INDIA

ബോംബെ ഐഐടിയിൽ ദളിത് വിദ്യാർഥി മരിച്ച നിലയിൽ , ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം ; ജാതി വിവേചനം മൂലമെന്ന് ആരോപണം

വെബ് ഡെസ്ക്

ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി-ബി) യിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥി ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ. ഞായറാഴ്ച ഉച്ചയോടെയാണ് ഒന്നാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥി ദർശൻ സോളങ്കി കെട്ടിടത്തിൽ നിന്ന് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ കോളേജിലെ ഒരു വിഭാഗം വിദ്യാർഥികൾ ക്യാമ്പസിലെ ദളിത് വിദ്യാർഥികളോടുള്ള വിവേചനപരമായ പെരുമാറ്റമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാരോപിച്ച് രംഗത്തെത്തി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദർശൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുന്നതിന് ദൃക്സാക്ഷികൾ ഉണ്ടെന്നും മറ്റ് ദുരൂഹതകൾ ഇല്ലെന്നും പോലീസ് അറിയിച്ചു

ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയാണ് ദർശൻ. മൂന്നുമാസം മുൻപാണ് ഐഐടി ബോംബയിൽ ചേർന്നത്. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനിച്ചത്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ല. പഠന സംബന്ധമായ സമ്മർദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നുൾപ്പടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. ദർശൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുന്നതിന് ദൃക്സാക്ഷികൾ ഉണ്ടെന്നും മറ്റ് ദുരൂഹതകൾ ഇല്ലെന്നും പോലീസ് അറിയിച്ചു.

എന്നാൽ ആത്മഹത്യയ്ക്ക് പിന്നിൽ ദളിത് വിദ്യാർഥികളോടുള്ള പീഡനമാണെന്ന് അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ ആരോപിച്ചു. " 3 മാസം മുമ്പ് @iitbombay ബിടെക്കിന് ചേർന്ന ദർശൻ സോളങ്കി എന്ന 18 വയസ്സുള്ള ദളിത് വിദ്യാർഥിയുടെ വേർപാടിൽ ഞങ്ങൾ ദുഃഖിക്കുന്നു. ഇത് ഒരു വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടുള്ള ആത്മഹത്യ അല്ല. ഇത് ഒരു സ്ഥാപനം നടത്തിയ കൊലപാതകമാണ്. ഞങ്ങൾ പരാതിപ്പെട്ടിട്ട് പോലും ഇവിടെ ദളിത് വിദ്യാർഥികൾക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ശ്രദ്ധിച്ചില്ല. ഒന്നാം വർഷ വിദ്യാർഥികളാണ് സംവരണ വിരുദ്ധ വികാരങ്ങളുടെയും മറ്റുള്ളതുമായ പീഡനങ്ങൾ കൂടുതൽ നേരിടുന്നത്. " അവർ ട്വീറ്റ് ചെയ്തു. മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും വിദ്യാർഥികൾ ഇത് സംബന്ധിച്ച പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്.

സമാനമായി ആന്ധ്രാപ്രദേശിലെ ഐഐഐടി ആർകെ വാലിയിൽ അഖില എന്ന 22കാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അവസാന വർഷ എഞ്ചിനീയറിങ് വിദ്യാർഥിയായ അഖിലയുടേതും ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടന്ന് വരികയാണ്.

2014-2021 കാലയളവിൽ ഐഐടി, ഐഐഎം, കേന്ദ്ര സർവകലാശാലകൾ, മറ്റ് കേന്ദ്ര ധനസഹായമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ 122 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി 2021ൽ സർക്കാർ പാർലമെൻ്റിനെ അറിയിച്ചിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും