INDIA

പ്രതിഷേധങ്ങൾ അണയാതെ കൊൽക്കത്ത; വനിതാ ഡോക്ടർ കൊല്ലപ്പെട്ടിട്ട് ഒരു മാസം

വെബ് ഡെസ്ക്

കൊൽക്കത്തയില്‍ മുപ്പത്തിയൊന്നുകാരിയായ വനിതാ ഡോക്ടർ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട്‌ ഒരു മാസം പിന്നിടുമ്പോഴും പ്രതിഷേധത്തീ അണയാതെ കൊൽക്കത്ത. കഴിഞ്ഞ ദിവസം രാത്രി വിദ്യാർഥികൾ, കളിമൺ മോഡലർമാർ, റിക്ഷാ വലിക്കുന്നവർ, ജൂനിയർ ഡോക്ടർമാർ തുടങ്ങിയർ നയിച്ച വലിയ പ്രതിഷേധ റാലികളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത്. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവർക്കും ശിക്ഷ നൽകുക, സ്ത്രീകൾക്ക് ജോലി സ്ഥലങ്ങളിൽ സുരക്ഷാ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ തേടിയാണ് പ്രതിഷേധക്കാർ തെരുവുകൾ പ്രക്ഷുബ്ധമാക്കുന്നത്.

ഓഗസ്റ്റ് ഒൻപതാം തിയ്യതിയാണ് കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടറെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 36 മണിക്കൂർ നീണ്ട ഡ്യൂട്ടിക്ക് ശേഷം വിശ്രമിക്കാനായി പുലർച്ചെ 2 മണിയോടെ സെമിനാർ ഹാളിലേക്ക് പോയതായിരുന്നു അവര്‍. പിറ്റേന്ന് രാവിലെ ഒൻപത് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ ലൈംഗികാതിക്രമത്തിന്റെയും ബലാത്സംഗത്തിന്റെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നു.

എന്നാൽ, യുവതിയുടെ വീട്ടിലേക്ക് വിളിച്ച ആശുപത്രി അധികൃതർ, യുവതി ആത്മഹത്യ ചെയ്തുവെന്നാണ് മാതാപിതാക്കളെ അറിയിച്ചിരുന്നത്. ആശുപത്രിയിൽ എത്തിയ മാതാപിതാക്കളെ മൃതദേഹം കാണിക്കാതെ ഏറെനേരം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. വനിതാ ഡോക്ടർ രാത്രി ഒറ്റക്ക് സെമിനാർ ഹാളിലേക്ക് പോയത് നിരുത്തരവാദിത്വപരമാണെന്നായിരുന്നു ആശുപത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ ആയിരുന്ന ഡോ. സന്ദീപ് കുമാർ ഘോഷിൻറെ പ്രതികരണം.

പിന്നാലെ, വിഷയത്തില്‍ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. കൊൽക്കത്തയിൽ പെൺകുട്ടിക്ക് വേണ്ടി നീതി തേടി വലിയ പ്രതിഷേധങ്ങളും സമരങ്ങളും ആരംഭിച്ചതിനു ശേഷമാണ് ജൂനിയർ ഡോക്ടർ കൂട്ടബലാത്സംഗത്തിന് വിധേയയായി എന്ന് വ്യക്തമാക്കുന്ന ഓട്ടോപ്സി റിപ്പോർട്ട് പോലും പുറത്ത് വന്നത്. 24 മണിക്കൂർ സേവനങ്ങൾ പിൻവലിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) സംഭവത്തിൽ പ്രതിഷേധിച്ചു.

കുറ്റകൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ കൊൽക്കത്ത പോലീസ് സഞ്ജയ് റോയി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. 2019 മുതൽ സിവിൽ പോലീസ് വോളന്റിയർ ആണ് സഞ്ജയ് റോയി. കൊലപാതകം നടന്ന ദിവസത്തെ ഇയാളുടെ ചില നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പൊലീസിന് പിന്നാലെ സിബിഐ അന്വേഷണം ഏറ്റെടുത്തപ്പോൾ ഇയാളുൾപ്പടെ കേസിലെ പ്രധാന കക്ഷികളെ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി കേസ് സിബിഐക്ക് വിടണമെന്ന ആവശ്യമുയർന്നതിനെ തുടർന്ന് ഓഗസ്റ്റ് 23നാണ് കൽക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്. അതുവരെ കേസന്വേഷിച്ചത് സംസ്ഥാനസർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ്.

ഇതിനിടെ ആർജി കർ മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പലായ സന്ദീപ് ഘോഷിനെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ആർജി കർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകൾക്ക് ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്നും, ഈ വിവരങ്ങൾ ഇരയെ പെൺകുട്ടിക്ക് അറിയാമായിരുന്നത് കൊണ്ടാണോ ആക്രമിക്കപ്പെട്ടത് എന്ന സംശയവും ശക്തമായി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. പെൺകുട്ടി കൊല്ലപ്പെട്ടത് മുതൽ സന്ദീപ് ഘോഷിനെതിരെ നിരവധി ആരോപങ്ങൾ ഉയർന്നു വന്നിരുന്നു.

ഡോക്ടറുടെ കൊലപാതകം ബംഗാള്‍ രാഷ്ട്രീയത്തെയും കലുഷിതമാക്കി. വിഷയം മമത ബാനര്‍ജി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ ബിജെപി ആയുധമാക്കി. ഇതിനിടെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം നടന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് നടപടി ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഏറ്റവുമൊടുവില്‍ വിഷയത്തില്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ തന്നെ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്.

പാര്‍ട്ടിയുടെ രാജ്യസഭാ എംപി ജൗഹർ സിർകാർ രാജി സംഭവങ്ങള്‍ നീണ്ടുകഴിഞ്ഞു. ജൂനിയർ ഡോക്ടറെ ബലാത്സംഗക്കൊലയ്ക്കിരയാക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിലും, ബലാത്സംഗക്കൊലയിൽ കൃത്യമായ അന്വേഷണം നടത്തുന്നതിലും തൃണമൂൽ സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ചാണ് രാജി. ഈ പ്രതിഷേധങ്ങളെ ഇങ്ങനെ കണ്ടാൽ പോരാ എന്നും കൃത്യമായ ഇടപെടൽ നടത്തണമെന്നും താൻ മുഖ്യമന്ത്രി മമത ബാനർജിയോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല എന്നാണ് ജൗഹർ സിർകാർ ആരോപിച്ചിരിക്കുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും