പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരിശോധനയ്‌ക്കെത്തിയ കർണാടകയിലെ പ്രത്യേക അന്വേഷണ സംഘവും ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണയുടെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഹോളനരിസ്പുരയിലെ രേവണ്ണയുടെ വീട്ടില്‍ റെയ്ഡിനെത്തിയ അന്വേഷണസംഘത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
രേവണ്ണയ്‌ക്കെതിരെ എസ്‌ഐടി രണ്ടാമതും ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തിനുള്ളിൽ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് രേവണ്ണയ്ക്കു നൽകിയ നോട്ടിസിലെ നിർദേശം. രേവണ്ണയും രാജ്യംവിടാന്‍ ആലോചിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രണ്ടാമതും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
മൈസൂരു തട്ടിക്കൊണ്ടുപോകൽ കേസില്‍ രേവണ്ണ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍, അറസ്റ്റ് നടക്കുമെന്നും ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ടെന്നുമായിരുന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പ്രതികരണം. അതേസമയം, രാജ്യം വിട്ട പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കും.
രേവണ്ണയെയും പ്രജ്വലിനെയും ബിജെപി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. മകനായും സഹോദരനായും നോക്കിക്കണ്ട നിരവധിപേരെ പ്രജ്വലും രേവണ്ണയും അതിക്രൂരമായി പീഡിപ്പിക്കുകയും മാനം കവര്‍ന്നെടുക്കുകയും ചെയ്തുവെന്ന് രാഹുല്‍ ആരോപിച്ചു. നമ്മുടെ അമ്മമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുന്നതിന് കഠിനമായ ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ പുതിയ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. തന്നെയും ഭര്‍ത്താവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് നാല്‍പ്പത്തിനാലുകാരിയായ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ പരാതി. തന്നെയും ഭര്‍ത്താവിനെയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് പ്രജ്വല്‍ തന്നെ ബലാത്സംഗം ചെയ്തതെന്ന് മേയ് ഒന്നിന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്(സിഐഡി) നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. പ്രജ്വലിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ബലാത്സംഗം ചുമത്തിയ ആദ്യ പരാതിയാണിത്.
കോളേജ് വിദ്യാര്‍ഥികള്‍ക്കു ഹോസ്റ്റല്‍ സീറ്റ് ലഭിക്കുന്നതിനായി 2021-ല്‍ പ്രജ്വലിന്റെ ഹാസനിലുള്ള എംപി ക്വാര്‍ട്ടേഴ്‌സില്‍ പോയിരുന്നുവെന്നും ഈ സമയത്താണ് പീഡനത്തിനിരയായതെന്നും യുവതി പരാതിയില്‍ പറയുന്നു.
''ക്വാര്‍ട്ടേഴ്‌സിന്റെ താഴത്തെ നിലയിലെ ഹാളില്‍ നിരവധി ആളുകളുണ്ടായിരുന്നു. സന്ദര്‍ശകരുമായി പ്രജ്വല്‍ ഒന്നാം നിലയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ച് ജീവനക്കാര്‍ തന്നെ അങ്ങോട്ടേക്ക് അയച്ചു. മറ്റു സന്ദര്‍ശകരെ പറഞ്ഞുവിട്ടശേഷം പ്രജ്വല്‍ തന്നെ കിടപ്പുമുറിയിലേക്കു കൊണ്ടുപോയി വാതില്‍ അടച്ചു. ഇതിനെ താന്‍ എതിര്‍ത്തു. എന്നാല്‍ മുറിക്കുള്ളില്‍ നില്‍ക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് വിശ്വസിപ്പിച്ചു. തുടര്‍ന്ന്, തന്റെ ഭര്‍ത്താവ് കാരണമാണ് പ്രജ്വലിന്റെ അമ്മയ്ക്കു നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതെന്നു അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള കാര്യങ്ങള്‍ സംസാരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭര്‍ത്താവിനോട് പറയാന്‍ തന്നോട് ആവശ്യപ്പെട്ടു,'' യുവതി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന്, ഭര്‍ത്താവിന് രാഷ്ട്രീയമായി ഉയരണമെങ്കില്‍ ശാരീരിക ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ പ്രജ്വല്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും നിരസിച്ചപ്പോള്‍ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. തന്റെ കൈവശം തോക്കുണ്ടെന്നും തന്നെയും ഭര്‍ത്താവിനെയും വെറുതെ വിടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ശേഷം പ്രജ്വല്‍ തന്നെ ബലാത്സംഗം ചെയ്തു. ഇത് അദ്ദേഹം ഫോണില്‍ പകര്‍ത്തുകയും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പലവതവണ ലൈംഗികബന്ധത്തിന് തന്നെ നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്യുകയും പലതരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
വീട്ടിലെ മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കുമെതിരെ ലൈംഗികാതിക്രമം, വേട്ടയാടല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ ചുമത്തി ഹോളനരിസ്പുര ടൗണ്‍ പോലീസ് ഏപ്രില്‍ 28ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.