പ്രതിഷേധ ധര്‍ണയ്ക്കിടെ പഞ്ചാബില്‍ ഹിന്ദുത്വ നേതാവിനെ വെടിവച്ചുകൊന്നു. പഞ്ചാബില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ശിവ സേന എന്ന സംഘടനയുടെ നേതാവ് സുധീര്‍ സുരിയാണ് കൊല്ലപ്പെട്ടത്. അമൃത്സറില്‍ ക്ഷേത്രത്തിന് മുന്നില്‍ ഒരു പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കുന്നതിനിടെയാണ് സുരിക്ക് നേരെ ആക്രമണം ഉണ്ടായത്.
എസ്യുവിയിലെത്തിയ അക്രമി സംഘമാണ് സുരിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. നാല് തവണ സുരിയ്ക്ക് നേരെ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയേറ്റ് നിലത്ത് വീണ സുരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
എസ്യുവിയിലെത്തിയ അക്രമി സംഘമാണ് സുരിയ്ക്ക് നേരെ വെടിയുതിര്‍ത്തത്.
വിദ്വേഷ പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികളുടെ പേരില്‍ നേരത്തെ കുപ്രസിദ്ധി നേടിയ വ്യക്തിയാണ് സുധീര്‍ സുരി. ആക്രമണം നടക്കുമ്പോള്‍ അനുയായികള്‍ക്കൊപ്പം ധര്‍ണാ പ്രദേശത്തിരിക്കുകയായിരുന്നു അദ്ദേഹം.
ഗായകന്‍ സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിന് പിന്നാലെയാണ് വീണ്ടും സമാനമായ രീതിയില്‍ ഒരു അക്രമം അരങ്ങേറുന്നത്. മേയ് 29നായിരുന്നു സിദ്ദു മൂസെവാലയെ ഗുണ്ടാസംഘം ആക്രമിച്ചത്. മൂസെവാലയും രണ്ട് സുഹൃത്തുക്കളും പഞ്ചാബിലെ ജവഹര്‍കെ ഗ്രാമത്തിലേക്ക് ജീപ്പില്‍ പോകുമ്പോഴാണ് സംഘം വെടിയുതിര്‍ത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.