ഹിമാചല്‍ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‌വീന്ദര്‍ സിങ് സുഖു അധികാരമേറ്റു. ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. വന്‍ ജനക്കൂട്ടമാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. ഉപമുഖ്യമന്ത്രിയായി മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ മുകേഷ് അഗ്നിഹോത്രിയും ചുമതലയേറ്റെടുത്തു.
23 എംഎല്‍മാരുടെ പിന്തുണയോടെയാണ് സുഖ്‌വീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടത്. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാക്കുകയെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നിന്നതോടൊണ് ഹിമാചലില്‍ അന്തിമ തീരുമാനമായത്. പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്, പ്രതിപക്ഷ നേതാവും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ചെയ്ത മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. 40 സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡും പ്രതിരോധത്തിലായിരുന്നു.
17ാമത്തെ വയസ്സില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം 1989 മുതല്‍ 1995 വരെ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റായി
നദൗൻ മണ്ഡലത്തില്‍ നിന്ന് നാല് തവണ സുഖ്‌വീന്ദര്‍ സിങ് സുഖു എംഎല്‍എയായിരുന്നു. ഇത്തവണ നടന്ന തിരഞ്ഞെടുപ്പില്‍ 3300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയ് കുമാറിനെ പരാജയപ്പെടുത്തിയത്. നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയനില്‍ സജീവമായ അദ്ദേഹം പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള സുഖ്‌വീന്ദര്‍ നാല് തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
പതിനേഴാമത്തെ വയസ്സില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം 1989 മുതല്‍ 1995 വരെ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റായി. പിന്നീട് 1998 മുതല്‍ 2008 വരെ കോണ്‍ഗ്രസ് സ്‌റ്റേറ്റ് യൂത്ത് വിങ്ങിന്റെ തലവനായി. 1992 നും 2002 നും ഇടയില്‍ ഷിംലയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വിജയിക്കുകയും 2008 ല്‍ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. 2013 മുതല്‍ 2019 വരെ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു. 2003 ലാണ് ആദ്യമായി നദൗന്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്.
23 എംഎല്‍മാരുടെ പിന്തുണയോടെയാണ് സുഖ്‌വീന്ദര്‍ സിങ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടത്
ബസ് ഡ്രൈവറുടെ മകനില്‍ നിന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രി പദവിയിലേയ്ക്ക് ഉയര്‍ന്നുവന്നയാളാണ് സുഖു. ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവർത്തകനായാണ് സുഖ്‌വീന്ദര്‍ സിങ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
വിവാദങ്ങളൊന്നും ഇല്ലാതെ രാഷ്ട്രീയ പ്രതിച്ഛായ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം എക്കാലത്തും ശ്രദ്ധ പുലർത്തി. പാര്‍ട്ടി നേതാക്കള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും പിന്തുണ നേടിയെടുക്കാന്‍ സുഖ്‌വീന്ദര്‍ സിങിന് അതിലൂടെ കഴിഞ്ഞു. ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധവും മുഖ്യമന്ത്രി പദത്തിലേയ്ക്ക് എത്താന്‍ അദ്ദേഹത്തെ സഹായിച്ചു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വീരഭദ്രസിങ്ങുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല സുഖ്വീന്ദര്‍ സിങ്. മുഖ്യമന്ത്രിയുടെ പല നിലപാടുകളെയും വിമര്‍ശിച്ച് പലപ്പോഴും അദ്ദേഹം രംഗത്തെത്തി.