INDIA

ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് പരമാവധി ശിക്ഷ നൽകിയതെന്തിന്? രാഹുലിനെതിരായ കേസില്‍ കീഴ്ക്കോടതികള്‍ക്ക് വിമർശനം

പരമാവധി ശിക്ഷ വിധിച്ചില്ലായിരുന്നുവെങ്കിൽ ഒരു മണ്ഡലത്തിന് പ്രതിനിധി ഇല്ലാതാകുമായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു

വെബ് ഡെസ്ക്

മോദി പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരായ കേസിൽ ശിക്ഷാ നടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിൽ വിചാരണാ കോടതിക്ക് സുപ്രീംകോടതിയുടെ വിമർശനം. ജാമ്യം ലഭിക്കാവുന്ന ഒരു കുറ്റത്തിന് പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു. അതിന് കൃത്യമായ കാരണം വിചാരണ ജഡ്ജി വ്യക്തമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

പരമാവധി ശിക്ഷ വിധിച്ചില്ലായിരുന്നുവെങ്കിൽ ഒരു മണ്ഡലത്തിന് പ്രതിനിധി ഇല്ലാതാകുമായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മേൽക്കോടതികളെയും ഹൈക്കോടതിയെയും സമീപിച്ചപ്പോൾ അവർ പോലും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ലേ? അപ്പീലുകൾ നിരസിക്കാൻ ഹൈക്കോടതി ധാരാളം പേജുകൾ ചെലവഴിച്ചെങ്കിലും പ്രധാന വശങ്ങളൊന്നും ഉത്തരവുകളിൽ പരിഗണിച്ചിട്ടില്ലെന്നും വിധിയില്‍ വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബി ആർ ഗവായ്, സഞ്ജയ് കുമാർ, പി എസ് നരസിംഹ എന്നിവരുടെ ബെഞ്ചായിരുന്നു സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. "വ്യക്തിയുടെ അവകാശത്തെ മാത്രമല്ല, ഒരു വോട്ടറെയും ബാധിക്കുന്ന തരത്തിൽ വിചാരണ ജഡ്ജി പരമാവധി ശിക്ഷ വിധിച്ചത് എന്തിനാണെന്ന് വിശദീകരിക്കണം" ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു. വിധിയുടെ പ്രത്യാഘാതങ്ങൾ പൊതുജീവിതം നയിക്കാനുള്ള രാഹുലിന്റെ അവകാശത്തെ മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത വോട്ടർമാരെയും ബാധിച്ചു. എന്നാൽ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, പൊതുപ്രസംഗങ്ങൾ നടത്തുമ്പോൾ രാഹുലിനെ പോലെയൊരു നേതാവ് ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. റാഫേൽ അഴിമതിക്കേസിൽ 'ചൗക്കിദാർ ചോർ ഹേ' എന്ന പരാമർശത്തിന് കോടതിയലക്ഷ്യക്കേസ് നേരിട്ട വേളയിൽ സുപ്രീംകോടതി അക്കാര്യം ആവശ്യപ്പെട്ടിരുന്നതാണ്. രാഹുൽ ഗാന്ധിക്കുവേണ്ടി മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിങ്‌വിയാണ് കോടതിയിൽ ഹാജരായത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ