വന്‍പ്രഖ്യാപനങ്ങളും പദ്ധതികളുമില്ലാതെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് വിപണിയിലുണ്ടാക്കിയത് ആശയക്കുഴപ്പം. പാര്‍ലമെന്റില്‍ ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം അവസാനിച്ചതിനു തൊട്ടുപിന്നാലെ വിപണി കുത്തനെ ഇടിഞ്ഞു. പിന്നീട് സാവധാനം നഷ്ടം നികത്തിയ നിഫ്റ്റിയും സെന്‍സെക്‌സും കൃത്യമായ ഉയര്‍ച്ചകാണിക്കാതെ ഏറ്റക്കുറച്ചിലുകളുമായാണ് മുന്നോട്ടുപോകുന്നത്.
അമ്പത്തിയെട്ടു മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗം അവസാനിച്ചതിനു തൊട്ടുപിന്നാലെ വന്‍ ഇടിവാണ് വിപണി നേരിട്ടത്. നിഫ്റ്റി 60 പോയിന്റും സെന്‍സെക്‌സ് 170 കുത്തനെ ഇടിഞ്ഞത് ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ സാവധാനമുള്ള തിരിച്ചുവരവിനാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. എന്നാല്‍ നികുതി സ്ലാബുകളിലോ പ്രത്യക്ഷ പരോക്ഷ നികുതികളിലോ മാറ്റമൊന്നും വരുത്താതെയുള്ള ബജറ്റ് പ്രസംഗം പ്രതീക്ഷിച്ച ചലനം വിപണിയിലുണ്ടാക്കിയില്ല.
വലിയ പദ്ധതികളും പ്രഖ്യാപനങ്ങളും ഇല്ലാതെ പോയതാണ് സ്‌റ്റോക്ക് മാര്‍ക്കറ്റിനെ തളര്‍ത്തിയത്. വളര്‍ച്ചയെ സഹായിക്കുന്ന സാമ്പത്തിക നയങ്ങള്‍ മാത്രമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ഉത്പാദന ക്ഷമത ലക്ഷ്യമിടുന്ന നയങ്ങള്‍ക്കാണ് മുന്‍ഗണനയുണ്ടാകുകയെന്നും ധനമന്ത്രി പറയുമ്പോഴും അതിനെ വിപണി മുഖവിലയ്‌ക്കെടുത്തില്ലെന്നു വേണം ഈ ചാഞ്ചാട്ടത്തില്‍ നിന്നു മനസിലാക്കാന്‍.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി നിര്‍മല സിതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. 2024ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രതീക്ഷ പങ്കുവച്ച ധനമന്ത്രി സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവരുടെ വികാസനം എന്ന ലക്ഷ്യത്തിനൊപ്പം 2047ല്‍ വികസിത ഭാരതം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും പറഞ്ഞു.
രാജ്യത്തെ സമ്പദ്വ്യവസ്ഥയ്ക്ക് ശരിയായ മാനം കൊണ്ടുവരാന്‍ ജിഎസ്ടിക്കായെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യം സാധ്യമാക്കാന്‍ ജിഎസ്ടി കൊണ്ടുവന്നതിലൂടെ കഴിഞ്ഞെന്നും അതുവഴി നികുതി വരുമാനത്തില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടായെന്നും ഉദാഹരണ സഹിതം ധനമന്ത്രി വ്യക്തമാക്കി.
ഈ ജനുവരിയില്‍ ജിഎസ്ടിയിലൂടെ മാത്രം 1,72,129 കോടിയാണ് വരുമാനം ലഭിച്ചതെന്നും ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണെന്നും ധനമന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.4 ശതമാനത്തിന്റെ വരുമാനവളര്‍ച്ചയാണ് ജിഎസ്ടിയിലൂടെ കൈവരിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.