INDIA

ഭീമാ കൊറേഗാവ് കേസ്: ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കൽ നീട്ടി സുപ്രീംകോടതി

വെബ് ഡെസ്ക്

ഭീമാ കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കൽ ഫെബ്രുവരി 17 വരെ നീട്ടി സുപ്രീംകോടതി. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് നവ്‌ലാഖയ്ക്ക് വീട്ടുതടങ്കൽ അനുവദിച്ച ഇടക്കാല ഉത്തരവ് തുടരുമെന്ന് അറിയിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഇന്ന് വാദം കേൾക്കാൻ ഹാജരാകാത്തതിനാലാണ് നടപടി. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഒരു മാസത്തേക്ക് നവ്ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ നവംബര്‍ 10നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മഹാരാഷ്ട്രയിലെ തലോജ ജയിലിലെ ജുഡീഷ്യൽ കസ്റ്റഡിക്ക് പകരം വീട്ടുതടങ്കലിലാക്കണമെന്ന് ആവശ്യപ്പെട്ട് നവ്‌ലാഖ കോടതിയെ സമീപിച്ചിരുന്നു.

ഇതോടൊപ്പം വിദേശത്ത് താമസിക്കുന്ന മകളുമായി ബന്ധപ്പെടാനുള്ള അനുമതി കൂടി ഗൗതം നവ്ലാഖയ്‌ക്കു നൽകണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ആവശ്യപ്പെട്ടിരുന്നു. എൻഐഎയുടെ ഫോണിൽ നിന്ന് പ്രതിദിനം ഒരു കോൾ ചെയ്യാൻ സുപ്രീംകോടതി മുൻപ് അനുമതി നല്‍കിയിരുന്നു. എന്നാല്‍, അന്താരാഷ്ട്ര കോളുകൾ ചെയ്യാൻ അനുവാദമില്ല. എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിക്കാൻ ആവശ്യപെട്ടിട്ടുണ്ട്. വിളിക്കാനുള്ള നമ്പർ ഉൾപ്പെടെ ആവശ്യമായ എല്ലാ വിവരങ്ങളും എൻഐഎക്ക് നൽകാമെന്ന് നവ്‌ലാഖയുടെ അഭിഭാഷക അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 17 ന് ഇക്കാര്യം വീണ്ടും പരിഗണിക്കും.

വിളിക്കാനുള്ള നമ്പർ ഉൾപ്പെടെ ആവശ്യമായ എല്ലാ വിവരങ്ങളും എൻഐഎക്ക് നൽകാമെന്ന് നവ്‌ലാഖയുടെ അഭിഭാഷക അറിയിച്ചിട്ടുണ്ട്

നവംബർ 10ലെ, വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന വിധിക്കെതിരെ എന്‍ഐഎ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. തടങ്കലിനായി തിരഞ്ഞെടുത്ത വീടിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നായിരുന്നു എന്‍ഐഎയുടെ വാദം. തുടര്‍ന്ന് മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി, വീട്ടു തടങ്കലിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഹർജി തള്ളിയ സുപ്രീംകോടതി 24 മണിക്കൂറിനകം അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു. സിപിഎമ്മിന്റെ മേൽനോട്ടത്തിൽ നവി മുംബൈയിൽ പ്രവർത്തിക്കുന്ന ലൈബ്രറി കെട്ടിടമാണ് നവ്‌ലാഖ വീട്ടുതടങ്കലിനായി തിരഞ്ഞെടുത്തിരുന്നത്.

2018 ആഗസ്റ്റ് മുതല്‍ ഗൗതം നവ്‌ലാഖ ജയിലിലാണ്. കവിയും ആക്ടിവിസ്റ്റുമായ പി വരവര റാവുവിന് ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് സുപ്രീംകോടതി ആഗസ്റ്റില്‍ ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു പ്രതി ആനന്ദ് തെല്‍തുംദെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നവ്‌ലാഖയ്ക്ക് എതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളില്‍ സുപ്രീംകോടതി നേരത്തേ സംശയം പ്രകടിപ്പിക്കുകയും 70കാരന് മേല്‍ യുഎപിഎ ചുമത്താന്‍ ഇതാണോ കാരണങ്ങളെന്ന് ചോദിച്ച് എന്‍ഐഎയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കർശനമായ ഉപാധികളോടെയാണ് കോടതി ഒരു മാസത്തേക്ക് വീട്ടുതടങ്കൽ അനുവദിച്ചിരുന്നത്. മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, മറ്റ് ആശയവിനിമയ ഉപകരണങ്ങൾ എന്നിവയൊന്നും ഉപയോഗിക്കരുതെന്നതുള്‍പ്പെടെയുള്ള നിബന്ധനകളോടെയായിരുന്നു ഇളവ്. ദിവസേന ഒരു തവണ പോലീസിന്റെ മേൽനോട്ടത്തിൽ 10 മിനിറ്റ് ഫോണിൽ ബന്ധപ്പെടാം. അഭിഭാഷകനെ ജയിൽ ചട്ടപ്രകാരം കാണാനുള്ള അനുമതിയുണ്ടെങ്കിലും സാക്ഷികളെ കാണാനോ ഏതെങ്കിലും വിധേന ബന്ധപ്പെടാനോ സാധിക്കില്ല.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?