INDIA

'ഒന്നും മറച്ചുവയ്ക്കരുത്, ഇലക്ടറൽ ബോണ്ടിന്റെ എല്ലാവിവരങ്ങളും നല്‍കണം'; എസ്ബിഐയ്ക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം

ബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തണമെന്നും ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉത്തരവിട്ടു

വെബ് ഡെസ്ക്

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് എസ്ബിഐയോട് സുപ്രീംകോടതി. കോടതി പറഞ്ഞാലെ വിവരങ്ങള്‍ വെളിപ്പെടുത്തൂ എന്ന സമീപനം ശരിയല്ല. ബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തണം, ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണം. എസ്ബിഐയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചാലുടന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍ദേശിച്ചു.

ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണ് ലഭിച്ചതെന്ന് വ്യക്തമാക്കുന്ന ആല്‍ഫ ന്യൂമറിക് കോഡുകള്‍ വ്യക്തമാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും കൈമാറാമെന്നും എസ്ബിഐ സുപ്രീം കോടതിയില്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവടങ്ങിയ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഏത് ബോണ്ട് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാണ് ലഭിച്ചതെന്ന് വ്യക്തമാക്കുന്ന ആല്‍ഫ ന്യൂമറിക് കോഡുകള്‍ വ്യക്തമാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് എസ്ബിഐ

ഭാവിയില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇലക്ടറല്‍ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും, ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും സൂചിപ്പിക്കുന്ന സത്യവാങ്മൂലം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മുന്‍പ് സമര്‍പ്പിക്കാന്‍ എസ്ബിഐ ചെയര്‍മാനോട് കോടതി നിര്‍ദേശിച്ചു.

എസ്ബിഐയ്ക്ക് സെലക്ടീവ് ആകാന്‍ സാധിക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയാണ് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായത്. സുപ്രീംകോടതി വിധി ഉപയോഗിച്ച് വ്യവസായികളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് എതിരെ വ്യവസായ സംഘടനകളായ ഫിക്കിയും അസോചവും കോടതിയെ സമീപിച്ചു. കേസില്‍ കക്ഷി ചേരണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. എന്നാല്‍ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടു വന്നില്ലെന്ന് കോടതി ചോദിച്ചു. വ്യവസായ സംഘടനകളെ ഇപ്പോള്‍ കേള്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കള്ളപ്പണം തടയുകയായിരുന്നു സര്‍ക്കാരിന്റ ആത്യന്തിക ലക്ഷ്യമെന്നും കോടതിക്ക് പുറത്ത് ഈ വിധി എത്തരത്തിലാണ് പ്രചരിക്കുന്നതെന്ന് കോടതി ഉറപ്പായും അറിഞ്ഞിരിക്കണമെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ മാര്‍ച്ച് 14ന് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ നിലവില്‍ എസ്ബിഐ കൈമാറിയ രേഖകള്‍ പൂര്‍ണമല്ലെന്നു പറഞ്ഞ കോടതി ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി എസ്ബിഐക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഈ വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നായിരുന്നു നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നത്.

2019 ഏപ്രില്‍ 12 മുതല്‍ 2023 നംവബര്‍ 2 വരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ടത്. പുതിയ വിവരങ്ങള്‍ അനുസരിച്ച് 2017 -18 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 500 ബോണ്ടുകളിലുടെ 210 കോടി രൂപ ലഭിച്ചെന്നാണ് കണക്ക്. 2019-ലെ പൊതുതിരഞ്ഞെടുപ്പിനു മുന്‍പ് 1450 കോടിയുടെ ബോണ്ടും ബിജെപിക്കു കിട്ടിയിരുന്നു. ഇതേ കാലയളവില്‍ കോണ്‍ഗ്രസിനു 383 കോടിയും ലഭിച്ചു. തമിഴ്‌നാട്ടിലെ ഡിഎംകെയ്ക്ക് 509 കോടിയാണു ലഭിച്ചത്. ഭാരത് രാഷ്ട്ര സമിതിക്ക് (പഴയ തെലങ്കാന രാഷ്ട്ര സമിതി) 230.65 കോടിയും ബോണ്ടിലൂടെ ലഭിച്ചെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ