INDIA

'ട്രെയിനിന്റെ സ്റ്റോപ്പ് കോടതി തീരുമാനിക്കണോ?'; വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

റെയിൽവേയുടെ നയപരമായ കാര്യമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്

വെബ് ഡെസ്ക്

വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഏത് സ്റ്റേഷനിലാണ് ട്രെയിൻ നിർത്തേണ്ടതെന്ന് തീരുമാനിക്കാൻ കോടതിക്ക് കഴിയില്ലെന്നും റെയിൽവേയുടെ നയപരമായ കാര്യമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്.

മലപ്പുറം തിരൂർ സ്വദേശിയായ പി ടി ഷീജിഷ് ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയും തള്ളിയിരുന്നു. തുടർന്നാണ് ഷീജിഷ് സുപ്രീം കോടതിയെ സമീപിച്ചത്. ഒരു ഹർജി പരിഗണിച്ചാൽ സമാനമായ മറ്റ് ഹർജികൾ നാളെ പരിഗണിക്കേണ്ടി വരുമെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

''ട്രെയിൻ ഏത് സ്‌റ്റേഷനിലാണ് നിർത്തേണ്ടതെന്ന് ഞങ്ങൾ തീരുമാനിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? നാളെ മറ്റാരെങ്കിലും രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് വന്നാൽ അതും പരിഗണിക്കേണ്ടി വരും''- ചീഫ് ജസ്റ്റിസ് പറഞ്ഞു. റെയിൽവേയുടെ നയപരമായ തീരുമാനമാണിതെന്നും വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.

ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിശ്ചയിക്കുന്നത് ഇന്ത്യൻ റെയിൽവേയാണെന്നും ഒരു പ്രത്യേക സ്റ്റേഷനിൽ തീവണ്ടി നിർത്തിയിടണമെന്ന് ആവശ്യപ്പെടാൻ ആർക്കും അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. ആദ്യം റെയില്‍വേ പുറത്തിറക്കിയ പട്ടികയിൽ വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും പിന്നീട് രാഷ്ട്രീയ കാരണങ്ങളാലാണ് തിരൂരിനെ ഒഴിവാക്കിയതെന്നുമാണ് ഹർജിക്കാരന്റെ വാദം. പിന്നീട് തിരൂരിന് പകരം പാലക്കാട് ജില്ലയിലെ ഷൊർണൂർ എന്ന മറ്റൊരു റെയിൽവേ സ്റ്റേഷൻ അനുവദിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളിലൊന്നാണ് മലപ്പുറമെന്നും യാത്രയ്ക്കായി ട്രെയിൻ സർവീസിനെ ആശ്രയിക്കുന്ന നിരവധി പേരുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം എസ് വിഷ്ണു ശങ്കര്‍ എന്നിവരാണ് ഹർജിക്കാരന് വേണ്ടി സുപ്രീം കോടതിയിൽ ഹർജി ഫയല്‍ ചെയ്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ