നരേന്ദ്രമോദി നയിക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് പിന്നാലെ രാജ്യത്തെ ഓഹരി വിപണികളില്‍ തകര്‍ച്ച. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള മൂലധന നേട്ട നികുതി 10ല്‍ നിന്ന് 12.5 ശതമാനമാക്കിയ പ്രഖ്യാപനമാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് 20 ശതമാനമാണ് ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക്. രൂപയും റെക്കോഡ് ഇടിവ് നേരിട്ടു. നിഫ്റ്റി 50 പോയിന്റും, ബിഎസ്ഇ സെന്‍സെക്സ് ഒരു ശതമാനവും വീതം ഇടിഞ്ഞ് യഥാക്രമം 24,225, 80,024 എന്നിങ്ങനെയാണ് വ്യാപാരം പുരോഗമിക്കുന്നത്. യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.69 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് വീണു.
സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് വിപണിയെ നേരിട്ട് ബാധിച്ച മറ്റൊരു നടപടി. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ആറ് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറഞ്ഞത്. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6,495 രൂപയും പവന് 2,000 രൂപ താഴ്ന്ന് 51,960 രൂപയുമായി. ചൊവ്വാഴ്ച രാവിലെ ഗ്രാമിന് 6,745 രൂപയില്‍ ആരംഭിച്ച വ്യാപാരമാണ് ബജറ്റിന് പിന്നാലെ ഇടിവ് നേരിട്ടത്. ബജറ്റ് പ്രഖ്യാപനത്തില്‍ ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമാകുമ്പോള്‍ വിലയില്‍ ഏകദേശം 4,223 രൂപയുടെ കുറവ് വരുമെന്നാണ് വിലയിരുത്തല്‍.
നിര്‍മല സീതാരാമന്റെ പ്രഖ്യാപനം ജ്വല്ലറി ഓഹരികളില്‍ ഉയര്‍ച്ചയ്ക്ക് കാരണമായി. പി സി ജുവലര്‍, സെന്‍കോ ഗോള്‍ഡ്, തങ്കമയില്‍ ജുവലറി, ടൈറ്റന്‍ തുടങ്ങിയ ജുവല്ലറിയുടെ ഓഹരികള്‍ നേട്ടം കൈവരിച്ചു. കല്യാണ്‍ ജുവലേസ് ഓഹരികളും വലിയ മുന്നേറ്റം കാഴ്ചവച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കമുള്ള സ്വര്‍ണക്കള്ളക്കടത്ത് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുറയ്ക്കുന്നത്. വെള്ളിക്കും ഇത് പ്രതീക്ഷ നല്‍കുന്നു.