INDIA

മുന്നറിയിപ്പ് അവഗണിച്ച് വിദ്യാർഥികൾ; മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം

ഫോണിലും ലാപ്ടോപ്പിലുമായാണ് ഡോക്യുമെന്ററി കണ്ടത്

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററി പരസ്യമായി പ്രദർശിപ്പിക്കരുതെന്ന ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ഫോണിലും ലാപ്ടോപ്പിലുമായി ഡോക്യുമെന്ററി കണ്ട് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർഥികള്‍. ഡോക്യുമെന്ററി പ്രദർശനത്തിന് രജിസ്ട്രാർ അനുമതി നിഷേധിക്കുകയും നടപടി ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പോലീസിന്റെ സാന്നിധ്യത്തിൽ ലാപ്‌ടോപ്പുകളിലും ഫോണുകളിലുമായി വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.

പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. എസ്‌എഫ്‌ഐ പ്രതിനിധികളും ആഹ്വാനത്തെ പിന്തുണച്ചു. കൂടാതെ ഔദ്യോഗിക വിദ്യാർഥി സംഘടനയായ ടിഐഎസ്എസ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി എല്ലാ വിദ്യാർഥികൾക്കും കൈമാറുകയും ചെയ്തു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോയാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും അവഹേളിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിക്കരുതെന്നായിരുന്നു അധികൃതർ വിദ്യാർഥികൾക്ക് നൽകിയ മുന്നറിയിപ്പ്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനോ അതിന്റെ പേരിൽ സംഘം ചേരാനോ അനുമതി നൽകാനാകില്ല. രാജ്യത്തെ ഏതാനും ക്യാമ്പസുകളിൽ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനും സംഘർഷമുണ്ടാക്കാനും ചില വിദ്യാർഥികൾ ശ്രമിക്കുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അത്തരം ശ്രമങ്ങൾ ക്യാമ്പസിലെ അക്കാദമിക് അന്തരീക്ഷത്തെ അസ്വസ്ഥമാക്കുമെന്നും സമാധാനവും സാഹോദര്യവും തകർക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. നോട്ടീസിൽ പറയുന്നതിന് വിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് വിദ്യാർഥികൾ പിൻമാറണമെന്നും മറിച്ചുളള ഇടപെടൽ ഉണ്ടായാൽ കർശനമായി നേരിടുമെന്നും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.

ഒൻപത് ലാപ്ടേപ്പുകളിലായാണ് ഡോക്യുമെന്ററി പ്രദർശിപ്പച്ചത്. നിരോധിത ഡോക്യുമെന്ററി പ്രദർശിപ്പിച്ച നടപടിയെ മറ്റൊരു വിദ്യാർത്ഥി കൂട്ടായ്മയായ ഡെമോക്രാറ്റിക് സെക്കുലർ സ്റ്റുഡന്റ്സ് ഫോറം അപലപിച്ചു. എന്നാൽ ഡോക്യുമെന്ററി പ്രദർശനം തടയാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ പ്രതീകാത്മക പ്രതിഷേധമാണ് ഇതെന്നും രാജ്യത്തുടനീളമുള്ള ക്യാമ്പസുകളിലെ മറ്റ് വിദ്യാർഥി സംഘടനകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് തങ്ങളുടെ നീക്കമെന്നും പ്രോഗ്രസീവ് സ്റ്റുഡന്റ്സ് ഫോറം പറഞ്ഞു.

എബിവിപി, ബിജെവൈഎം തുടങ്ങിയ വിദ്യാർത്ഥി-യുവജന സംഘടനകൾ ഡോക്യുമെന്ററി പ്രദ‍ർശനത്തിന് എതിരെ സ‍ർവകലാശാലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയെങ്കിലും ക്യാമ്പസിൽ പ്രദർശനം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചതിനെത്തുടർന്ന് പിരിഞ്ഞുപോവുകയായിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിച്ച വിദ്യാർഥികൾക്കെതിരെ പോലീസ് നടപടി ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ആശിഷ് ഷെലാറും രംഗത്തെത്തി. ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച വിദ്യാർഥികൾക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. നേരത്തെ ഡൽഹി, ജെഎൻയു, ജാമിയ, കൊൽക്കൊത്ത പ്രസിഡൻസി സർവകലാശാലകളിലെ പ്രദർശനം സംഘർഷത്തിൽ കലാശിച്ചിരുന്നു.

ജനുവരി 18നാണ് ബിബിസി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന അന്വേഷണത്മക ഡോക്യുമെന്ററി പുറത്തുവിട്ടത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ രഹസ്യരേഖകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ബിബിസി ഡോക്യുമെന്ററി നിര്‍മിച്ചത്. 2002ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നതായി ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് റിപ്പോര്‍ട്ടെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു. ഇതിന്റെ പിന്നാലെ രാജ്യത്ത് പ്രദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഡോക്യുമെന്ററി ഇറങ്ങിയപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളായ ട്വിറ്ററിലും യൂട്യൂബിലുമുളള പ്രദര്‍ശനം തടയുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജനുവരി 24 ന് രണ്ടാം ഭാഗവും എത്തിയതോടെ വലിയ വിമര്‍ശനങ്ങളാണ് രാജ്യത്ത് ഉയര്‍ന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ