വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ആര്‍ത്തവ പാഡുകള്‍ നല്‍കുന്നതടക്കം ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് ഏകീകൃത നയം കൊണ്ടു വരാന്‍ കേന്ദ്രത്തിനോടാവശ്യപ്പെട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസ് പി എസ് നരസിംഹ , ജസ്റ്റിസ് ജെബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇതിനോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നല്‍കുന്ന സൗകര്യങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
ഒരു ഏകീകൃത ദേശീയ നയം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങണം. അതിനായി എല്ലാം സംസ്ഥാനങ്ങളേയും ഏകോപിപ്പിക്കണം. വിഷയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അവരുടെ ആര്‍ത്തവ ശുചിത്വനയങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ മുന്നില്‍ 4 ആഴ്ചക്കകം സമര്‍പ്പിക്കണമെന്നാണ് കോടത് ഉത്തരവ്
കേന്ദ്ര സര്‍ക്കാര്‍ ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട ഒരു ഏകീകൃത നയം നടപ്പിലാക്കാന്‍ തയ്യാറാണെന്നും എല്ലാ സംസ്ഥാനങ്ങളുടേയും സഹകരണത്തോടെ ഒരു മാതൃക തയ്യാറാക്കി അത് നടപ്പിലാക്കാന്‍ ശ്രമിക്കാമെന്നും അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ട് ബെഞ്ചിനെ അറിയിച്ചു.
ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവ പാഡ് സൗജന്യമായി നല്‍കണമെന്നും പെണ്‍കുട്ടികള്‍ക്ക് മികച്ച ശൗചാലയമുള്‍പ്പെടെ ഉറപ്പുവരുത്തണമെന്ന ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
റസിഡന്‍ഷ്യല്‍, നോണ്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ ടോയ്ലറ്റുകളുടെ അനുപാതം എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മിഷന്‍ സ്റ്റിയറിംഗ് ഗ്രൂപ്പിനെ അറിയിക്കണം
ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപീകരിച്ച മിഷന്‍ സ്റ്റിയറിംഗ് ഗ്രൂപ്പിനോട് കോടതി നിര്‍ദേശിക്കുകയും നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ആരോഗ്യമന്ത്രാലയ സെക്രട്ടറിയെ നാമനിര്‍ദേശം ചെയ്യുകയും ചെയ്തു.
റസിഡന്‍ഷ്യല്‍, നോണ്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ ടോയ്ലറ്റുകളുടെ അനുപാതം എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മിഷന്‍ സ്റ്റിയറിംഗ് ഗ്രൂപ്പിനെ അറിയിക്കണം. സാനിറ്ററി പാഡുകള്‍, സാനിറ്ററി പാഡ് വെന്‍ഡിംഗ് മെഷീന്‍ എന്നിവയ്ക്കായി ചിലവിട്ട കണക്ക് കാണിക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തയ്യാറാകണം. കൂടാതെ പാഡ് ഡിസ്‌പോസല്‍ സംവിധാനം എല്ലാ സ്‌കൂളിലും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട നയങ്ങള്‍ നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ ഒന്നിന് കോടതിയെ അറിയിച്ചിരുന്നു
ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ജലശക്തി മന്ത്രാലയവും സംയുക്തമായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.രാജ്യത്തെ എല്ലാ സ്‌കൂളുകളിലും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനും വ്യത്തിയുള്ള ശൗചാലയങ്ങളും ഉറപ്പാക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ആർത്തവശുചിത്വം സംബന്ധിച്ച അവബോധമില്ലായ്മ വലിയ വെല്ലുവിളിയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാനിറ്ററിന്റെ നാപ്കിന്റെ അഭാവവും സമൂഹത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട് നിൽക്കുന്ന മാമൂലുകളും പെണ്‍കുട്ടികള്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കാന്‍ കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിന്മേലാണ് നടപടി.അഡ്വ.വരീന്ദര്‍ കുമാര്‍ മുഖാന്തരം സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശൗചാലയ സൗകര്യമില്ലാതെ പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടുകയാണെന്നും പറയുന്നു.