INDIA

നഗരവും കേന്ദ്രവും തിരിച്ച് നീറ്റ് ഫലം പ്രസിദ്ധീകരിക്കണം; വിദ്യാർഥികളുടെ ഐഡൻ്റിറ്റി മറയ്ക്കണമെന്നും സുപ്രീം കോടതി

വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിഷയത്തിൽ തിങ്കളാഴ്ചയോടെ തീർപ്പുകൽപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

വെബ് ഡെസ്ക്

നീറ്റ് യുജി പരീക്ഷയുടെ ഫലങ്ങൾ നഗരം തിരിച്ചും കേന്ദ്രം തിരിച്ചും വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. നാളെ 5 മണിക്ക് ഫലം അപ്‌ലോഡ് ചെയ്യണമെന്ന് കോടതി നിർദേശിച്ചെങ്കിലും കേന്ദ്ര അഭ്യർഥന മാനിച്ച് ശനിയാഴ്ച 12 മണി വരെ കോടതി സമയം അനുവദിച്ചു. വിദ്യാർഥികളുടെ ഐഡൻ്റിറ്റി മറച്ചുവെന്ന് ഉറപ്പാക്കണമെന്നും നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി ആവശ്യപ്പെട്ടു. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിഷയത്തിൽ തിങ്കളാഴ്ചയോടെ തീർപ്പുകൽപ്പിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. അതേസമയം, ബീഹാർ പൊലീസിൻ്റെ റിപ്പോർട്ട് കൂടി സുപ്രീംകോടതി തേടിയിട്ടുണ്ട്.

ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും നടന്നെന്ന ആരോപണത്തിൽ മെയ് 5 ന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് രാവിലെ പത്തര മുതലാണ് വാദം കേൾക്കാൻ ആരംഭിച്ചത്.

പരീക്ഷയിൽ വൻ തോതിലുള്ള ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുനഃപരീക്ഷ നടത്താനാകൂ എന്ന് വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നീറ്റ് യുജി പരീക്ഷയുടെ പവിത്രത വലിയ തോതില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രം പുനഃപരീക്ഷ നടത്തിയാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കിയത്. നീറ്റ് 2024 റദ്ദാക്കുന്നതിനെതിരെയാണ് കേന്ദ്ര സർക്കാരും പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിങ് ഏജൻസിയും (എൻടിഎ) വാദിച്ചത്.

എന്നാൽ ചില കേന്ദ്രങ്ങളിൽ ചോദ്യ പേപ്പർ തിരിമറി നടന്നിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. " എന്താണ് സംഭവിക്കുന്നത് എന്നുവെച്ചാൽ, പാറ്റ്നയിലും ഹസാരിബാഗിലും ചോർച്ചയുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകൾ പ്രചരിച്ചിട്ടുണ്ട്. ഇത് ആ കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നോ അതോ വ്യാപകമാണോ എന്ന് മനസിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഫലം അറിയാത്തതിനാൽ വിദ്യാർഥികൾ നിരാശയിലാണ്. വിദ്യാർഥികളുടെ ഐഡൻ്റിറ്റി മറയ്ക്കപ്പെടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ മാർക്ക് പാറ്റേൺ എന്താണെന്ന് കേന്ദ്രം തിരിച്ച് പരിശോധിക്കാം," ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കേന്ദ്രങ്ങൾ തിരിച്ച് പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് സുതാര്യത ഉണ്ടാക്കാൻ ഉചിതമായിരിക്കുമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.

വിവിധ കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ ക്രമക്കേടുകളെ സംബന്ധിച്ചും കോടതി എൻടിഎയോടും കേന്ദ്രത്തോടും വ്യക്തത വിശദീകരണം തേടി. കൗൺസിലിങ് നിർത്തിവെക്കുന്നത് സംബന്ധിച്ച് ആശങ്കകളും തിങ്കളാഴ്ച പരിശോധിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ക്രമക്കേടുകൾ പ്രാദേശികമായി നടന്നതെന്നും ഇത് മുഴുവൻ പരീക്ഷയുടെയും വിശുദ്ധിയേയും ബാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യത്തെ ശക്തമായി എതിർത്തിരുന്നു. ഐഐടി മദ്രാസ് തയ്യാറാക്കിയ ഡാറ്റാ അനലിറ്റിക്‌സ് റിപ്പോർട്ട് ഉദ്ധരിച്ചാണ് കേന്ദ്രം ഈ ഇക്കാര്യം കോടതിയെ അറിയിച്ചത്.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍