രൂപേഷ്, സുപ്രീം കോടതി 
INDIA

രൂപേഷിനെതിരായ യുഎപിഎ: ഹൈക്കോടതി വിധി ശരിയായിരുന്നുവെന്ന് സർക്കാർ; ഹർജി പിന്‍വലിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി

വെബ് ഡെസ്ക്

മാവോയിസ്റ്റ് രൂപേഷിനെതിതിരായ കേസുകളിലെ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിക്കാൻ കേരള സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി. യുഎപിഎ നിയമത്തിലെ സമയപരിധി കർശനമായി പാലിക്കണമെന്ന ഹൈക്കോടതിയുടെ നിലപാടാണ് ശരിയെന്ന് സർക്കാർ സുപ്രീംകോടതിയില്‍ അറിയിച്ചു. ഹൈക്കോടതിയുടെ തീരുമാനം രൂപേഷിന്റെ കേസിൽ മാത്രമല്ല മറ്റ് സമാന കേസിൽ ഉൾപ്പെട്ടവർക്കും സഹായകമാകും. അതുകൊണ്ടാണ് യുഎപിഎ പുനഃസ്ഥാപിക്കാനുള്ള ഹർജി പിൻവലിക്കുന്നതെന്ന് സർക്കാർ കോടതിയില്‍ വ്യക്തമാക്കി. ഹർജി പിന്‍വലിക്കുന്നതിനുള്ള കാരണം അറിയിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതിയുടെ തീരുമാനം രൂപേഷിന്റെ കേസിൽ മാത്രമല്ല മറ്റ് സമാന കേസിൽ ഉൾപെട്ടവർക്കും സഹായകമാകുമെന്ന് സർക്കാർ

കുറ്റ്യാടി, വളയം പോലീസ് സ്റ്റേഷനുകളിൽ രൂപേഷിനെതിരെയുള്ള കേസുകളിൽ ചുമത്തിയിരുന്ന യുഎപിഎ വകുപ്പുകൾ ഹൈക്കോടതി ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന്റെ നിലപാടിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ എതിർപ്പും നിലപാട് മാറ്റത്തിന് കാരണമായി.

നിരോധിത മാവോയിസ്റ്റ് സംഘടനയിലെ അംഗങ്ങൾക്കൊപ്പം വയനാട്ടിലെ ആദിവാസി കോളനികളിൽ 'രാജ്യവിരുദ്ധ ഉള്ളടക്കമുള്ള' ലഘുലേഖകൾ വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു രൂപേഷിനെതിരെ യുഎപിഎ ചുമത്തിയത്. 2008ൽ യുഎപിഎ നിയമത്തിൽ വരുത്തിയ ഭേദഗതിപ്രകാരം, ഒരു കേസിൽ അന്വേഷണ ഏജൻസി കണ്ടെത്തുന്ന തെളിവുകൾ മുഴുവൻ ശുപാർശ സമിതിക്ക് സമർപ്പിക്കണം. ഈ തെളിവുകളുടെ മേൽ ഏഴ് പ്രവൃത്തി ദിവസത്തിനകം പരിശോധന നടത്തി ശുപാർശ സമിതി സർക്കാരിന് റിപ്പോർട്ട് നൽകണം. തുടർന്ന് കേസിൽ യുഎപിഎ ചുമത്തണമോ വേണ്ടയോ എന്ന് സർക്കാർ ഏഴ് ദിവസത്തിനകം തീരുമാനിക്കണം. എന്നാൽ ഈ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് രൂപേഷിന്റെ പേരിലുള്ള യുഎപിഎ ഒഴിവാക്കിയത്.

രൂപേഷിന്റെ കേസിൽ അതോറിറ്റിയുടെ ശുപാർശ ലഭിച്ച് ആറ് മാസത്തിന് ശേഷമാണ് യുഎപിഎ ചുമത്താനുള്ള അനുമതി സർക്കാർ നൽകിയതെന്ന് 2022 മാർച്ച് 17 ലെ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ യുഎപിഎ നിയമത്തിന്റെ മൂന്ന്, നാല് വകുപ്പുകളിൽ പ്രതിപാദിക്കുന്ന സമയപരിധി കേവലം നിർദേശം മാത്രമാണെന്നായിരുന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആദ്യം വാദിച്ചിരുന്നത്. കൂടാതെ പ്രതികൾ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സാങ്കേതികതയുടെ പേരിൽ വെറുതെ വിട്ടാൽ കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?