INDIA

വധശിക്ഷയ്ക്ക് തൂക്കുകയർ തന്നെ വേണോ? മറ്റ് സാധ്യതകള്‍ പരിശോധിക്കാനാകുമോ എന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

വെബ് ഡെസ്ക്

വധശിക്ഷ നടപ്പാക്കാൻ അനുയോജ്യമായ രീതി തൂക്കിലേറ്റുന്നത് തന്നെയാണോ എന്ന് സുപ്രീംകോടതി. വേദനയില്ലാത്ത മറ്റെന്തെങ്കിലും രീതി സംബന്ധിച്ചുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് സംബന്ധിച്ചും കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി. തൂക്കിലേറ്റുമ്പോഴുണ്ടാകുന്ന ആഘാതവും വേദനയും സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരശേഖരണമോ പഠനമോ നടന്നിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. അങ്ങനെ ലഭ്യമാണെങ്കില്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. തൂക്കിലേറ്റുന്നതിന് പകരം കുത്തിവയ്പ്പോ വൈദ്യുതാഘാതമോ പോലുള്ള താരതമ്യേന വേദനയില്ലാത്ത രീതികൾ വധശിക്ഷയ്ക്കായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അഭിഭാഷകൻ ഋഷി മൽഹോത്രയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇടപെടല്‍. അന്തസ്സും വേദനയില്ലാത്തതുമായ മരണത്തിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഹര്‍ജി.

ശാസ്ത്രത്തിന്റെ വളർച്ചയനുസരിച്ച് ഏറ്റവും മികച്ചതും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ കൂടുതൽ അനുയോജ്യവുമായ രീതി ഇതു തന്നെയാണോ?

ശാസ്ത്രത്തിന്റെ വളർച്ചയനുസരിച്ച് ഏറ്റവും മികച്ചതും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ കൂടുതൽ അനുയോജ്യവുമായ രീതി ഇതു തന്നെയാണോ എന്ന് പരിശോധിക്കണം. അങ്ങനെയല്ലെങ്കില്‍ മറ്റൊരു വഴി കണ്ടെത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. സർക്കാർ ഇതുവരെ പഠനം നടത്തിയിട്ടില്ലെങ്കിൽ, അതിനായി ഒരു സമിതിയെ കോടതി തന്നെ രൂപീകരിക്കാമെന്നും ബെഞ്ച് നിർദ്ദേശിച്ചു. ഡൽഹി എൻഎല്‍യു, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ ദേശീയ നിയമ സർവ്വകലാശാലകളിൽ നിന്നുള്ള വിദഗ്ധർ, എയിംസിലെ ഡോക്ടർമാർ, ശാസ്ത്ര വിദഗ്ധർ എന്നിവർ ഉൾക്കൊള്ളുന്നതായിരിക്കണം ഈ സമിതി എന്നും കോടതി ചൂണ്ടിക്കാട്ടി.

തൂക്കിക്കൊല്ലൽ നിർത്തലാക്കിയ രാജ്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് 187-ാമത് റിപ്പോർട്ടിൽ ലോ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടി . തൂക്കിക്കൊല്ലുന്നത് തീവ്രമായ ശാരീരിക പീഡനവും വേദനയുമാണെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ മരണം വരെ തൂക്കിലേറ്റുന്ന പ്രക്രിയ തികച്ചും ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് ഹർജിക്കാർ വാദിച്ചു. തൂക്കിലേറ്റുന്നതിന് അനുകൂലമായായിരുന്നു ജസ്റ്റിസ് നരസിംഹയുടെ നിരീക്ഷണം. വധശിക്ഷയ്ക്കായി കുത്തിവയ്പ്പുകള്‍ നടത്തുന്നതില്‍ അമേരിക്കയിലടക്കം ഉടനടി മരണം സംഭവിക്കുന്നില്ലെന്ന് കണ്ടെത്തിയതായി കേന്ദ്രം ചൂണ്ടിക്കാട്ടി. മെയ് രണ്ടിന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. കോടതിയുടെ നിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അന്ന് നിലപാട് അറിയിക്കും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?