മഹാരാഷ്ട്രയിലെ ശിവസേന- എൻസിപി പാർട്ടികളിൽ ഉണ്ടായ പിളർപ്പിനെത്തുടർന്ന് സമർപ്പിക്കപ്പെട്ട അയോഗ്യത ഹർജികൾ തീർപ്പാക്കാൻ നിയമസഭാ സ്‌പീക്കർക്ക് അന്തിമ സമയപരിധി നൽകി സുപ്രീംകോടതി. അയോഗ്യത നേരിടുന്ന ശിവസേന ഏക്നാഥ് ഷിൻഡെ പക്ഷത്തിന്റെ കാര്യത്തിൽ ഡിസംബർ 31നകവും എൻസിപിയുടേത് ജനുവരി 31 നകവും തീരുമാനമാക്കണമെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
അയോഗ്യതയിൽ തീരുമാനമെടുക്കാൻ ഫെബ്രുവരി 29 വരെ സമയം വേണമെന്നായിരുന്നു മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറിന്റെ നിലപാട്. എന്നാൽ ഇതിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചു.
2022 ജൂലൈയിൽ ശിവസേനയിലുണ്ടായ പിളർപ്പിൽ ഭരണഘടനാ ബെഞ്ച് ഇക്കഴിഞ്ഞ മെയിൽ വിധി പുറപ്പെടുവിച്ചിരുന്നു. ന്യായമായൊരു സമയത്തിനുള്ളിൽ അയോഗ്യതയുടെ കാര്യത്തിലൊരു തീരുമാനം സ്പീക്കർ എടുക്കണമെന്ന് അന്ന് കോടതി ഉത്തരവിട്ടിരുന്നു.
"എന്നിട്ടും അടുത്ത വർഷം ഫെബ്രുവരി വരെ സമയം വേണമെന്നാണ് അദ്ദേഹം പറയുന്നത്," ചീഫ് ജസ്റ്റിസ് ആശ്ചര്യം രേഖപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പ് വരെ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി ശിവസേന വിഷയത്തിൽ ഡിസംബർ 31നകം തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
എൻസിപിയിലെ പിളർപ്പ് സംബന്ധിച്ച കേസ് ഈ വർഷമാണ് രജിസ്റ്റർ ചെയ്തത് എന്നതിനാൽ അയോഗ്യത തീർപ്പാക്കാൻ ജനുവരി 31 വരെ സമയം നൽകുകയായിരുന്നു.
ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിനുവേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ദേവദത്ത് കാമത്തുമാണ് ഹാജരായത്. അതേസമയം, അജിത് പവാർ ഗ്രൂപ്പിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും ഏകനാഥ് ഷിൻഡെ ഗ്രൂപ്പിന് വേണ്ടി മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗളും ഹാജരായിരുന്നു.
കഴിഞ്ഞ തവണ നടന്ന വാദം കേൾക്കലിൽ, അയോഗ്യത ഹർജികൾ വേഗത്തിൽ കേൾക്കുന്നതിന് ഉചിതമായ ഷെഡ്യൂൾ തയ്യാറാക്കാൻ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർക്ക് "അവസാന അവസരം" കോടതി നൽകിയിരുന്നു. നേരത്തെ, ശിവസേന കേസുകൾക്കായി സ്പീക്കർ ദീർഘമായ ഷെഡ്യൂൾ നൽകിയതിന് കോടതി വിമർശിക്കുകയും അയോഗ്യതയിൽ ഹർജികൾ കേൾക്കുന്നതിന് ഉചിതമായ സമയം കണക്കാക്കാൻ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.