സുപ്രീം കോടതി 
INDIA

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

സ്വത്തുമായി ബന്ധപ്പെട്ട മറ്റൊരു സിവില്‍ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സി ടി രവികുമാറും രാജേഷ് ബിൻഡാലും അടങ്ങുന്ന ബെഞ്ച് മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചത്

വെബ് ഡെസ്ക്

മുസ്ലിം സ്ത്രീകള്‍ക്കു സ്വത്തിന് തുല്യാവകാശമുണ്ടോയെന്നു നിര്‍ണയിക്കാന്‍ തീരുമാനിച്ച് സുപ്രീം കോടതി. ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 15 (മതം, വര്‍ഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവ മുന്‍നിര്‍ത്തിയുള്ള വിവേചനത്തിനുള്ള നിരോധനം) എന്നിവ പ്രകാരം മുസ്ലിം സ്ത്രീകള്‍ക്ക് തുല്യസ്വത്തിനുള്ള അവകാശമുണ്ടോയെന്നാണ് കോടതി പരിഗണിക്കുന്നത്.

സ്വത്തുമായി ബന്ധപ്പെട്ട മറ്റൊരു സിവില്‍ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ സിടി രവികുമാറും രാജേഷ് ബിൻഡാലും അടങ്ങുന്ന ബെഞ്ച്‌ മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചത്.

പരേതനായ ഹാസി എന്നയാള്‍ തന്റെ നാലാമത്തെ മകനെ ഒഴിവാക്കി മറ്റു മൂന്ന് ആണ്‍മക്കള്‍ക്ക് സ്വത്തുക്കള്‍ മുഴുവന്‍ എഴുതിക്കൊടുത്തുവെന്നുമാണ്‌ ഹര്‍ജിയില്‍ പറയുന്നത്. വിചാരണക്കോടതിയായിരുന്നു കേസ് പരിഗണിച്ചത്. ഹാസിയുടെ നടപടി വിചാരണക്കോടതി ശരിവച്ചു. എന്നാല്‍ അപ്പീല്‍ക്കോടതി അത് റദ്ദാക്കി. ഹാസിക്ക് തന്റെ സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ ഇത്തരത്തില്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന് അപ്പീല്‍ കോടതി വിധിച്ചു. ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ മറ്റ് അവകാശികള്‍ക്കായി വീതിക്കണമെന്നും അപ്പീല്‍ കോടതി പറഞ്ഞു.

എന്നാല്‍ കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ അപ്പീല്‍ കോടതിയുടെ വിധി റദ്ദാക്കുകയും വിചാരണക്കോടതിയുടെ ഉത്തരവ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്.

വിചാരണയ്‌ക്കിടെ വില്‍പ്പത്രം എഴുതുന്നയാള്‍ക്ക് അദ്ദേഹത്തിന്റെ സ്വത്തിന്റെ മൂന്നിലൊന്ന് മൂന്നാം കക്ഷിക്കു നല്‍കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ബാക്കിയുള്ള മൂന്നില്‍ രണ്ട് സ്വത്തുക്കള്‍ നിയമപരമായ അവകാശികള്‍ക്ക് തുല്യമായി വീതം വയ്‌ക്കണമെന്നും വാദിച്ചു. എന്നാല്‍ നിയമപരമായ അവകാശികള്‍ അനുവദിക്കുകയാണെങ്കില്‍ മൂന്നിലൊന്ന് എന്ന പരിധി ഒഴിവാക്കാൻ സാധിക്കും. 1987ലെ നറുന്നിസയും ഷെക് അബ്ദുല്‍ ഹമീദും തമ്മിലുള്ള കേസിലെ കര്‍ണാടക ഹൈക്കോടതിയുടെ വിധിയും സുപ്രീം കോടതി ചൂണ്ടിക്കാട്ടി

ഒരു മുസ്‌ലിം പിതാവ് മകളെയും മകനെയും ഉപേക്ഷിച്ചാല്‍ പിതാവിന്റെ വില്‍പ്പത്രത്തില്‍നിന്ന് നാലില്‍ മൂന്ന് ഭാഗം മകനും നാലില്‍ ഒരു ഭാഗം മകള്‍ക്കും നല്‍കാന്‍ മകള്‍ അനുവദിച്ചില്ലെങ്കില്‍ മൂന്നില്‍ ഒരു ഭാഗം മകള്‍ക്ക് ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്നും 50 ശതമാനം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും ഈ വിധിയിൽ പറയുന്നുണ്ട്.

ഈ സാഹചര്യവും വസ്തുതകളും മുന്‍നിര്‍ത്തിയാണ് കോടതി സ്ത്രീകളുടെ സ്വത്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇസ്ലാമിക നിയമപ്രകാരം ജീവിക്കുന്ന ഒരാള്‍ക്ക് അയാളുടെ ഇഷ്ടപ്രകാരം മുഴുവന്‍ സ്വത്തുക്കളും നല്‍കാനുള്ള വില്‍പ്പത്രം തയ്യാറാക്കാന്‍ സാധിക്കുമോയെന്നു സുപ്രീം കോടതി ചോദിച്ചു. ഇസ്ലാമിക നിയമപ്രകാരം ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ നിയമപരമായ അവകാശികളുടെ സമ്മതമില്ലാതെ ഇഷ്ടമുള്ളവര്‍ക്കു നല്‍കാന്‍ സാധിക്കുമോയെന്നും കോടതി ഉന്നയിക്കുന്നു.

കേസില്‍ അമിക്കസ്ക്യൂരിയായി മുതിര്‍ന്ന അഭിഭാഷകനായ വി ഗിരിയെ സുപ്രീം കോടതി നിയോഗിച്ചു. സഹായിയായ അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡായി അമിത് കൃഷ്ണനെയും നിയോഗിച്ചു. കേസ് ജൂലൈ 25ന് പരിഗണിക്കും.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം