INDIA

മദ്യനയക്കേസ്: കെജ്‌രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി.

''കോടതി മനസിലുള്ളത് തുറന്ന് പറയുകയാണ്. ഇടക്കാല ജാമ്യം പരിഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്യാം. സാധ്യതകളെ പരിഗണിക്കാന്‍ തയ്യാറാണ്'', സുപ്രീം കോടതി പറഞ്ഞു. അതേസമയം കെജ്‌രിവാളിന്റെ ഹർജിയിലെ വാദം ചൊവ്വാഴ്ച വീണ്ടും തുടരും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് ഒരാഴ്ച മുമ്പ് (മാര്‍ച്ച് 21) കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് ഇഡി ഇന്ന് അറിയിക്കണമെന്ന് ഏപ്രില്‍ 30ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇഡിയുടെ വാദങ്ങളോടെ ഇന്ന് വാദം കേള്‍ക്കല്‍ ആരംഭിക്കുകയായിരുന്നു.

ജസ്റ്റിസ് സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിരവധി വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ സുപ്രീം കോടതി കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യത്തെക്കുറിച്ചുള്ള സൂചന നല്‍കുകയായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും കൂടുതല്‍ ഊഹിച്ചെടുക്കരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കെജ്‌രിവാളിനെതിരെ ഇതുവരെ സിബിഐയുടെ പ്രോസിക്യൂഷന്‍ നടന്നിട്ടില്ലെന്ന് ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി. ഇഡിയുടെ റിപ്പോര്‍ട്ട് പ്രകാരം ആംആദ്മി പാര്‍ട്ടിയാണോ പ്രധാന പ്രതിയെന്നും കോടതി ചോദിച്ചു.

ഇ ഡിയുടെ എതിര്‍ വാദങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ജീവിതവും സ്വാതന്ത്ര്യവും വളരെ പ്രധാനപ്പെട്ടതാണെന്നും അത് നിഷേധിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ഖന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനെ ഓര്‍മിപ്പിച്ചിരുന്നു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് ഇഡി വാദിച്ചു. തിരഞ്ഞെടുപ്പ് ക്യാംപെയ്നുകളില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നതിന്റെ പേരില്‍ 'ക്രിമിനല്‍' രാഷ്ട്രീയക്കാര്‍ക്ക് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും 87 പേജുള്ള സത്യവാങ്മൂലത്തില്‍ ഇ ഡി വ്യക്തമാക്കി.

അതേസമയം, കെജ്‌രിവാളിനെതിരെയുള്ള കുറ്റം ഇ ഡിക്ക് കണ്ടെത്താനായില്ലെന്ന് കെജ്‌രിവാളിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി പറഞ്ഞു. ഒരു സാക്ഷി മൊഴിയാണ് ആശ്രയിക്കുന്നതെങ്കില്‍ സാക്ഷിയുടെ നേരത്തെയുള്ള വിരുദ്ധ മൊഴികളും പരിഗണിക്കണമെന്ന് സിങ്‌വി കൂട്ടിച്ചേര്‍ത്തു. തന്റെ മകന്‍ രാഘവിന് ജാമ്യം ലഭിക്കുന്നതിന് വേണ്ടി കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ എംപിയായ മഗുന്ദ ശ്രീനിവാസലു റെഡ്ഢി നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും സിങ്‌വി പറഞ്ഞു.

നിലവില്‍ തിഹാര്‍ ജയിലിലാണ് കെജ്‌രിവാളിനെ തടവില്‍വച്ചിരിക്കുന്നത്. മെയ് ഏഴ് വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും