722 കോടി കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിനായില്ലെന്നും കോടതി വ്യക്തമാക്കി. ഒരു വര്‍ഷം നല്‍കുന്ന അധിക തുക അടുത്ത വര്‍ഷം വെട്ടിക്കുറയ്ക്കാന്‍ അവകാശമുണ്ടെന്ന കേന്ദ്ര വാദവും കോടതി അംഗീകരിച്ചു.
10,000 കോടി കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ അപേക്ഷയും സുപ്രീം കോടതി നിരസിച്ചിരുന്നു. സുപ്രീം കോടതിയുടെ ഇടപെടലിന്റെ ഫലമായി കേരളത്തിന് ഗണ്യമായ തുക വായ്പയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ അപേക്ഷ തള്ളിയത്.
മാര്‍ച്ച് 19 ന് കേന്ദ്രം 8742 കോടി രൂപയ്ക്കും 4866 കോടി രൂപയ്ക്കും സമ്മതം നല്‍കി. ഇത് മൊത്തം 13,608 കോടി രൂപ വരും. ഈ പശ്ചാത്തലത്തില്‍, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് കാര്യമായ ആശ്വാസം ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി. 2024 മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷാവസാനത്തിന് മുമ്പ് കേരളത്തിന്റെ അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കോടതി ശ്രമിച്ചിരുന്നെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.