ഹിമാചല്‍ മുഖ്യമന്ത്രിയായി സുഖ്‌വീന്ദര്‍ സിങ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 12 മണിക്ക് ഷിംല റിഡ്ജ് മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങ്. ഉപമുഖ്യമന്ത്രിയാകുന്ന മുകേഷ് അഗ്നിഹോത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലേയല്‍ക്കും. മന്ത്രിസഭാ രൂപീകരണത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനമെടുക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുക്കും.
തര്‍ക്കങ്ങള്‍ക്കും നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇന്നലെയാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍ സിങ് സുഖുവിനെ പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലാണ് ഷിംലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷം സുഖ്‌വിന്ദറിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭാകക്ഷിയോഗം ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഹൈക്കമാന്‍ഡാണ് സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ പേര് നിര്‍ദേശിച്ചത്.
നാല് തവണ എംഎല്‍എ, മുന്‍ പിസിസി പ്രസിഡന്റ്, ഠാക്കൂര്‍ വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് തുടങ്ങിയ പ്രത്യേകതകളുള്ള നേതാവിന് 23 എംഎല്‍എമാരുടെ പിന്തുണയുമുണ്ടായിരുന്നു. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാക്കുകയെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നിന്നതോടൊണ് ഹിമാചലില്‍ അന്തിമ തീരുമാനമായത്.
പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്, പ്രതിപക്ഷ നേതാവും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ചെയ്ത മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു.
40 സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡും പ്രതിരോധത്തിലായിരുന്നു. പിസിസി ആസ്ഥാനത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ പ്രതിഭയ്ക്കായി പരസ്യമായി രംഗത്തുവന്നിരുന്നു.