INDIA

'വീട്ടുജോലി ഒഴിഞ്ഞിട്ട് നേരമില്ല'; ഇന്ത്യയിൽ പകുതിയോളം സ്ത്രീകളും ദിവസം ഒരു തവണ പോലും പുറത്തിറങ്ങാറില്ലെന്ന് പഠനം

സമൂഹത്തിൽ വ്യാപൃതരാകുന്നതിൽ ഇന്ത്യയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ വലിയ അന്തരമുണ്ടെന്നും, ഇത് ലോകത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വളരെ അപൂർവമാണെന്നും പഠനം വ്യക്തമാക്കുന്നു

വെബ് ഡെസ്ക്

ഇന്ത്യയിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേന വളരെ കുറവാണ്. പ്രത്യേകിച്ച് വ്യാവസായിക, മാനുഫാക്ചറിങ് രംഗങ്ങളിൽ. എന്നാൽ രാജ്യത്തെ സ്ത്രീകളെല്ലാം എവിടെ പോയി എന്ന് കണ്ടെത്തിയിരിക്കുകയാണ് സയൻസ് ഡയറക്റ്റിന്റെ ജേണൽ ട്രാവൽ ബിഹേവിയർ ആൻഡ് സൊസൈറ്റി നടത്തിയ 'ജൻഡർ ഗ്യാപ് ഇൻ മൊബിലിറ്റി ഔട്ടസൈഡ് ഹോം ഇൻ അർബൻ ഇന്ത്യ ' എന്ന പഠനം. ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ ജീവിക്കുന്ന പകുതിയോളം സ്ത്രീകളും വീടുകളിൽ തന്നെ കഴിയുന്നവരാണ്. അവരിൽ ഭൂരിഭാഗം പേരും ചില ദിവസങ്ങളിൽ ഒരിക്കൽ പോലും വീടുകളിൽ നിന്ന് പുറത്തിറങ്ങാത്തവരാണ്.

52 ശതമാനം സ്ത്രീകളും അഞ്ച് മണിക്കൂറിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് വീട്ടുജോലികൾക്കായാണ്. ഈ സമയം കൂടുന്തോറും അവർ പുറത്തുപോകാനുള്ള സാധ്യത കുറഞ്ഞു വരുന്നു

ഐഐടി ഡൽഹിയിലെ ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് ആൻഡ് ഇന്ജുറി പ്രിവൻഷൻ സെന്ററിലെ രാഹുൽ ഗോയൽ തയ്യാറാക്കിയ പഠനത്തിൽ വീടുവിട്ടിറങ്ങി സമൂഹത്തിൽ വ്യാപൃതരാകുന്നതിൽ ഇന്ത്യയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കുമിടയിൽ വലിയ അന്തരമുണ്ടെന്നും, ഇത് ലോകത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വളരെ അപൂർവമാണെന്നും വ്യക്തമാക്കുന്നു.

സാധാരണ ഒരു ദിവസം 47 ശതമാനം സ്ത്രീകൾ മാത്രമാണ് ദിവസത്തിൽ ഒരിക്കലെങ്കിലും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. അതായത് 53 ശതമാനം സ്ത്രീകളും ദിവസം ഒരു തവണ പോലും വീടിന് പുറത്തിറങ്ങാറില്ല. എന്നാൽ ദിവസത്തിൽ ഒരു തവണയെങ്കിലും പുറത്തിറങ്ങിയതായി റിപ്പോർട്ട് ചെയ്ത പുരുഷന്മാരുടെ അനുപാതം ഏകദേശം 87 ശതമാനമാണ്. വളരെ കുറച്ച് പുരുഷന്മാർ മാത്രമേ ദിവസത്തില്‍ ഒരിക്കൽ പോലും വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കാറുള്ളു.

സ്ത്രീകൾക്ക് വീടുകളിൽ നിന്ന് പുറത്തുപോകാൻ ശക്തമായ കാരണങ്ങൾ ആവശ്യമാണെന്നും പഠനം പറയുന്നു. കുട്ടികളുമായി സ്കൂളുകളിലേക്ക് പോവുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു കാരണം ആണ്. എന്നാൽ പുരുഷന്മാർക്ക് അതാവശ്യമില്ല. പിന്നീടുള്ള കാരണം, തൊഴിലിന്റെ ഭാഗമായി പുറത്തിറങ്ങുക എന്നതാണ്. തൊഴിൽ ചെയ്യുന്ന ചെറിയ വിഭാഗം സ്ത്രീകളിൽ 81 ശതമാനവും ദിവസം പുറത്തിറങ്ങുന്നുണ്ട്. എന്നാൽ തൊഴിലോ വിദ്യാഭ്യാസമോ ഇല്ലാത്ത സ്ത്രീകളില്‍, 30 ശതമാനം പേർ മാത്രമാണ് ഒരു നിശ്ചിത ദിവസം ഒരു തവണയെങ്കിലും പുറത്തിറങ്ങുന്നത്. അതായത് 70 ശതമാനം സ്ത്രീകളും ദിവസത്തില്‍ ഒരു തവണ പോലും പുറത്തിറങ്ങാറില്ല. മറുവശത്ത്, ജോലിയോ പഠനമോ ഇല്ലാത്ത പുരുഷന്മാരിൽ 35 ശതമാനം മാത്രമാണ് വീടുകളിൽ കഴിയുന്നത്.

നഗരപ്രദേശങ്ങൾ യാത്ര ചെയ്യാൻ സുരക്ഷിതമല്ലെന്നുള്ളതും സ്ത്രീകൾ പുറത്തിറങ്ങാൻ മടിക്കുന്നതിനുള്ള മറ്റൊരു കാരണമാണ്

എന്നാൽ ഈ സ്ത്രീകളെല്ലാം വീടുകളിൽ എന്താണ് ചെയ്യുന്നത് ? സർവേയിൽ പങ്കെടുത്ത 52 ശതമാനം സ്ത്രീകളും അഞ്ച് മണിക്കൂറിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് വീട്ടുജോലികൾക്കായാണ്. ഈ സമയം കൂടുന്തോറും അവർ പുറത്തുപോകാനുള്ള സാധ്യത കുറഞ്ഞു വരുന്നു. എന്നാൽ വീട്ടുജോലികൾക്കായി ഇത്രയും സമയം ചിലവഴിക്കുന്ന പുരുഷന്മാർ 5.1 ശതമാനം മാത്രമാണ്. സ്ത്രീകൾ വീടിനുള്ളിൽ തന്നെ കഴിയുന്നതിന് ഒരു പ്രധാന കാരണമാണത്. വീട്ടിൽ ഇത്രയധികം ജോലികൾ ചെയ്യുമ്പോൾ അവർക്ക് പുറത്തിറങ്ങി മറ്റു ജോലികൾ ഏറ്റെടുക്കാൻ സാധിക്കാതെ വരുന്നു. എന്നാൽ സൗജന്യമായി സ്ത്രീകൾ ഈ ജോലികൾ ചെയ്യുന്നതിനാൽ ഇന്ത്യയിലെ ആളുകൾ ഇതിനെ വളരെ പ്രാധാന്യം കുറച്ചു കാണുന്നു എന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

നഗരപ്രദേശങ്ങൾ യാത്ര ചെയ്യാൻ സുരക്ഷിതമല്ലെന്നുള്ളതും സ്ത്രീകൾ പുറത്തിറങ്ങാൻ മടിക്കുന്നതിനുള്ള മറ്റൊരു കാരണമാണ്. സ്ത്രീകൾ അഭിമുഖീകരിക്കുന്ന ലൈംഗിക പീഡനങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് പൊതുസ്ഥലങ്ങളിൽ വെച്ചാണ്. ഇത് സ്ത്രീകളെ പിന്നോട്ട് വലിക്കുന്നു.

ഗാർഹിക ജോലികൾ ചെയ്യുന്നതിൽ ഇന്ത്യയിൽ നിലനിൽക്കുന്ന ലിംഗപരമായ വിവേചനങ്ങൾ ഇല്ലാതാക്കൽ, പൊതുസ്ഥലങ്ങൾ സുരക്ഷിതമാക്കൽ, തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നയങ്ങൾ സ്വീകരിക്കൽ എന്നിങ്ങനെ നിരവധി നിർദേശങ്ങളും പഠനം മുന്നോട്ട് വെക്കുന്നുണ്ട്.

ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന 1.38 ലക്ഷത്തിലധികം വീടുകളിൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം നടത്തിയ 38 റൗണ്ട് ടൈം യൂസ് സർവേയുടെ (ടിയുഎസ്) കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്. 84,207 സ്ത്രീകളും 88,914 പുരുഷന്മാരുമാണ് സർവേയിൽ പങ്കെടുത്തത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ ഭൂരിപക്ഷം, വിജയം പ്രഖ്യാപിച്ചു, വിജയം 18,724 വോട്ടുകൾക്ക് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്