സണ്‍ബേണ്‍ പാര്‍ട്ടി ഗോവ 
INDIA

'സണ്‍ബേണ്‍ പാര്‍ട്ടി' നിരോധിക്കണം: പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍ രംഗത്ത്

സണ്‍ ബേണ്‍ പാര്‍ട്ടി നിരോധിക്കണമെന്ന് ആവശ്യം 'ബാന്‍ സണ്‍ ബേണ്‍ ഗോവ' എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആവുകയാണ്

വെബ് ഡെസ്ക്

ഗോവയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കാനിരിക്കുന്ന സണ്‍ ബേണ്‍ പാര്‍ട്ടി നിരോധിക്കണമെന്ന ആവശ്യം 'ബാന്‍ സണ്‍ ബേണ്‍ ഗോവ' എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആവുകയാണ്. ഡിസംബര്‍ 27 മുതല്‍ 30 വരെ ഗോവയില്‍ വച്ച് നടക്കുന്ന ഈ ആഘോഷപരിപാടികള്‍ക്ക് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജനജാഗൃതി സമിതി നോര്‍ത്ത് ഗോവ കളക്ടര്‍ മാമു ഹാഗെക്ക് പരാതി സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിക്കെതിരെ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ എതിര്‍പ്പുകള്‍ ശക്തമാവുന്നത്.

ഗോവയിലെ ബീച്ചുകളില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സംഗീത നൃത്തോത്സവമാണ് സണ്‍ബേണ്‍ ഫെസ്റ്റിവല്‍. 2007ലാണ് സൺ ബേൺ ഫെസ്റ്റിവൽ ഗോവയിൽ തുടങ്ങുന്നത്.ദേശീയ-അന്തര്‍ദേശീയ കലാകാരന്മാരെ ഒറ്റ വേദിയില്‍ അണിനിരത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി വളരെ വേഗം സണ്‍ബേണ്‍ പാര്‍ട്ടി മാറി. ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാനായി ഇത്തരത്തില്‍ സംഗീത നിശകളും പാര്‍ട്ടികളും പതിവാണ്. എന്നാല്‍ സണ്‍ ബേണ്‍ പാര്‍ട്ടി പോലുള്ള ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവലുകളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം പെരുകുന്നു എന്നും യുവാക്കളെ വഴി തെറ്റിക്കുന്നു എന്നും ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുന്നത്. ഹൈന്ദവ സംഘടനകളായ ഭാരത് മാതാ കീ ജയ്, ഹിന്ദു രക്ഷാ അഘാടി, സനാതന്‍ സന്‍സ്ത എന്നിവയും ജനജാഗൃതി സമിതിയെ പിന്തുണച്ച് മുന്നോട്ട് വരുന്നുണ്ട്.

ഇലക്ട്രോണിക് ഡാന്‍സ് മ്യുസിക് ഫെസ്റ്റിവലുകളില്‍ മയക്കുമരുന്ന് അമിതമായി കഴിച്ച് നിരവധി മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് ആഗോളതലത്തില്‍ ഗോവയുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതിന് കാരണമാവുന്നുണ്ടെന്നും എച്ച്‌ജെഎസ് നല്‍കിയ പരാതിയില്‍ പറയുന്നു. വിനോദ സഞ്ചാരത്തിന്റെ പേരില്‍ ഇഡിഎം ഫെസ്റ്റിവലിനെ പിന്തണയ്ക്കുന്നത് മയക്കുമരുന്നുകളുടെ വ്യാപാരത്തിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. സണ്‍ബേണ്‍ പാര്‍ട്ടികള്‍ പോലുള്ള ഇഡിഎം ഫെസ്റ്റിവലുകൾ യുവതലമുറയെ വഴിതെറ്റിക്കുന്നതായും സൺ ബേണ്‍ പാര്‍ട്ടിക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവെയ്ക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

പാശ്ചാത്യ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ യുവത്വത്തെ ആസക്തിയിലേക്ക് തള്ളി വിടുകയും ചെയ്യുന്ന സണ്‍ബേണ്‍ ഫെസ്റ്റിവലിനെ ഇവിടെനിന്ന് എന്നന്നേക്കുമായി ഒഴിവാക്കി ഗോവയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുക എന്നതാണ് സംഘടനകളുടെ ആവശ്യം.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം