INDIA

സ്വവർഗ വിവാഹം നിയമപരമാക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

വെബ് ഡെസ്ക്

സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. സ്വവര്‍ഗ വിവാഹത്തെ എതിര്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.

ജസ്റ്റിസുമാരായ എസ് കെ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികളാണ് ഭരണഘടനാബെഞ്ച് പരിഗണിക്കുന്നത്. വിവിധ ഹൈക്കോടതികളിലുള്ള സമാന ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 13നാണ് ഹര്‍ജികള്‍ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഭരണഘടനാ ബെഞ്ചിന് വിട്ടത്

ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാം എന്ന് സുപ്രീംകോടതി ആവര്‍ത്തിക്കുമ്പോഴും, സ്വവര്‍ഗ പങ്കാളികള്‍ക്ക് വിവാഹിതരുടെ നിയമമപരിരക്ഷ ലഭിക്കുന്നില്ലെന്നാണ് ഹര്‍ജികള്‍ ചൂണ്ടിക്കാട്ടുന്നത്. സ്വവര്‍ഗ വിവാഹം നിയമപരമാക്കി ഇത് സാധ്യമാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കുട്ടികളെ ദത്തെടുക്കുക, വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കുക, സ്വാഭാവികമായ പിന്തുടര്‍ച്ചാവകാശം ലഭിക്കുക, വരുമാന നികുതിയില്‍ ഇളവ് ലഭിക്കുക തുടങ്ങി വിവാഹിതര്‍ക്ക് ലഭിക്കുന്ന പരിഗണനയും ആനുകൂല്യങ്ങളും സ്വര്‍ഗ പങ്കാളികള്‍ക്ക് ലഭിക്കുന്നില്ല. സ്വര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ചത് കൊണ്ട് മാത്രം തുല്യത ലഭിക്കില്ല. വീടുകളിലും ജോലി സ്ഥലങ്ങളിലുമടക്കം സമൂഹത്തിന്‌റെ എല്ലാ മേഖലകളിലും ഇത് പ്രാബല്യത്തില്‍ വരണം. 1954 ലെ സ്‌പെഷ്യല്‍ മാരേജ് ആക്റ്റ്, ഉഭയ ലിംഗ ദമ്പതികള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും സ്വവര്‍ഗ പങ്കാളികള്‍ക്കും ഉറപ്പാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന നിലപാടാണ് കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാര്‍ച്ച് 12 നും ഏപ്രില്‍ 16 നും സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലങ്ങളില്‍ സ്വവര്‍ഗ വിവാഹത്തിന്‌റെ സാധുത ചോദ്യംചെയ്യുകയാണ് സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹങ്ങള്‍ ഇന്ത്യയിലെ നഗര കേന്ദ്രീകൃത വരേണ്യവര്‍ഗത്തിന്റെ മാത്രം കാഴ്ചപ്പാടാണെന്നും അംഗീകരിക്കാനാവില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്ത് നിലവിലുള്ള വിവാഹ സങ്കല്പങ്ങള്‍ക്ക് തുല്യമായി സ്വവര്‍ഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താല്പര്യങ്ങളെ ഗുരുതരമായി ബാധിക്കും. ഗ്രാമീണ, നഗര കേന്ദ്രീകൃത ജനങ്ങളുടെ കാഴ്ചപ്പാടുകളും വ്യക്തിഗത നിയമങ്ങളും മതവിഭാഗങ്ങളുടെ കാഴ്ചപ്പാടുകളും പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ടെന്ന് കേന്ദ്രം പറയുന്നു. കൂടുതല്‍ അവകാശങ്ങള്‍ നല്‍കുക, ബന്ധങ്ങള്‍ അംഗീകരിക്കുക, അത്തരം ബന്ധങ്ങള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുക എന്നിവ പാര്‍ലമെന്റിന്റെ അധികാര പരിധിയിലാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ