സെന്തിൽ ബാലാജി 
INDIA

സെന്തിൽ ബാലാജിക്ക് ആശ്വാസം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരായ ഇ ഡി ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

ഹൈക്കോടതി ഈ വിഷയത്തിൽ എന്ത് ഉത്തരവിടുന്നുവെന്ന് നോക്കിയതിന് ശേഷം ഇ ഡിയുടെ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി

വെബ് ഡെസ്ക്

നിയമനക്കോഴ കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മദ്രാസ് ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ ഇ ഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ജൂലൈ നാലിന് പരിഗണിക്കാനായി മാറ്റി. വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതി വിഷയം പരിഗണിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം.

ഹൈക്കോടതി ഈ വിഷയത്തിൽ എന്ത് ഉത്തരവിടുന്നുവെന്ന് നോക്കിയതിന് ശേഷം ഇ ഡിയുടെ ഹർജി പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഇ ഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഹാജരായത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സെന്തിൽ ബാലാജിയുടെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ, ഇടക്കാല ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി നടപടി ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ഹർജിയില്‍ എങ്ങനെയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകുകയെന്നും ഇ ഡി വാദിച്ചു. ഒരു കേസിൽ റിമാൻഡ് ചെയ്യുമ്പോൾ ഹേബിയസ് കോർപസ് ഹര്‍ജി നൽകാമെന്ന പുതിയ കീഴ്വഴക്കമുണ്ടാക്കുകയാണ് ചെയ്തതെന്നും വിമർശിച്ചു.

സെന്തിൽ ബാലാജിക്ക് ഹൃദയസംബന്ധമായ ഗുരുതരപ്രശ്നമുണ്ടായിരുന്നതായി മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗള്‍ കോടതിയെ അറിയിച്ചു. നാല് ബ്ലോക്കുകൾ ശസ്ത്രക്രിയ ചെയ്ത് നീക്കേണ്ട ഘട്ടത്തിലെത്തിയിരുന്നു. താൻ നേരിട്ട് ആശുപത്രിയിൽ അഡ്മിറ്റായതല്ലെന്നും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ഇ ഡി ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും സെന്തിൽ ബാലാജി ചൂണ്ടിക്കാട്ടി. വിദഗ്ധ സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകിയതെന്നും സെന്തിൽ ബാലാജിയുടെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.

സെന്തിൽ ബാലാജി രോഗം അഭിനയിക്കുകയാണെന്ന ഇ ഡി ഹർജിയിലെ ആരോപണം വലിയ വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുന്നതിന് മുൻപായി തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സെന്തിൽ ബാലാജിയുടെ ഭാര്യയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചെന്നൈ കാവേരി ആശുപത്രിയിലാണ് സെന്തിൽ ബാലാജിയുടെ ഹൃദയ ശസ്ത്രക്രിയ നടന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം