INDIA

'നീതിനിർവഹണം മെച്ചപ്പെടുത്തണം'; രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം

വ്യാഴാഴ്ച വൈകിയാണ് മാറ്റം സംബന്ധിച്ചുള്ള ശുപാർശകൾ കൊളീജിയം പുറത്തുവിട്ടത്

വെബ് ഡെസ്ക്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക്കിന് സ്ഥലംമാറ്റം. രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ നിന്നായി 23 ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിന്‍റെ ഭാഗമായാണ് നടപടി. "നീതിനിർവഹണം മെച്ചപ്പെടുത്താൻ" എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക്കിനെ പട്ന ഹൈക്കോടതിയിലേക്ക് മാറ്റുന്നത്. വ്യാഴാഴ്ച വൈകിയാണ് മാറ്റം സംബന്ധിച്ചുള്ള ശുപാർശകൾ കൊളീജിയം പുറത്തുവിട്ടത്.

നീതി നിർവഹണം മെച്ചപ്പെട്ട രീതിയിലാക്കണമെന്ന കാരണം തന്നെയാണ് ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ ഹൈക്കോടതികളിലെ എട്ട് ജഡ്ജിമാരെ സ്ഥലംമാറ്റാനും കൊളീജിയം ചൂണ്ടിക്കാട്ടിയത്. ഗുജറാത്ത് ഹൈക്കോടതിയിലെ മറ്റ് ജസ്റ്റിസുമാരായ എ വൈ കോഗ്ജെ, കെ ഗീതാ ഗോപി, സമീർ ജെ ദാവെ എന്നിവരെ യഥാക്രമം അലഹബാദ്, മദ്രാസ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് ശുപാർശ. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജസ്റ്റിസുമാരായ അരവിന്ദ് സിങ് സാങ്വാൻ, അവ്‌നീഷ് ജിങ്കൻ, രാജ് മോഹൻ സിങ്, അരുൺ മോംഗ എന്നിവരെ യഥാക്രമം അലഹബാദ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് മാറ്റാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇവരെ സ്ഥലം മാറ്റാനുള്ള പ്രമേയം ഇന്നലെയാണ് പുറപ്പെടുവിച്ചതെങ്കിലും ഓഗസ്റ്റ് മൂന്നിന് തന്നെ പേരുകൾ ശുപാർശ ചെയ്തിരുന്നു.

ഒറ്റത്തവണ ഇത്രയുമധികം ജഡ്ജിമാരെ സ്ഥലം മാറ്റുന്നത് ആദ്യമാണ്. കൂടാതെ വിവിധ ജഡ്ജിമാർ ഉന്നയിച്ച അഭ്യർത്ഥനകൾ ഏറ്റവും കൂടുതൽ നിരസിക്കുന്നതും ഇത്തവണയാണ്. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി ദുപ്പാല വെങ്കിട്ടരമണയെ കർണാടക ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന അഭ്യർത്ഥന അംഗീകരിക്കാൻ വിസമ്മതിച്ച കൊളീജിയം പകരം അദ്ദേഹത്തെ മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. സമാനമാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി മാനവേന്ദ്രനാഥ് റോയിയുടെ കാര്യവും. തെലങ്കാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നൽകണമെന്ന് നൽകിയ അപേക്ഷ തള്ളി, അദ്ദേഹത്തെ ഗുജറാത്തിലേക്ക് മാറ്റുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി ജഡ്ജി രാജേന്ദ്ര കുമാർ നാലാമന്റെ സ്ഥലംമാറ്റവും ആറുമാസത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ. പട്‌നയോ ഉത്തരാഖണ്ഡോ ആവശ്യപ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രകാശ് പാഡിയയുടെ അഭ്യർത്ഥനയും നിരസിച്ച കൊളീജിയം അദ്ദേഹത്തെ ജാർഖണ്ഡിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ