ഫീസടയ്ക്കാൻ മിനിറ്റുകൾ വൈകിയതിന്റെ പേരിൽ ദളിത് വിദ്യാർഥിക്ക് ഐഐടി ധൻബാദിൽ സീറ്റ് നിഷേധിച്ച സംഭവത്തിൽ ഇടപെട്ട് സുപ്രീംകോടതി. ഹർജിയിൽ വാദം കേട്ട ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിദ്യാർഥിക്ക് സീറ്റ് അനുവദിക്കണമെന്ന് നിർദേശിച്ചു. കഴിവുള്ളൊരു ചെറുപ്പക്കാരനെ അങ്ങനെ ഒഴിവാക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
ജെഇഇ അഡ്വാൻസ് പരീക്ഷ പാസായ ദളിത് വിദ്യാർഥിയായ അതുൽ കുമാറിന് ദൻബാദ് ഐഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലാണ് സീറ്റ് ലഭിച്ചിരുന്നത്. അലോട്ട്മെന്റ് ലഭിച്ച് നാല് ദിവസത്തിനുള്ളിൽ ഫീസായ 17,500 രൂപ അടക്കാൻ നിർദേശം ലഭിച്ചുവെങ്കിലും ദിവസവേതന തൊഴിലാളിയായ അതുലിന്റെ കുടുംബത്തിന് പണം കൃത്യസമയത്ത് കണ്ടെത്താൻ കഴിഞ്ഞില്ല. അവസാന ദിവസമായ ജൂൺ 24ന് വൈകുന്നേരം നാലരയോടെയാണ് പണം ലഭിച്ചത്. അപേക്ഷയുടെ മറ്റ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയപ്പോഴേക്കും സമയപരിധിയായ അഞ്ചുമണി പിന്നിട്ടതോടെയാണ് അതുലിന് സീറ്റ് നിഷേധിക്കപ്പെട്ടത്.
ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ അതുൽ കുമാർ, ഝാർഖണ്ഡ് ലീഗൽ സർവീസ് അതോറിറ്റിയുടെയും ചെന്നൈ ലീഗൽ സർവീസിന്റെയും സഹായത്തോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതുലിന്റെ ഹർജിയെ ഐഐടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തെങ്കിലും സുപ്രീംകോടതി അതിനെയെല്ലാം തള്ളിക്കളയുകയായിരുന്നു.
അതുൽ മികച്ചൊരു വിദ്യാർഥിയാണെന്നും 17000 രൂപയാണ് അവന് തടസ്സമാകുന്നതെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. പണത്തിന്റെ പേരിൽ ഒരു വിദ്യാർഥിയും ഒഴിവാക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. അതുൽ കുമാർ പ്രവേശനത്തിന് അപേക്ഷിച്ച അതേ ബാച്ചിൽ പ്രവേശനം നൽകണമെന്നും മറ്റൊരു വിദ്യാർഥിക്കും തടസമുണ്ടാകാതെ തടസ്സം സൂപ്പർ ന്യൂമററി സീറ്റ് സൃഷ്ടിക്കണമെന്നും ചീഫ് ജസ്റ്റിസ് ഐ ഐ ടി ധൻബാദിനോട് കൂട്ടിച്ചേർത്തു.
മുസാഫർനഗർ ജില്ലയിലെ ടിറ്റോറ ഗ്രാമത്തിലാണ് അതുലും കുടുംബം താമസിക്കുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബമാണ് അതുലിന്റേത്. അച്ഛൻ രാജേന്ദ്ര സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും സാമ്പത്തിക സഹായം സ്വീകരിച്ചാണ് അതുലിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തന്റെ രണ്ടാം ശ്രമത്തിലാണ് അതുൽകുമാർ ജെഇഇ അഡ്വാൻസ്ഡ് പാസായത്.